ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുക്കുന്ന സൂപ്പർതാരം മോഹൻലാലിന്റേയും ഭാര്യ സുചിത്രയുടേയും ചിത്രം സോഷ്യൽമീഡിയയിൽ വൈറലാണ്. ഇതിനിടെ മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച വിവാഹചടങ്ങിലെ ചിത്രത്തിന് നേരം വലിയ വിമർശനം ഉയരുകയാണ്.

മാസ്‌ക് ധരിക്കാതെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് വിവാഹം എന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതലായും ചിത്രത്തിന് താഴെ ഉയർന്ന് വരുന്നത്. ‘സംഭവം രവി പിള്ള ആയാലും മോഹൻലാൽ ആയാലും കോവിഡ് പ്രോട്ടോക്കാൾ എല്ലാവർക്കും ബാധകമാണ്. ഈ കാലത്ത് പ്രവർത്തികളും മാതൃകാപരമാകണം’ എന്നാണ് ഒരു കമന്റ്.

‘എല്ലാം നന്നായിട്ടുണ്ട്. നിങ്ങളെപ്പോലെ ഒരാൾ കോവിഡ് പ്രോട്ടോക്കാൾ പാലിക്കാതെ നിൽക്കുന്നത് കാണുമ്പോൾ ഒരു ആരാധകനെന്ന നിലയിൽ ശരിക്കും നിരാശ തോന്നുന്നു. സെലിബ്രിറ്റിറ്റികൾക്കും മുതലാളികൾക്കും നിയമം ബാധകമല്ലെന്ന് വീണ്ടും ഓർമപ്പെടുത്തുന്നു’ എന്നതാണ് മറ്റൊരു കമന്റ്.

രവി പിള്ളയുടെ മകൻ ഗണേഷിന്റേയും അഞ്ജനയുടേയും വിവാഹത്തിന് ആശംസകൾ നേരാൻ മോഹൻലാലും ഭാര്യ സുചിത്രയും നേരിട്ടെത്തുകയായിരുന്നു. ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. മോഹൻലാൽ അതിരാവിലെ തന്നെ എത്തി ക്ഷേത്ര ദർശനം നടത്തിയിരുന്നു.

വിവാഹത്തിന് ഗുരുവായൂര്‍ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നല്‍കിയതെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

കോവിഡ് വ്യാപനം നിലനില്‍ക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം അലകാര പണികള്‍ക്ക് ദേവസ്വം അനുമതി നല്‍കിയതെന്നാണ് കോടതിയുടെ ചോദ്യം. മാത്രമസല്ല, ക്ഷേത്രത്തില്‍ ഒരു വിവാഹ സംഘത്തിനൊപ്പം 12 പേര്‍ക്കാണ് അനുമതി.കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണോ വിവാഹങ്ങള്‍ നടക്കുന്നതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ കൂറ്റന്‍ കട്ടൗട്ടുകളും ബോര്‍ഡുകളും ചെടികളും വെച്ച് അലങ്കരിച്ചതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്.

നടപ്പന്തലിലെ കട്ടൗട്ടുകളും ബോര്‍ഡുകളും കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നേരത്തെ തന്നെ നീക്കിയിരുന്നു. എന്നാല്‍ മറ്റ് അലങ്കാരങ്ങള്‍ മാറ്റിയിട്ടില്ല. ഇക്കാര്യത്തില്‍ തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി പറഞ്ഞു.

നടപ്പന്തലിലെ വിവാഹങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണോ നടക്കുന്നതെന്നും കോടതി ചോദിച്ചു. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് ദേവസ്വമാണെന്നും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ പൂക്കള്‍ കൊണ്ടുള്ള അലങ്കാരത്തിന് മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. ഇവന്റ് മാനേജ്‌മെന്റ് കമ്പനി തങ്ങളുടെ അറിവില്ലാതെയാണ് ബോര്‍ഡുകളും മറ്റും വെച്ചതെന്നും ദേവസ്വം ചെയര്‍മാന്‍ വ്യക്തമാക്കി.