യുകെയിൽ എണ്ണവില കൈ പൊള്ളിക്കുമ്പോൾ സൗദിയും യുഎഇയും സന്ദർശിച്ച് ബോറിസ് ജോൺസൺ. റിയാദില്‍ സൗദി കിരീടവകാശിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടികാഴ്ച്ച നടത്തി. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ സ്വീകരിച്ചു. തുടര്‍ന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാര്‍ രാജകുമാരനുമായി ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ച്ച നടത്തി.

യുക്രൈന്‍ റഷ്യ സംഘര്‍ഷം, അറബ് മേഖലയിലെ സ്ഥിതിഗതികള്‍, മറ്റു അന്താരാഷ്ട്ര വിഷയങ്ങള്‍ എന്നിവ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. റഷ്യ യുക്രൈന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ എണ്ണ വിതരണം ഉറപ്പാക്കുന്നതിനും റഷ്യന് പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുടിന്‍റെ മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന ജോണ്‍സണ്‍ യു.എ.ഇ യില്‍ നിന്നാണ് സൗദിയിലെത്തിയത്.

ബുധനാഴ്ച ഉച്ചയോടെ യു.എ.ഇയിലെത്തിയ ജോൺസണെ യു.എ.ഇ പ്രസിഡന്‍റി‍െൻറ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷും മുതിര്‍ന്ന ഉേദ്യാഗസ്ഥരും അബുദബി വിമാനത്താവളത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് അബുദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീംകമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും മേഖലയിലെയും ആഗോളതലത്തിലെയും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. അബുദബി അല്‍ ഷാദി പാലസിലായിരുന്നു ചർച്ച.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂം ബിന്‍ സായിദ് ആല്‍ നഹ്യാനും ചർച്ചയില്‍ സംബന്ധിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, മേഖലയിലും ആഗോളതലത്തിലും സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ചർച്ച. യുെക്രയ്‌നിലെ പ്രതിസന്ധികളെ കുറിച്ച് ഇരുനേതാക്കളും വിശദ ചര്‍ച്ച നടത്തി. യുെക്രയ്‌നിലെ സിവിലിയന്‍മാര്‍ക്ക് മാനുഷിക പിന്തുണ നല്‍കുന്നത് സംബന്ധിച്ചും സംസാരിച്ചു. ആഗോള എണ്ണവിപണിയുടെ സ്ഥിരത സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. യുക്രൈയ്‌നില്‍ നടത്തുന്ന ആക്രമണങ്ങളുടെ പേരില്‍ യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയുടെ എണ്ണവിതരണം വിലക്കിയ സാഹചര്യത്തിലായിരുന്നു ഊര്‍ജ വിപണിയുടെ സ്ഥിരതയെക്കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നുവന്നത്.

യുകെയിലെ ഇന്ധന പ്രതിസന്ധി മറികടക്കാന്‍ സൗദിയുടെ സഹകരണം കൂടിയേ തീരു എന്ന ഘട്ടത്തിലാണ് ജോൺസൻ്റെവ് തിരക്കിട്ട സന്ദർശനം. രാജ്യത്ത് ഇന്ധന പ്രതിസന്ധി സകല പരിധിയും വിട്ടു കുതിയ്ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ വണ്ടി നിരത്തിലിറക്കുന്നതു കുറച്ചു. ചിലര്‍ വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മാറി. മറ്റു ചിലര്‍ ഇന്ധന മോഷണത്തിനും തുനിഞ്ഞു. പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കായ 1.65 പൗണ്ടിലേക്ക് ഉയര്‍ന്നതോടെ ജോലിക്കും, കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും ഡ്രൈവ് ചെയ്യുന്നത് താങ്ങാനാവാത്ത കാര്യമായി മാറിയെന്ന് ബ്രിട്ടനിലെ ജോലിക്കാര്‍ പറയുന്നു.

എനര്‍ജി പ്രതിസന്ധി ശക്തിയാര്‍ജ്ജിക്കുമ്പോള്‍ വാഹനങ്ങളില്‍ നിന്നും ഇന്ധന മോഷണവും വ്യാപകമാകുകയാണ്. ഇതോടെ കോവിഡ് നിയന്ത്രണ കാലത്തെ വര്‍ക്ക് ഫ്രം ഹോം പരിപാടി പലയിടത്തും ആരംഭിച്ചിട്ടുണ്ട്.എല്ലാവരോടും ഓഫീസുകളില്‍ മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടിട്ടും ചിലര്‍ അതിനു തയാറായിട്ടില്ല. ഇന്ധനവില വര്‍ദ്ധനവാണ് കാരണം.

ജീവിതസാഹചര്യം കഠിനമായതോടെ ഇന്ധന ഡ്യൂട്ടി വെട്ടിക്കുറയ്ക്കാന്‍ സമ്മര്‍ദം നേരിടുകയാണ് ചാന്‍സലര്‍ സുനാക്. യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് മണ്ഡലത്തിലെ ജനങ്ങള്‍ക്കെന്ന് എംപിമാര്‍ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങളെ രക്ഷിക്കാന്‍ ചാന്‍സലര്‍ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് ഉപയോഗിക്കണമെന്നാണ് റോഡ് ഹോളേജ് അസോസിയേഷനും, ആര്‍എസിയും, പെട്രോള്‍ റീട്ടെയിലേഴ്‌സ് അസോസിയേഷനും ആവശ്യപ്പെടുന്നത്.

ശരാശരി കാര്‍ ടാങ്ക് നിറയ്ക്കാന്‍ 90 പൗണ്ട് വരെ വേണ്ടിവരുന്ന അവസ്ഥയിലേക്കും സ്ഥിതി മാറി. ചില ഭാഗങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 2 പൗണ്ട് വരെ ഈടാക്കുകയാണ്. രക്ഷിതാക്കള്‍ ഹോം സ്‌കൂളിംഗ്പോലും ആലോചിക്കുന്നുവെന്ന് എംപിമാര്‍ പറയുന്നു.

അതിനിടെ കൂട്ട വധശിക്ഷ നടപ്പിലാക്കിയതിന് പിന്നാലെ എണ്ണക്കച്ചവടത്തിനായി സൗദി അറേബ്യ സന്ദര്‍ശിച്ച ജോണ്‍സനെതിരെ വിമര്‍ശനം ശക്തമാകുന്നു. ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമടക്കമുള്ളവരാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു 81 പേരുടെ വധശിക്ഷ സൗദി അറേബ്യ ഒറ്റയടിക്ക് നടപ്പിലാക്കിയത്.