ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പാർട്ടിഗേറ്റ് വിവാദത്തിൽ പെട്ട ബോറിസ് ജോൺസണെ ഡൗണിംഗ് സ്ട്രീറ്റിൽ നിന്ന് നീക്കം ചെയ്യുന്നത് രാജ്യത്ത് അസ്ഥിരതയ്ക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്ന് കൺസർവേറ്റീവ് പാർട്ടി ചെയർമാൻ ഒലിവർ ഡൗഡൻ. ജോൺസൻ രാജി വെച്ച് ഒഴിയണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇത്തവണ പ്രധാനമന്ത്രിയെ ന്യായീകരിച്ചുകൊണ്ടാണ് പാർട്ടി ചെയർമാൻ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ പ്രധാനമന്ത്രിയെ മാറ്റുന്നത് ദേശീയ താൽപ്പര്യത്തിന് നിരക്കുന്നതല്ലെന്ന് ഒലിവർ ഡൗഡൻ വിശദമാക്കി. 2020 ജൂണിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനം ആഘോഷിച്ചതിന് ബോറിസ് ജോൺസനും ധനമന്ത്രി ഋഷി സുനാക്കിനും എതിരേ പോലീസ് ചുമത്തിയ പിഴ ഇരുവരും അടച്ചിരുന്നു.

അതേസമയം, ലോക്ക്ഡൗൺ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പാർട്ടികളെ കുറിച്ച് കോമൺസ് അന്വേഷണത്തിന് അനുമതി ലഭിച്ചു. പ്രിവിലേജ് കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്ന് പറഞ്ഞ ബോറിസ് ജോണ്‍സൺ ജനപ്രതിനിധി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നോ എന്ന് ഇവർ അന്വേഷിക്കും.

ഇതിൽ കുറ്റക്കാരനായി കണ്ടെത്തിയാൽ മാപ്പ് പറയാനും, സസ്പെൻഡ് ചെയ്യാനും, ചിലപ്പോൾ കോമൺസിൽ നിന്ന് പുറത്താക്കാനും വരെ ശുപാർശ ചെയ്യാൻ കഴിയും. നടപടിയിന്മേൽ എംപിമാരുടെ അംഗീകാരം ആവശ്യമാണ്. ജോൺസന്റെ ജന്മദിന ആഘോഷത്തിന്റെ പേരിലാണ് ഇപ്പോൾ പിഴ ചുമത്തിയിരിക്കുന്നത്. മറ്റുള്ള വിഷയങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.