നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ രാമലീലയ്ക്ക് തീയേറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ദിലീപ് അനുകൂലികളും മാത്രമാണ് ചിത്രം കാണാന്‍ തിയേറ്ററുകളില്‍ എത്തുന്നത്. ആദ്യദിനമായ ഇന്ന് ഭൂരിഭാഗം തിയേറ്ററുകളിലും കുടുംബ പ്രേക്ഷകര്‍ എത്തിയിട്ടില്ല. കൊച്ചിയിലെ തീയേറ്ററില്‍ അണിയറ പ്രവര്‍ത്തകരും ഫാന്‍സുകാരും മാത്രമാണ് എത്തിയത്. ഫാന്‍സ് അസോസിയേഷന്‍ റിലീസിംഗ് ആഘോഷമാക്കാന്‍ ശ്രമിച്ചെങ്കിലും വലിയ ഓളമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പാലഭിഷേകമടക്കമുള്ള ആഘോഷപരിപാടികള്‍ക്ക് ഫാന്‍സുകാരും പിആര്‍ ഏജന്‍സികളും നേതൃത്വം നല്‍കി. എന്നാല്‍ തീയറ്ററുകളില്‍ ചലനമുണ്ടാക്കാന്‍ ഇതിന് സാധിച്ചില്ലെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. നവാഗതനായ അരുണ്‍ ഗോപിയാണ് രാമലീല സംവിധാനം ചെയ്യുന്നത്. സച്ചിയുടേതാണ് തിരക്കഥ. കേരളത്തിലെ സമകാലിക രാഷ്ട്രീയരംഗത്തെ ചുറ്റിപ്പറ്റിയാണ് കഥ. ദിലീപിന്റെ കഥാപാത്രമായ രാമനുണ്ണി ഒരു അഭിഭാഷകനാണ്. തന്റെ വക്കീല്‍ ജീവിതം ഉപേക്ഷിച്ച് നിര്‍ബന്ധിതമായ ചില സാഹചര്യങ്ങളില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതാണ് കഥ. രാമലീലയിലൂടെ രാധിക ശരത് കുമാര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. പ്രയാഗ മാര്‍ട്ടിന്‍, രണ്‍ജി പണിക്കര്‍, സലിം കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങള്‍.