സ്വന്തം ലേഖകൻ

കൊറോണ എന്ന മഹാമാരി, കുടുംബങ്ങളിൽ വ്യക്തികളെ അകറ്റി നിർത്തുന്നു, വീടുകൾക്കുള്ളിൽ ഒതുക്കുന്നു, ഒരുപക്ഷേ എന്നെന്നേക്കുമായി ലോക ജനതയുടെ ജീവിതം തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ തങ്ങളുടെ ദുരിത സമയത്ത് കൈത്താങ്ങായ രാജ്യത്തിനും ജനതയ്ക്കും തങ്ങളാലാവുന്ന സേവനം ചെയ്യുകയാണ് ഈ അഭയാർത്ഥികൾ. കൊറോണ മൂലം ബുദ്ധിമുട്ടുന്ന അനേകർക്കാണ് നൂറുകണക്കിന് ഫേസ് മാസ്ക്കിന്റെയും ഭക്ഷണ പൊതികളുടെയും രൂപത്തിൽ അവർ സഹായം എത്തിച്ചത്.

മാജിദ ഖ് വറി, മനുഷ്യാവകാശ പ്രവർത്തകയും കാറ്ററിംഗ് കമ്പനി ഉടമയുമായ മാജിദ സിറിയയിൽനിന്ന് ഏറെ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും ശേഷം പലായനം ചെയ്ത വ്യക്തിയാണ്, 2013ൽ പ്രസിഡന്റ് ബഷർ അൽ അസദ്ന്റെ സമയത്ത് കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ നടന്ന അതിക്രമത്തിന് ഇരയായിരുന്നു അവർ. മൃഗങ്ങൾക്ക് പോലും ജീവിക്കാൻ അനുയോജ്യമല്ലാതിരുന്ന ഇടത്ത് നാലു മാസത്തോളം ഒരു മീറ്റർ നീളമുള്ള ഇടുങ്ങിയ ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. ദിവസത്തിൽ ഒറ്റ ഉരുളകിഴങ്ങും തക്കാളിയും മാത്രം ഭക്ഷിച്ച് ജീവൻ നിലനിർത്തിയിരുന്ന അവർ, സഹതടവുകാർ മരിച്ചുമരവിച്ചു കിടക്കുന്നത് 24 മണിക്കൂറിൽ ഒരിക്കൽ മാത്രം ബാത്റൂമിലേക്ക് നടക്കുമ്പോൾ അവർ കാണാറുണ്ടായിരുന്നു. ഒടുവിൽ 47 കാരിയായ മാജിദ ഭർത്താവിനെയും രണ്ടു കുട്ടികളെയും സിറിയയിൽ വിട്ട് ഓടി പോരാൻ നിർബന്ധിതയായി. ഇപ്പോൾ വെസ്റ്റ് ലണ്ടനിൽ സിറിയൻ സൺഫ്ലവർ കാറ്ററിംഗ് ബിസിനസ് നടത്തുന്ന അവർ, ആഹാരം ലഭിക്കാൻ ബുദ്ധിമുട്ടുള്ള കുടുംബങ്ങൾക്ക് നാനൂറോളം ഭക്ഷണപ്പൊതികൾ ആണ് സ്വയം ഉണ്ടാക്കി ബൈക്കിൽ യാത്ര ചെയ്തു എത്തിച്ചു കൊടുത്തത്. രോഗം ബാധിച്ചു രണ്ടുമാസം വിശ്രമത്തിലായിരുന്നു എങ്കിലും തിരികെ എത്തിയ ഉടൻ തന്നെ വോളണ്ടിയർ ആയി പ്രവർത്തനം തുടങ്ങി. ആപത്ഘട്ടങ്ങളിൽ തന്നെ സഹായിച്ചവരെ തിരിച്ച് സഹായിക്കേണ്ട കടമ തനിക്ക് ഉണ്ടെന്നാണ് ഇതിനെപ്പറ്റി ഇവർ പറയുക. നോമ്പുകാലത്ത് സിറിയയുടെ വർണാഭമായ ഭക്ഷണം ആവശ്യക്കാർക്ക് സൗജന്യമായി എത്തിച്ചു കൊടുത്തിരുന്നു.

മാസിൻ സൽമോവ്, വോർസെസ്റ്റർഷെയറിലെ ബ്രോംസ്ഗ്രോവിൽ താമസം തുടങ്ങിയിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ, എങ്കിലും ചുറ്റുമുള്ളവർക്ക് വളരെ വേണ്ടപ്പെട്ട ഒരു വ്യക്തിയാണ് അദ്ദേഹം. സിറിയയിലെ ദമാസ്കസിൽ നിന്ന് എത്തിയ 40കാരൻ ലോക്ക്ഡൗൺ സമയത്ത് ബുദ്ധിമുട്ട് നേരിടുന്നവർക്ക് ആവശ്യ വസ്തുക്കൾ എത്തിച്ചു കൊടുക്കാൻ ഉള്ള സന്നദ്ധ പ്രവർത്തകനായി മുന്നിട്ടിറങ്ങുകയായിരുന്നു. ഇതുവരെ മുന്നൂറോളം കുടുംബങ്ങൾക്ക് സഹായം എത്തിച്ചു കൊടുത്തിട്ടുണ്ട്. ഫാർമസികളിൽ നിന്ന് ആവശ്യമായ ജീവൻരക്ഷാ മരുന്നുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയാണ് മാസ് വീട്ടുപടിക്കൽ എത്തിച്ചുകൊടുക്കുന്നത്. അതോടൊപ്പം ലോക്ക്ഡൗൺ കാലത്ത് മാനസികമായി ബുദ്ധിമുട്ട് നേരിടുന്ന പ്രദേശവാസികൾക്ക് ലിസ്റ്റണിങ് സഹായം നൽകുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം മരണപ്പെട്ടുപോയ അച്ഛനിൽ നിന്നാണ് സഹജീവികളെ സ്നേഹിക്കാനും സഹായിക്കാനുമുള്ള മനസ്സ് ലഭിച്ചത്. യു കെ യിലാണ് തനിക്ക് ജീവിക്കാൻ സുരക്ഷിതമായ സാഹചര്യം ലഭിച്ചതെന്നും തന്നെ സ്നേഹിച്ചവരെ താൻ തിരിച്ച് സേവിക്കാൻ ബാധ്യസ്ഥനാണെന്നും മാസ് പറയുന്നു. റെഫ്യൂജി ആക്ഷന്റെ സഹായത്തോടെ അദ്ദേഹം ലണ്ടനിൽനിന്ന് ജേർണലിസം കോഴ്സ് പൂർത്തിയാക്കുകയും, ദേശീയ മാധ്യമങ്ങളിൽ എഴുതുകയും ചെയ്തിട്ടുണ്ട്.

ചിനെസെ, നാനാ നോക്കി എന്ന നൈജീരിയൻ കാറ്ററിംഗ് കമ്പനി ഉടമയാണ്. ലോക്ക്ഡൗൺ കാലത്ത് ഇരുന്നൂറോളം സൗജന്യ ഭക്ഷണപ്പൊതികൾ ആണ് ഇവർ ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തത്. മുൻ ലോയറും മൂന്നു കുട്ടികളുടെ അമ്മയുമായ ചിനെസെ ലണ്ടനിലെ ചിലയിടങ്ങളിലെ കുട്ടികൾ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നു എന്ന് അറിഞ്ഞപ്പോഴാണ് മാതൃസഹജമായ സ്നേഹവും വാത്സല്യവും ചേർത്ത ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ തുടങ്ങിയത്. കിഴക്കൻ നൈജീരിയയിൽ നിന്ന് 2008ൽ കുട്ടികൾക്കൊപ്പം ഓടി പോന്നതാണ് ചിനെസെ. ജോലിയും, വീടും, കാറും ബിസിനസും എല്ലാം ഉപേക്ഷിച്ചു വന്നചിനെസെക്ക് ജീവിതം എളുപ്പമുള്ളതായിരുന്നില്ല. നിറത്തിന്റെ പേരിൽ ബുദ്ധിമുട്ട് അനുഭവിച്ചതും, സംശയ ദൃഷ്ടിയോടെ നോക്കപെട്ടതും അവർ മറക്കുന്നില്ലെങ്കിലും വേദനയിൽ കരുതലായ് നിന്ന് രാജ്യത്തിനും ജനതയ്ക്കും തന്റെ രാജ്യത്തെ വിശിഷ്ടഭോജ്യങ്ങൾ സ്നേഹത്തിൽ പൊതിഞ്ഞു വിതരണം ചെയ്യുന്നുണ്ട് ചിനെസെ.

23കാരിയായ മരിയ ഇഗ്വേബുക് ഫേസ് മാസ്കുകൾ നിർമിച്ചുനൽകിയാണ് മാതൃകയാവുന്നത്. ചുറ്റുമുള്ളവർ രോഗക്കിടക്കയിൽ ബുദ്ധിമുട്ടുമ്പോൾ വെറുതെ ഇരിക്കാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല ഈ യുവ സംരംഭയ്ക്ക്. ഓൺലൈനായി മാസ്ക്കുകൾ വിൽക്കുകയും ആ തുകയിൽ നിന്ന് നല്ലൊരു പങ്ക് ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയുമാണ്, പന്ത്രണ്ടാം വയസ്സിൽ യുകെയിലെത്തിയ ഈ നൈജീരിയക്കാരി.