സ്വന്തം ലേഖകൻ

ലണ്ടൻ : ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ്‌ പ്രദേശങ്ങളിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്റെ വകഭേദം കൂടുതൽ വിശദീകരിച്ച് വിദഗ്ധർ. സെപ്റ്റംബറിൽ കെന്റിലെ കാന്റർബറിക്ക് സമീപം താമസിച്ചിരുന്ന ഒരാളിലാണ് ആദ്യത്തെ സാമ്പിൾ കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. സൗത്ത് ഈസ്റ്റ്‌, ലണ്ടൻ പ്രദേശങ്ങളിലാണ് ഇത് ആദ്യം കണ്ടെത്തിയത്. എന്നാൽ അധികം വൈകാതെ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും ഇത് വ്യാപിച്ചു. ആശുപത്രി പ്രവേശനം ഓരോ ദിവസം പിന്നിടുംതോറും വർധിച്ചുവരികയാണ്. രൂപാന്തരം പ്രാപിച്ച പുതിയ കൊറോണ വൈറസ് അതിവേഗം പടരുന്നതാണെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ വീണ്ടും കൂടുതല്‍ ആളുകള്‍ രോഗത്തിന്റെ പിടിയിലാകുമെന്നത് ആശങ്ക ഉളവാക്കുന്നു. 70 ശതമാനം അധികമാണ്​ പുതിയ വൈറസ്​ വകഭേദത്തിന്‍റെ പകരാനുള്ള ശേഷി.

വാക്സിൻ വിതരണം വേഗത്തിൽ തുടരേണ്ടത് അനിവാര്യമാണെന്ന് സർക്കാരിന്റെ ചീഫ് സയൻസ് ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് ഈ ആഴ്ച ആദ്യം മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ മുതൽ ലണ്ടനിൽ പുതിയ വകഭേദം കണ്ടുതുടങ്ങിയതായി വെൽക്കം സാങ്കർ ഇൻസ്റ്റിറ്റ്യൂട്ടിലെ സാർസ് -കോവ് -2 ജെനോമിക്സ് ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ജെഫ്രി ബാരറ്റ് പറഞ്ഞു. “ആ സമയത്ത് ഓരോ സ്ഥലത്തും എത്ര കേസുകൾ ഉണ്ടായിരുന്നുവെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാൻ സാധിച്ചില്ല. ” അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ വകഭേദത്തിന്റെ ഉത്ഭവം കെന്റിലാണെന്ന് വിദഗ്ധർ വെളിപ്പെടുത്തി.

ലണ്ടൻ, എസെക്സ് എന്നിവിടങ്ങളിൽ എത്തുന്നതിനുമുമ്പ് ലണ്ടൻ ബറോകളായ ബെക്സ് ലി, ഗ്രീൻ‌വിച്ച്, ഹേവറിംഗ് തുടങ്ങിയ പ്രദേശങ്ങളിൽ ഇത് വ്യാപിച്ചതായി കരുതപ്പെടുന്നു. നവംബറിൽ കെന്റിലും മെഡ്‌വേയിലും കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രശ്നത്തിന്റെ തോത് സർക്കാർ തിരിച്ചറിഞ്ഞതെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു.