നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയരായ വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. കൊല്ലം എസ് എൻ കോളേജിൽ സെപ്റ്റംബർ നാലിനാണ് പരീക്ഷ നടക്കുക. കൊല്ലം ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നടന്ന പരീക്ഷയിൽ പരാതി ഉന്നയിച്ച വിദ്യാർഥികൾക്കാണ് പരീക്ഷയെഴുതുവാനുളള അവസരം. വീണ്ടും പരീക്ഷയെഴുതാൻ താൽപര്യമുള്ള വിദ്യാർഥികൾ മാത്രം എഴുതിയാൽ മതിയെന്നും ദേശീയ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

ദേശീയ ടെസ്റ്റിങ് ഏജൻസിയുടെ പരീക്ഷ അറിയിപ്പ് കിട്ടിയതായും ഹാൾ ടിക്കറ്റ് ലഭിച്ചു തുടങ്ങിയതായും കുട്ടികളുടെ രക്ഷിതാക്കൾ മാധ്യമങ്ങളെ അറിയിച്ചു. അപമാനിക്കപ്പെട്ട സാഹചര്യത്തിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ദേശീയ ടെസ്റ്റിങ് ഏജൻസി വീഴ്ച സംഭവിച്ചില്ലെന്നാണ് വിശദീകരിച്ചത്. ഇതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള എം പിമാർ വിഷയം പാർലമെന്റിൽ ഉന്നയിച്ചതിനെ തുടർന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ കൊല്ലത്തെ പരീക്ഷാ സെന്ററിലെത്തുകയും പരാതിപ്പെട്ട വിദ്യാർഥിനികളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വീണ്ടും പരീക്ഷ നടത്താൻ അവസരം നൽകണമെന്ന് കമ്മീഷനോട് വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ ഏഴ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്ന ഐസക് രാജു, ഒബ്‌സർവർ ഡോ. ഷംനാദ്, കരാർ ജീവനക്കാരായ മൂന്ന് പേർ, രണ്ട് കോളേജ് ജീവനക്കാർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കുട്ടികളുടെ അടിവസ്ത്രത്തിൽ ലോഹഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് നിർദേശിക്കുകയായിരുന്നു. രാജ്യത്ത് ആറ് കോളജുകളിലാണ് ഇത്തരത്തിൽ പരാതി ഉയർന്നത്.