ലിങ്കണ്‍ഷയര്‍: ഗുരുതരമായ സ്റ്റാഫിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ രീതി അവലംബിച്ച് എന്‍എച്ച്എസ്. അഭയാര്‍ത്ഥികളായ ഡോക്ടര്‍മാര്‍ക്കും നിയമനം നല്‍കാനാണ് തീരുമാനം. ലിങ്കണ്‍ഷയര്‍ റെഫ്യൂജി ഡോക്ടര്‍ പ്രോജക്ട് എന്ന പേരില്‍ ലിങ്കണ്‍ഷയറില്‍ ഡോക്ടര്‍മാരെ നിയമിക്കും. ഇതിലൂടെ യുകെയില്‍ ജോലി ചെയ്യുന്നതിന് ആവശ്യമായ പ്രവൃത്തിപരിചയം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കും ഈ പദ്ധതിയനുസരിച്ച് ഭാഷാ പരിശീലനവും മറ്റും നല്‍കും.

ആദ്യ ഘട്ടമായി 10 ഡോക്ടര്‍മാര്‍ക്ക് ഈ വിധത്തില്‍ പരിശീലനം നല്‍കാനാണ് നീക്കമെന്ന് എന്‍എച്ച്എസ് അറിയിച്ചു. മിഡില്‍സ്ബറോയിലും ലണ്ടനിലും സമാനമായ പദ്ധതികള്‍ നേരത്തേ തുടങ്ങിയിരുന്നെങ്കിലും ദേശവ്യാപകമായി ഈ പദ്ധതി ആരംഭിച്ചിരുന്നില്ല. എന്നാല്‍ ഈ പദ്ധതിക്കും ഫണ്ടിംഗ് പ്രശ്‌നമാണെന്ന് വാര്‍ത്തകളുണ്ട്. ബ്രിട്ടീഷ് ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്നതിലും ചെലവ് കുറവാണ് ഇവരെ പരിശീലിപ്പിക്കാനെങ്കിലും സാമ്പത്തിക പ്രതിസന്ധി ഇതിനെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബ്രിട്ടീഷ് ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്നതിന്റെ പത്തിലൊന്ന് പണവും പകുതി സമയവും മതി അഭയാര്‍ത്ഥികളായെത്തിയ ഡോക്ടര്‍മാരെ പരിശീലിപ്പിക്കാന്‍. മൂന്ന് മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ ഇവരുടെ പരിശീലനം പൂര്‍ത്തിയാകും. പ്രാക്ടീസ് തുടങ്ങണമെങ്കില്‍ ക്ലിനിക്കല്‍, ഭാഷാ പരീക്ഷകള്‍ പാസാകുകയും പിന്നീട് ജനറല്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.