പ്രളയം നമുക്ക് നഷ്ടങ്ങള്‍ അല്ലാതെ എന്താണ് നല്‍കിയത്.? ഉത്തരം ഉണ്ട്! പരസ്പര സ്‌നേഹത്തിന്റെ കാഴ്ച്ചകള്‍, കണ്ണ് നനയിച്ച നിമിഷങ്ങള്‍, ഊര്‍ജ്ജം നല്‍കിയ അനുഭവങ്ങള്‍, ഒരുമയില്‍ വിശ്വസിക്കുന്ന ഒരു ജനതയുടെ പ്രാര്‍ഥനകള്‍. മഹാ പ്രളയമെന്ന നരകയാതനക്കിടയിലും, മലയാളക്കര ഒരു ചെറു സ്വര്‍ഗം തന്നെ എന്നുള്ള തിരിച്ചറിവ്.! പലരും എഴുതിയ തള്ളിയ യുവ ജനങ്ങള്‍ കൈമെയ്യ് മറന്നാണ് രക്ഷ ദൗത്യത്തിന് മുന്‍കൈ എടുത്തത്. ഈ യുവാകള്‍ക്ക് അഭിവാദ്യവും അര്‍പ്പിച്ചും, പ്രളയത്തില്‍ സാന്ത്വനം ഏകിയ പട്ടാളത്തിനും, പോലീസിനും, മാധ്യമങ്ങള്‍ക്കും, മുക്കുവര്‍ക്കും, അങ്ങനെ എല്ലാവര്‍ക്കും നന്ദി പറഞ്ഞും, ഒരുക്കിയ ഗാനം ‘ഒന്നേന്ന് ഒരുമിച്ച് തുടങ്ങാം’ ശ്രദ്ധിക്കപ്പെടുന്നു.

നമ്മള്‍ അനുഭവിച്ച വേദനകളും, അനുഭവങ്ങളും ഓരോന്ന് എടുത്തു പറയുകയാണ് വരികളിലൂടെ.
പ്രളയ ദുഃഖത്തില്‍ മനം നൊന്തു കഴിയുന്നവര്‍ക്ക്, സാന്ത്വനവും പ്രചോദനവും നല്‍കുന്ന തരത്തിലാണ് ഗാനത്തിന്റെ നിര്‍മിതി. മലയാളം റാപ്പ് ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഫെജോ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, തങ്ങള്‍ക്കു കഴിയുന്ന വിധത്തിലുള്ള സംഭാവനകള്‍ നല്‍കാന്‍ യുവാക്കളെ പ്രേരിപ്പിക്കുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഫെജോ വ്യക്തമാക്കി.

നമ്മെ സങ്കടകടലില്‍ നിന്ന് രക്ഷിച്ച നല്ല മനസ്സുകളെ കുറിച്ച്, ഒരു തടസ്സങ്ങളുടെയും വേര്‍തിരിവില്ലാതെ തുണ നല്‍കിയവരെ കുറിച്ച്, കണ്ണീര്‍ തുടക്കാന്‍ പരിശ്രമിച്ചവരെ കുറിച്ച്, ആര്‍ക്കും ഉപകാരം ഇല്ല എന്നു സമൂഹം വിധി എഴുതിയ, എന്നാല്‍ ആ ചിന്ത പാടെ തിരുത്തിയ നമ്മള്‍ യുവാക്കളെ കുറിച്ച്, കേരളത്തെ തകര്‍ത്ത് എറിയാന്‍ എത്തിയ ജലപ്രളയത്തിനും തകര്‍ക്കാന്‍ ആവാത്ത മലയാളിയുടെ മനസ്സിനെയും ആത്മ സമര്‍പ്പണത്തെയും കുറിച്ച്. ഇത് അതിജീവനത്തിന്റെ കഥ!

ഒന്നേന്ന് ഒരുമിച്ച് തുടങ്ങാം ഗാനം കേള്‍ക്കാം