ലണ്ടൻ: മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ കുറിച്ച് പലവിധ വാർത്തകളാണ് പുറത്ത് വരുന്നത്. ഓൺലൈൻ മാധ്യമ രംഗത്തെ മര്യാദയുടെ സീമകൾ എല്ലാം കടന്നുള്ള വാർത്താ ശൈലിയാണ് മറുനാടൻ മിക്കപ്പോഴും മുൻപോട്ട് വയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഈ കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് ഉള്ളിൽ തന്നെ നിരവധി കേസുകൾ മറുനാടൻ മലയാളിക്ക് എതിരെ ചുമത്തിയിരുന്നു. പ്രമുഖ വ്യവസായി എം എ യൂസഫലിയ്‌ക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ചതിനെതിരെ ലക്നൗ ഹൈക്കോടതി ഷാജനെതിരെ നിലപാട് എടുത്തിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്ന് മറുനാടൻ നിരവധി വാർത്തകൾ നീക്കം ചെയ്തിരുന്നു .

ലണ്ടൻ ഗാറ്റ് വിക്ക് എയർപോർട്ടിൽ വെച്ച് ഷാജനെ  ഒരാൾ കയ്യേറ്റം ചെയ്തതായിട്ടുള്ള വാർത്ത സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം നേടിയിരുന്നു. എന്നാൽ ഷാജൻ സ്‌കറിയ തന്റെ ഓൺലൈൻ പോർട്ടലിൽ കൂടി അവകാശപ്പെട്ടത് ഈ വിവാദത്തിൽ മറുഭാഗത്തുള്ള പ്രമുഖ യുകെ മലയാളിയും സിനിമാ നിർമ്മാതാവുമായ  രാജേഷ് കൃഷ്ണയെ ഷാജൻ കയ്യേറ്റം
ചെയ്‌തെന്നാണ് . ഇതിന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജേഷ് കൃഷ്ണ വിശദീകരണം നൽകിയിരിക്കുകയാണ് ഇപ്പോൾ.

എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. രാജേഷ് കൃഷ്ണ തന്നെ ഫേസ്‌ബുക്ക് വഴി ഇക്കാര്യം വിശദീകരിച്ചിരിക്കുകയാണ് . മര്യാദ എന്നൊന്ന് ഷാജൻ സ്‌കറിയ എന്നയാൾക്ക് ലവലേശം ഇല്ലെന്നും, മാധ്യമപ്രവർത്തനം എന്താണ് എന്നുപോലും അറിയാതെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും രാജേഷ് കൃഷ്ണ പറയുന്നു. പ്രവാസികളെയും, സമൂഹത്തിന്റെ വിവിധ തുറകളിൽ മനുഷ്യരെ നിരന്തരം അപമാനിക്കാനാണ് ഇയാൾ സമയം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പറയാനുള്ളത് തലയുയർത്തിതന്നെ പറഞ്ഞും ചെയ്യാനുള്ളത് വെളിച്ചത്ത് തന്നെ ചെയ്തുമാണ് നാളിതുവരെയുള്ള ശീലം.. എന്ന് തുടങ്ങിയ വിശദമായ പോസ്റ്റാണ് രാജേഷ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. അശ്ലീല മാധ്യമപ്രവർത്തനമാണ് മറുനാടൻ മുൻപോട്ട് വയ് ക്കുന്നതെന്ന് നാളിതുവരെയായി നിലനിൽക്കുന്ന പ്രധാന വിമർശനമാണ്. യൂസഫലിക്കെതിരെ വാർത്ത കൊടുത്തതിന്റെ പേരിൽ കടുത്ത തിരിച്ചടിയാണ് മറുനാടൻ മലയാളിക്ക് നേരിട്ടത്. ജിഷ വധകേസ് നടന്ന കാലത്ത് മുതൽ മറുനാടൻ തന്നെ വേട്ടയാടുന്നുണ്ടെന്നും രാജേഷ് കൃഷ്ണ കൂട്ടിചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

പറയാനുള്ളത് തലയുയർത്തിത്തന്നെ പറഞ്ഞും ചെയ്യാനുള്ളത് വെളിച്ചത്ത് തന്നെ ചെയ്തുമാണ് നാളിതുവരെയുള്ള ശീലം. അത് എന്നെ പരിചയമുള്ളവർക്ക് നന്നായറിയാം.

അദ്ദേഹത്തിനായി അദ്ദേഹത്തിന്റെ പ്രേരണയാലോ അദ്ദേഹത്തെ ഭയന്നോ മനസ്സില്ലാ മനസോടെ പോസ്റ്റിടുകയും എന്നെ ബന്ധപ്പെട്ട് നിസ്സഹായത വെളിപ്പെടുത്തുകയും ചെയ്ത സുഹൃത്തുക്കൾക്ക് നന്ദി. നിങ്ങളുടെ നിസ്സഹായത എനിക്കു മനസ്സിലാവും.എതിർത്തൊരു കമൻറിട്ടാൽ നിങ്ങളോടുള്ള അയാളുടെ സമീപനരീതിയും എനിക്കൂഹിക്കാം. കുടുംബാംഗങ്ങളെ വരെ വലിച്ചിട്ടിട്ടുള്ള സൈബർ ബുള്ളിയിങ്ങിൻ്റെ പരകോടി ഉറപ്പായും നിങ്ങൾക്ക് നേരിടാൻ പ്രയാസമായിരിക്കും. എനിക്ക് നിങ്ങളെ മനസ്സിലാവും. മനസ്സിലാക്കുന്നു.

ഒരേയൊരു കാര്യത്തിന് ഞാൻ എന്റെ സുഹൃത്തുക്കളോട്, ‘സുഹൃത്തുക്കളോട് മാത്രം’ നിരുപാധികം ക്ഷമ ചോദിക്കുന്നു. നിങ്ങളിതുവരെ എന്നിൽ നിന്നും കേട്ടിട്ടില്ലാത്ത ഞാനൊരിക്കലും ഉപയോഗിച്ചു ശീലമില്ലാത്ത ചില ഭാഷാ പ്രയോഗങ്ങളെ പ്രതി ഞാൻ ഖേദിക്കുന്നത് നിങ്ങളെയോർത്ത് മാത്രമാണ്.
നടന്ന സംഭവം പ്ലാൻ ചെയ്ത് സംഭവിച്ചതൊന്നുമല്ല. അതങ്ങനെ സംഭവിച്ചു പോയി. തെറിച്ചു വീഴുന്ന വാക്കാണല്ലോ തെറി.അന്നേരത്ത് പുറത്തു വീണ വാക്കുകൾ എന്നെയും എൻ്റെ കുടുംബത്തേയും സുഹൃത്തുക്കളേയും കുറിച്ച് ദീർഘകാലമായി വ്യാജവാർത്തകൾ പടച്ച് വിട്ട് ചോറുണ്ണുന്ന ഒരുത്തനെ കണ്ടപ്പോഴുള്ള അനിയന്ത്രിതമായ വികാരപ്രകടനത്തിൻ്റെ ഭാഗമായിരുന്നു. എന്റെ പ്രവർത്തിയുടെ കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ലെങ്കിലും ഭാഷ ശരിയായില്ല എന്നോർമ്മിപ്പിച്ച എല്ലാ സുഹൃത്തുക്കളോടും മാപ്പു പറയുന്നു.

2017 ൽ ഒരു പരിപാടിയുടെ വാർത്തയിടാൻ അതിന്റെ സംഘാടകരോട് പൈസ ചോദിച്ചത് ഞാൻ ചോദ്യം ചെയ്ത അന്നുമുതൽ തുടങ്ങിയതാണ് എന്നോടുള്ള അദ്ദേഹത്തിൻ്റെ അസഹിഷ്ണുത. ജിഷാ വധക്കേസിൽ ഇലക്ഷൻ വരെ CPM സ്ഥാനാർത്ഥിക്കെതിരെ നിരന്തരം കള്ളങ്ങൾ പ്രചരിപ്പിച്ച് വോട്ടെടുപ്പിന് ശേഷം ” ഇതുവരെ എഴുതിയതെല്ലാം കഥകളാണെന്ന് കരുതി മറന്നേക്കൂ” എന്ന് പറഞ്ഞതിനെ യുക്തിപൂർവ്വം ഖണ്ഡിച്ചപ്പോൾ അദ്ദേഹത്തിന്റെ വൈരം ഇരട്ടിച്ചു. അതിനു ശേഷം പലവട്ടം എന്നേയും പല സുഹൃത്തുക്കളെയും പറ്റി തോന്നുന്നതൊക്കെ പറഞ്ഞു കൂട്ടി.
ആർക്കെതിരെയും’ഫ്രോഡ് ‘ എന്ന വാക്ക് അദ്ദേഹം നിരന്തരം ഉപയോഗിക്കുന്നത് സ്വയം കണ്ണാടിയിൽ നോക്കിയാണോ എന്നെനിക്ക് സംശയമുണ്ട്.

അദ്ദേഹത്തിന് വ്യക്തിവിരോധമുള്ള രാഷ്ട്രീയക്കാരെയും ഒട്ടനവധി സ്ത്രീകളെ വരെ മാധ്യമസ്വാതന്ത്ര്യം എന്ന പേരിൽ നിരന്തരം അധിക്ഷേപിക്കുമ്പോൾ ഇതേ സ്വാതന്ത്ര്യമുള്ള മറ്റ് മാധ്യമങ്ങൾ എന്തുകൊണ്ട് അത് ഏറ്റുപിടിക്കുന്നില്ല എന്നത് പൊതുസമൂഹം മനസ്സിലാക്കണം. സ്വന്തം അനുചരവൃന്ദത്തിൽപ്പെട്ട ചിലരെപ്പറ്റിയുള്ള സത്യസന്ധമായ വാർത്തകൾ വരെ ഒഴിവാക്കാനും അവരെ വെള്ളപൂശാനും നിരന്തരം ശ്രമിക്കുന്ന ഒരു ചാനലിനെ പിന്തുണക്കുന്നവർ ആ ജീർണ്ണതയെ വളർത്തുന്നവരാണ്.

വാർത്തകൾ വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കി ആവണം എന്ന് ഒരു മുൻ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ഉത്തമബോധ്യമുണ്ട്.ഒരു സൈബറിടത്തിൽ ആളെക്കൂട്ടാനായി എന്ത് വൃത്തികേടും മറ്റുള്ളവരെപ്പറ്റി പറയുന്ന ഒരാളെ ‘ധീര’നായി പലരും വാഴ്ത്തുന്നതു കണ്ടു. ധീരതയെപ്പറ്റിയുള്ള എൻ്റെ സങ്കൽപ്പം വേറെയാണ്. എനിക്കീ ധീരത അന്യവുമാണ്.

എന്നെ തല്ലി എന്നവകാശപ്പെടുന്ന അദ്ദേഹം ശരീരം മുഴുവനും ക്യാമറയുമായി നടക്കുന്നതിനാൽ അദ്ദേഹത്തിന്റെ പക്കൽ തെളിവും ഉണ്ടാകുമല്ലോ.എനിക്കാണെങ്കിൽ അവകാശവാദങ്ങളേയില്ല. ഞാനും അതു തന്നെയാണ് പറയുന്നത്. അദ്ദേഹം മാറ്റിപ്പറയുമോ എന്നായിരുന്നു എൻ്റെ പേടി.

മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചല്ലല്ലോ അത്തരമൊരു സാഹചര്യത്തിൽ ഞങ്ങൾ കണ്ടു ‘ മുട്ടിയത് ‘. അപ്രതീക്ഷിതമായി അദ്ദേഹത്തെ കണ്ടപ്പോൾ ഒന്ന് ഹൃദയം തുടിച്ചു എന്നത് പരമാർത്ഥമാണ്. വിവേകത്താലല്ല, വികാരത്തള്ളിച്ചയാലാണ് ഞാനദ്ദേഹത്തിൻ്റെ സമീപത്തേക്ക് നയിക്കപ്പെട്ടത്. ബാക്കി കഥകൾ അദ്ദേഹം പറയട്ടെ. അതാണ് സത്യം. ഞാനിതൊന്നും കാര്യമാക്കുന്നതേയില്ല. സ്വന്തം പോസ്റ്റിലൂടെ തന്നെ എനിക്കെതിരെയുള്ള ദുഷ്ടബുദ്ധികളുടെ കുപ്രചരങ്ങൾക്ക് തടയിട്ട് കേസ് ഒഴിവാക്കിത്തന്ന അദ്ദേഹത്തോട് ഞാനെന്നും കടപ്പെട്ടിരിക്കും.

“അനന്യമായ ശൈലിയിൽ മാധ്യമ പ്രവർത്തനം നടത്തുന്ന ഏകാകിയായ ആ സൈനികനെ ‘ (🤣) ഞാൻ തല്ലിയത് ലൈംഗികദാരിദ്ര്യമുള്ളതുകൊണ്ടാണ് എന്ന അദ്ദേഹത്തിൻ്റെ സുഹൃത്തിൻ്റെ കണ്ടെത്തലിലാണ് ഞാൻ ചിരിച്ചു മറിഞ്ഞത്. അത്തരം ദാരിദ്ര്യം അയാളെപ്പോലെ ബാത്ത് റൂമിലിരുന്ന് തീർക്കേണ്ട ഗതികേട് എനിക്കില്ല എന്ന് സമയം കിട്ടിയാൽ ഒന്ന് പറഞ്ഞു കൊടുക്കണം. അങ്ങേയറ്റം ഫ്രസ്റ്റേറ്റഡായി അയാൾ സ്വന്തം തൊഴിലിടത്തിൽ കോസ്റ്റ്യൂം ഡിസൈനറോടു വരെ മോശമായി പെരുമാറുന്നത് ഏത് ‘ദാരിദ്ര്യ ‘ത്തിൻ്റെ പശ്ചാത്തലത്തിലാണെന്ന് അറിഞ്ഞാൽ കൊള്ളാം. അത്തരം ദാരിദ്ര്യത്തിനുള്ള മരുന്ന് കണ്ടെത്തിത്തരാൻ എനിക്ക് സാധിക്കുകയല്ല എന്ന് ആത്മമിത്രത്തോട് അദ്ദേഹം പറയുമായിരിക്കും.

പിന്നെ വീട്ടിലുള്ള സ്ത്രീകളെ അധിക്ഷേപിച്ചും തെറി വിളിച്ചും നിശ്ശബ്ദമാക്കാമെന്ന് അങ്ങയും അങ്ങയുടെ തന്നെ നൂറായിരം ഫേക്കുകളും സിൽബന്തികളും കരുതണ്ട. നിങ്ങൾക്ക് പരിചയമുള്ള സ്ത്രീകളുടെ കൂട്ടത്തിൽ അവരെ പെടുത്തണ്ട. ഭർത്താവിൻ്റെ ‘തണലിൽ ‘ജീവിക്കുന്ന സ്ത്രീയല്ല അവർ.ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്ത് സ്വന്തം കാലിൽ നിവർന്നു നിൽക്കുന്ന സ്ത്രീയാണ്. പാവാട അലക്കാൻ നിലവിൽ വീട്ടിൽ വാഷിംഗ് മെഷീനുണ്ട്. കേടായാൽ ഞാനലക്കിക്കോളാം. അങ്ങനെയൊക്കെ പരസ്പരസഹവർത്തിത്വത്തോടെ തന്നെയാണ് ഞങ്ങൾ ജീവിക്കുന്നത്. ജീവിത’പങ്കാളി’യാണ്. അടിമയല്ല.

അധിക്ഷേപിക്കാനായി അദ്ദേഹവും കൂട്ടരും ഉപയോഗിക്കുന്ന ‘പാവാടവിസ’യിലല്ല ഞാൻ വന്നതെന്നും രണ്ടു പതിറ്റാണ്ട് മുമ്പേ ഞാനാണ് ഇന്നാട്ടിൽ ആദ്യം വന്നതെന്നും പിന്നീടാണ് ജീവിതപങ്കാളി വന്നതെന്നും ഇപ്പോഴും ഞാൻ സ്വന്തം വിസയിലാണ് നിൽക്കുന്നതെന്നും സാക്ഷ്യപ്പെടുത്തുന്നത് പോലും അരാഷ്ട്രീയതയാണെന്ന് തിരിച്ചറിയാനുള്ള വിവേകം എനിക്കുണ്ട്.

ഒരു നാട്ടിലെ പ്രവാസികളെ മുഴുവൻ അധിക്ഷേപിച്ചു കൊണ്ടുള്ള അത്തരം പരാമർശങ്ങൾക്ക് പ്രവാസിസമൂഹം മറുപടി നൽകട്ടെ. അദ്ദേഹത്തിൻ്റെയും കൂട്ടാളികളുടേയും നിലവാരത്തിലേക്ക് താഴാൻ എനിക്ക് സാധിക്കാത്തതിനാൽ അക്കാര്യത്തിൽ ഞാൻ നിലവിൽ പ്രതികരിക്കുന്നില്ല. സ്വന്തം വിസ എങ്ങനെയുള്ളതാണെന്ന ചോദ്യവും ഞാനദ്ദേഹത്തോട് തിരിച്ച് ചോദിക്കില്ല.

നടന്ന സംഭവങ്ങൾക്ക് ഉത്തരവാദി ഞാൻ മാത്രമാണ്. ഇനിയും ഇല്ലാക്കഥകളുമായി അദ്ദേഹം വരുമെന്ന് എനിക്കുറപ്പുണ്ട്. സ്വന്തം അമേദ്യം വാരിത്തിന്ന് ജീവിക്കേണ്ട ഗതികേട് അദ്ദേഹത്തെപ്പോലെ എനിക്കു വരാതിരിക്കട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു. ഈ വിഷയം സംബന്ധിച്ച് എന്റെ ഏക പ്രതികരണമാണിത്.

NB: അദ്ദേഹത്തെപ്പോലെ കമന്റ് ബോക്സ് പൂട്ടി ഞാൻ ഓടുകയില്ല. അദ്ദേഹത്തിനും ഫേക്കുകൾക്കും അനുചരവൃന്ദത്തിനും പൂണ്ട് വിളയാടാം