അധോലോക കുറ്റവാളി രവി പൂജാരി പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ വിളിച്ചിരുന്നതായി സ്ഥിരീകരിച്ച് ഇന്റലിജന്‍സ്. വിളിച്ചതിന്റെ തെളിവ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തി.അതേസമയം സംസാരത്തിനിടയ്ക്ക് ഫ്രാങ്കോയെ രക്ഷിക്കാനിറങ്ങാന്‍ തനിക്ക് എന്ത് കാര്യം എന്ന് മലയാളത്തില്‍ ചോദിച്ചതായും പി.സി.ജോര്‍ജ് പറയുന്നു.

ബിഷപ് ഫ്രാങ്കോക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ വിഷയത്തില്‍ ഇടപെട്ട് പൂജാരി തന്നെ വിളിച്ചതായി പിസി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് വന്‍ ആക്ഷേപത്തിന് വഴിവച്ചിരുന്നു.

പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ താന്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് അധോലോക കുറ്റവാളി രവി പൂജാരി വിളിച്ചെന്നായിരുന്നു പിസി ജോര്‍ജ് വെളിപ്പെടുത്തല്‍. ഭീഷണി വേണ്ടെന്നും ധൈര്യമുണ്ടെങ്കില്‍ കേരളത്തിലേക്ക് വരാന്‍ താന്‍ വെല്ലുവിളിച്ചെന്നും പിസി പറഞ്ഞിരുന്നു. എന്നാല്‍ ഇത് ആരും വിശ്വാസിച്ചില്ല.

എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അറസ്റ്റിന് ശേഷം ഇന്റലിജന്‍സ് ഏജന്‍സികള്‍ ശേഖരിച്ച പൂജാരിയുടെ ഫോണ്‍കോള്‍ രേഖകള്‍ പ്രകാരം സംഗതി സത്യമാണ്. ഇക്കഴിഞ്ഞ ജനുവരി 11,12 തീയതികളിലായാണ് പിസി ജോര്‍ജിന്റെ 9447043027 എന്ന നമ്പറിലേക്ക് പൂജാരി വിളിക്കുന്നത്. രണ്ടു ദിവസങ്ങളിലായി ആകെ ആറു കോളുകള്‍. രണ്ടെണ്ണം മാത്രമാണ് ഒരു മിനിറ്റിലധികം ഉള്ള വിളികള്‍. ബാക്കിയെല്ലാം പത്ത് സെക്കന്‍ഡില്‍ താഴെ മാത്രം.

പൂജാരിയുടെ ഇടപാടില്‍ വെടിവയ്പ് നടന്ന കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിന്റെ ഉടമ ലീനാ മരിയ പോളിനെയും മറ്റ് പല വ്യവസായികളെയും വിളിച്ച അതേ സെനഗല്‍ നമ്പറുകളില്‍ നിന്നാണ് പിസി ജോര്‍ജിനെയും ബന്ധപ്പെട്ടിട്ടുള്ളത്.