മി റ്റൂ (MeToo) ക്യാംപെയ്ന്‍ ലോകത്തില്‍ സൃഷ്ടിച്ച മാറ്റം ചെറുതല്ല. ടൈം മാസിക പോലും ഈ വര്‍ഷത്തെ വ്യക്തിയായി തിരഞ്ഞെടുത്തത് ‘മി ടൂ ക്യാംപെയ്‌നെ’യാണ്. ചലച്ചിത്രമാധ്യമബിസിനസ് ലോകത്ത് തങ്ങള്‍ക്കേറ്റ പീഡനങ്ങളെപ്പറ്റി ഒരു കൂട്ടം വനിതകള്‍ തുറന്നെഴുതിയതില്‍ നിന്നാണ് ക്യാംപെയ്‌ന്റെ തുടക്കം തന്നെ. കേരളത്തില്‍ ഉള്‍പ്പെടെ ഒട്ടേറെ തുറന്നുപറച്ചിലുകള്‍ക്ക് ഇടം നല്‍കി ഇത്. എന്നാല്‍ തുറന്നു പറച്ചിലുകള്‍ നടത്തിയ പലരും തങ്ങളെ ലൈംഗികമായോ അല്ലാതെയോ ആക്രമിച്ചവരുടെ പേരു പുറത്തു പറയാന്‍ മിക്കപ്പോഴും മടിച്ചു.
അതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളുമുയര്‍ന്നു. മാധ്യമങ്ങളോട് എല്ലാം പറയാം, പിന്നെന്താ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു പറഞ്ഞാലെന്നായിരുന്നു പലരുടെയും ചോദ്യം.

എന്നാല്‍ ഇതിനുള്ള മറുപടിയുമായി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത് പ്രശസ്ത ബോളിവുഡ് നടി റിച്ച ഛദ്ദയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഫുക്‌റേ റിട്ടേണ്‍സി’ന്റെ പ്രമോഷന്റെ ഭാഗമായി വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് പല കാര്യങ്ങളും റിച്ച തുറന്നു പറഞ്ഞത്. സ്ത്രീകളുടെ അവസ്ഥകളെ കൈകാര്യം ചെയ്യുന്ന ബോളിവുഡിന്റെ ഇന്നത്തെ രീതി മാറണമെന്നുള്‍പ്പെടെ റിച്ച അഭിപ്രായപ്പെട്ടു.
‘ഫുക് റേ’ കൂടാതെ ഗാങ്‌സ് ഓഫ് വസേപുരിലൂടെയും രാംലീലയിലൂടെയുമെല്ലാം പ്രേക്ഷകനു പരിചിതയാണ് റിച്ച. എന്നാല്‍ ബോളിവുഡിലെ പീഡനങ്ങളെക്കുറിച്ച് പലരും തുറന്നു പറഞ്ഞതിനെ പ്രശംസിക്കുന്ന റിച്ചയ്ക്ക് തന്നെ പീഡിപ്പിച്ചവരുടെ പേരു പറയാതിരിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ട്. പേരു പറഞ്ഞാല്‍ അതോടെ ബോളിവുഡ് ജീവിതം അവസാനിപ്പിക്കേണ്ടി വരും എന്നതു തന്നെ പ്രധാന കാരണം.
തനിക്കിഷ്ടമുള്ളിടത്തോളം കാലം ബോളിവുഡില്‍ തുടരാനാകുമെന്ന് ആരെങ്കിലും ഉറപ്പു തന്നാല്‍ പീഡിപ്പിച്ചവരുടെ വിവരങ്ങള്‍ പുറത്തു പറയാമെന്നും റിച്ചയുടെ വാക്കുകള്‍. ബോളിവുഡിലെ ലൈംഗിക പീഡനത്തെപ്പറ്റി നേരത്തേ ഒരു ബ്ലോഗ്‌പോസ്റ്റ് എഴുതിയിരുന്നു റിച്ച. എന്നാല്‍ അതില്‍ ആരുടെയും പേരു പരാമര്‍ശിക്കാത്തതിന്റെ പേരില്‍ സ്ത്രീപക്ഷവാദികളെന്നു താന്‍ വിശ്വസിച്ചിരുന്നവര്‍ ഉള്‍പ്പെടെ വിമര്‍ശിച്ചതായും റിച്ച പറയുന്നു.

വിമര്‍ശകര്‍ക്കുള്ള റിച്ചയുടെ മറുപടി ഇങ്ങനെ ”ജോലി പോയാലും ജീവിക്കാനുള്ള പെന്‍ഷന്‍ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ തന്നാല്‍, എനിക്കും എന്റെ വീട്ടുകാര്‍ക്കും എന്നും സുരക്ഷ ഉറപ്പാക്കിയാല്‍, സിനിമയിലോ ടിവിയിലോ എനിക്കിഷ്ടമുള്ളയിടത്ത് അഭിനയം തുടരാന്‍ കുഴപ്പങ്ങളൊന്നുമുണ്ടാകില്ലെന്ന് ഉറപ്പാക്കിയാല്‍, ഇപ്പോഴുള്ളതു പോലെത്തന്നെ അഭിനയജീവിതം മുന്നോട്ടു കൊണ്ടുപോകാനാകുമെന്നു ഉറപ്പു നല്‍കിയാല്‍ തീര്‍ച്ചയായും ആ പേരുകള്‍ ഞാന്‍ പറയാം…ഞാന്‍ മാത്രമല്ല ലക്ഷക്കണക്കിനു പേര്‍ മുന്നോട്ടു വരും. പക്ഷേ ആരാണ് ഞങ്ങള്‍ക്കീ ഉറപ്പു നല്‍കുക?” റിച്ച ചോദിക്കുന്നു.

പീഡനങ്ങള്‍ക്കിരകളാകുന്നവര്‍ക്ക് സംരക്ഷിതവലയം ഉറപ്പാക്കുന്ന ഒരു സംവിധാനം നിലവില്‍ ചലച്ചിത്രലോകത്തില്ലെന്നും റിച്ച. ”എപ്പോഴെങ്കിലും ആരെങ്കിലും പീഡനത്തെപ്പറ്റി തുറന്നു പറഞ്ഞാല്‍ തിരിച്ചടി ഉറപ്പാണ്. ഇതു മാറിയേ പറ്റൂ. അതിനുള്ള സംരക്ഷണം സിനിമാലോകം നല്‍കണം. അഭിനേതാക്കളുടെ പ്രതിഫലത്തെപ്പറ്റി പോലും നിയമപ്രകാരമുള്ള ഒരുറപ്പുമില്ല. ഈ ഘട്ടത്തില്‍ ഒരു സാഹസത്തിന് ആരാണു മുതിരുക? നീതിബോധമുള്ള വ്യക്തിയാണു ഞാന്‍. ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന കാര്യങ്ങളെപ്പറ്റിയാണു ഞാനെപ്പോഴും സംസാരിക്കുക.

എന്നാല്‍ ചില നേരങ്ങളില്‍ ഞാന്‍ കാര്യങ്ങളെ വൈകാരികമായി നേരിടും. ലോകത്തില്‍ നടക്കുന്ന പല കാര്യങ്ങളും എന്നെയും ബാധിക്കാറുണ്ട്. നിരാശ തോന്നുന്ന നിമിഷങ്ങളില്‍ വാര്‍ത്തകളില്‍ നിന്നു പോലും ഒഴിഞ്ഞു നില്‍ക്കാനാണ് ഞാനാഗ്രഹിക്കുക. അത്തരം ഘട്ടങ്ങളില്‍ സിനിമയാണ് ആശ്വാസം. ‘ഫുക്‌റേ’യിലെ എന്റെ കഥാപാത്രവും അത്തരത്തിലൊന്നാണ്. ആ കഥാപാത്രം ആരുടെയും വരുതിയില്‍ നില്‍ക്കുന്ന ആളല്ല, തോന്നുന്നതെന്തും ചെയ്യും. സ്ത്രീയാണെന്നു പറഞ്ഞ് അവരെ വിലക്കാന്‍ ആരുമില്ല. എന്തും പറയാം, പ്രവര്‍ത്തിക്കാം” അത്തരം കഥാപാത്രങ്ങള്‍ തനിക്കേറെ പ്രിയപ്പെട്ടതാണെന്നും റിച്ചയുടെ വാക്കുകള്‍.