എഴുതിവച്ച തിരക്കഥ പോലെ വീണ്ടുമൊരു മഡ്രിഡ് ഡാർബി. സാഹചര്യവും സന്ദർഭവും മാറി. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ റയൽ മഡ്രിഡും അത്‌ലറ്റിക്കോ മഡ്രിഡും ഇത്തവണ സെമിഫൈനലിൽ തന്നെ കണ്ടുമുട്ടി. പക്ഷേ, കഥാനായകനു മാത്രം മാറ്റമില്ല. 2014, 2016 ഫൈനലുകളിൽ അത്‌ലറ്റിക്കോയുടെ പെട്ടിയിൽ അവസാന ആണിയടിച്ച ക്രിസ്റ്റ്യാനോ ഇത്തവണ അതിലും കേമമാക്കി. അത്‌ലറ്റിക്കോയെ വലിച്ചൊട്ടിച്ച റൊണാൾഡോയുടെ മൂന്നു ഗോളുകളിൽ സെമിഫൈനൽ ആദ്യപാദത്തിൽ റയൽ മഡ്രിഡിനു 3–0 ജയം. ആവേശകരമായ ആ കളിയുടെ നിമിഷങ്ങൾ…

അത്‌ലറ്റിക്കോ ഗോൾകീപ്പർ യാൻ ഒബ്ലാക്കിനു പിടിപ്പതു പണിയായിരിക്കും എന്നുറപ്പ്! വലതുവിങ്ങിൽനിന്നു പന്തുമായി ബോക്സിലേക്കു കയറിയ റയലിന്റെ ഡാനി കർവജാൽ അത് ഇസ്കോയ്ക്കു നൽകുന്നു. ഇസ്കോ നൊടിയിടയിൽ തിരിച്ചും. കർവജാലിന്റെ ഷോട്ട് ഒബ്ലാക്ക് തട്ടിയിട്ടു. പിന്നാലെ ബെൻസേമയുടെ തുടർശ്രമം ഒബ്ലാക്കിന്റെ കയ്യിൽതട്ടി പുറത്തേക്ക്.

റൊണാൾഡോ, റയൽ! സെർജിയോ റാമോസിന്റെ ക്രോസ് അത്‌ലറ്റിക്കോ താരങ്ങൾ ക്ലിയർ ചെയ്തു. അതു പക്ഷേ വന്നുവീണതു വലതുഭാഗത്തു മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്ന കാസിമിറോയുടെ കാൽക്കൽ. ബ്രസീൽ താരം ലക്ഷ്യംവച്ചത് ഗോൾ പോസ്റ്റാണ്. പക്ഷേ, പന്തു പൊങ്ങിയതു വീണ്ടും ഗോൾമുഖത്ത്. ആൾക്കൂട്ടത്തിൽ ഉയരെ റൊണാൾഡോ. പന്തു വലയിൽ.

കളിയൊഴുക്കിന് എതിരായി അത്‌ലറ്റിക്കോ മഡ്രിഡിനു സുവർണാവസരം. റയലിന്റെ പ്രതിരോധം പിളർത്തിയ സുന്ദരൻ പാസ്. ഗമെയ്റോ അത് ഓടിപ്പിടിച്ചെടുത്തു. നവാസ് ഓടിയെത്തി നിലത്തു വീണെങ്കിലും പന്ത് അപ്പുറം പോയെന്നു തോന്നി. ഇല്ല! നവാസിന്റെ കയ്യിൽ തട്ടി പന്തിന്റെ ഗതിമാറി. ഗമെയ്റോ വീണുപോയി.

മിഡ്ഫീൽഡിൽ കാട്ടുകുതിരയെപ്പോലെ പാഞ്ഞുനടക്കുന്ന റയലിന്റെ ലൂക മോഡ്രിച്ച്. ഗോൾമുഖത്തേക്കുയർന്ന പന്ത് ഒബ്ലാക്ക് മുന്നോട്ടു ഡൈവ് ചെയ്ത് കുത്തിയകറ്റി. ബോക്സും കടന്നെത്തിയതു മോഡ്രിച്ചിനു മുന്നിൽ. ഒന്നു വെട്ടിയൊഴിഞ്ഞു ക്രൊയേഷ്യൻ താരം പായിച്ച നിലംപറ്റെയുള്ള ഷോട്ട് വലതു പോസ്റ്റിന് ഒരു ചാൺ അകലെയായി പുറത്തേക്ക്.

എൽ ക്ലാസിക്കോയിൽ ലയണൽ മെസ്സിയെ പരുക്കനായി പ്രതിരോധിച്ച കാസിമിറോ ഗോഡിനുമായുള്ള പോരിനൊടുവിൽ നിലത്തുവീഴുന്നു. മുഖത്തു കൈമുട്ടുകൊണ്ടു കിട്ടിയ ഇടി കടുപ്പമായിരുന്നു. അന്നു മെസ്സിയെപ്പോലെ ഇന്നു കാസിമിറോയുടെ വായിൽനിന്നും ചോരയൊഴുകുന്നു. റഫറി മാർക്ക് അറ്റ്കിൻസൺ കളി അൽപസമയം നിർത്തിവയ്ക്കുന്നു.

ഇസ്കോ, ഡിസ്കോ… ഗാലറിയുടെ ആരവങ്ങൾക്കിടെ ഇസ്കോ പന്തുമായി മുന്നോട്ട്. ഗാബിയെ അനായാസം ഡ്രിബിൾ ചെയ്യുന്നു. പാസ് മുൻകൂട്ടിക്കണ്ടു ബെൻസേമ സമാന്തരമായി ഓടിക്കയറുന്നു. പക്ഷേ, ഇസ്കോയ്ക്ക് പന്തു കൈമാറാനായില്ല. ചിപ് ചെയ്ത പന്ത് നേരെ ഒബ്ലാക്കിന്റെ കയ്യിൽ.

ക്ലാസ് റൊണാൾഡോ! ഇത്തവണ ബെൻസേമ പ്രായശ്ചിത്തം ചെയ്തെന്നു പറയാം. ബോക്സിനു തൊട്ടു പുറത്തു പന്ത് റൊണാൾഡോയ്ക്കു നൽകി. ഫിലിപ്പെ ലൂയിസിന്റെ കാലിൽ തട്ടി പന്തൊന്ന് ഉയർന്നു പൊങ്ങി. വില്ലുപോലെ തല പിന്നോട്ടു വലിച്ച്, പന്തിനെ പാകത്തിലാക്കി റൊണാൾഡോയുടെ വെടിച്ചില്ലു പോലുള്ള ഷോട്ട്. അപാരമായ നിയന്ത്രണം!

റൊണാൾഡോ കളി തീർത്തു. പക്ഷേ, ആ ഗോളിനുള്ള മാർക്ക് ലൂക്കാസ് വാസ്ക്വെസിന്. റൊണാൾഡോ തുടക്കമിട്ട മുന്നേറ്റത്തിനൊടുവിൽ പന്തുകിട്ടിയ വാസ്ക്വെസ് ഗോഡിനെ മറികടന്നു. വരയ്ക്കപ്പുറം പോകുന്ന പന്തിനെ നിരങ്ങിവീണു കോരിയെടുത്തു. കൃത്യം ഗോൾമുഖത്തിനു മധ്യത്തിൽ റൊണാൾഡോയ്ക്ക്. കൂൾ ഫിനിഷ്. അത്‌ലറ്റിക്കോ ക്ലോസ്!