ഗായിക റിമി ടോമി ഇന്നലെ കോതമംഗലം കോടതിയില്‍ മൊഴി നല്‍കാനെത്തിയത് നാടകീയമായ സംഭവങ്ങളിലൂടെ. രാവിലെ മുതല്‍ കോടതി പരിസരത്ത് റിമിയുടെ ആളുകള്‍ നിരീക്ഷണത്തിനുണ്ടായിരുന്നെന്നാണ് സൂചന. ആലുവയിലെ മുതിര്‍ന്ന അഭിഭാഷകനാണ് റിമിയുടെ മൊഴിയെടുക്കലിന് മുന്നൊരുക്കവുമായി ആദ്യം കോടതിയില്‍ എത്തിയത്. ഇദ്ദേഹം എത്തി പതിനഞ്ചുമിനിട്ടോളം പിന്നിട്ടപ്പോഴേക്കും ഭര്‍ത്താവ് റോയിസും കോടതി മുറിക്കുള്ളിലെത്തി. പിന്നീട് ഇരുവരും തമ്മില്‍ ഏതാനും നിമിഷങ്ങളില്‍ ആശയവിനിമയം നടത്തി. പിന്നാലെ ഇരുവരും കോടതിയുടെ പ്രവേശന കവാടത്തിലേക്ക് എത്തി. താമസിയാതെ കോടതി കവാടത്തിലേക്ക് വാഹനം എത്തുന്നതിന് തടസ്സമായി പാര്‍ക്കുചെയ്തിരുന്ന ഏതാനും വാഹനങ്ങള്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഉടമകള്‍ മാറ്റിയിട്ടു.
തുടര്‍ന്ന് പുറത്ത് റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന കാര്‍ കോടതിയുടെ മുന്നിലേക്കെത്തിച്ചു. അതില്‍ നിന്നും വേഗത്തില്‍ റിമി കോടതിക്കുള്ളിലെത്തി. ഈ സമയം ചാനല്‍ പ്രവര്‍ത്തകര്‍ പിന്നാലെയെത്തിയെങ്കിലും ഫലമുണ്ടായില്ല. കോട്ടയം രജിസ്ട്രേഷനിലുള്ള ഹൂണ്ടായ് ഐ ടെന്‍കാറിലാണ് റിമിയെത്തിയത്. ഈ കാര്‍ അരമണിക്കൂറോളം കോടതിക്ക് പുറത്ത് പാതയോരത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഡോര്‍ ഗ്ലാസുകളില്‍ കറുത്ത സണ്‍ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ അകത്ത് ആളുണ്ടായിരുന്ന വിവരം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. സഹോദരന്‍ റിങ്കുവാണ് കാര്‍ ഓടിച്ചിരുന്നത്. മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി കോടതിക്ക് പുറത്തെത്തിയ ശേഷം ചാനല്‍ പ്രവര്‍ത്തകര്‍ വളഞ്ഞപ്പോള്‍ റിമിയെ ഭര്‍ത്താവ് റോയിസ് കാറിലേക്ക് തള്ളിക്കയറ്റുകയായിരുന്നെന്നാണ് ദൃസാക്ഷികളുടെ വെളിപ്പെടുത്തല്‍. ഉച്ചകഴിഞ്ഞുള്ള കോടതി നടപടികള്‍ ഒട്ടുമിക്കതും ഒഴിവാക്കിയാണ് റിമിയുടെ മൊഴിരേഖപ്പെടുത്തല്‍ പൂര്‍ത്തിയാക്കിയതെന്നും പറയപ്പെടുന്നു.