ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സർക്കാരിന്റെ ചില പ്രധാന ഹരിത നയങ്ങളിൽ അയവ് വരുത്താനുള്ള തീരുമാനത്തിലേക്ക് പ്രധാനമന്ത്രി ഋഷി സുനക്. പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധനം വൈകിപ്പിക്കുന്നതും ഗ്യാസ് ബോയിലറുകൾ ഘട്ടംഘട്ടമായി നിർത്തുന്നതും ഇതിൽ ഉൾപ്പെടും. വരും ദിവസങ്ങളിലെ പ്രസംഗത്തിൽ മാറ്റങ്ങൾ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രി. 2050-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ “കൂടുതൽ ആനുപാതികമായ രീതിയിൽ” ആണെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിൽ ബ്രിട്ടൻ ലോകത്തെ നയിക്കുന്നതിൽ അഭിമാനിക്കുന്നു. യുകെ ഇതിനകം ഉണ്ടാക്കിയ അന്താരാഷ്ട്ര കാലാവസ്ഥാ കരാറുകളിൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച അവസാനം താൻ ഒരു പ്രസംഗം നടത്തുമെന്നും സുനക് കൂട്ടിച്ചേർത്തു. ഓഫ്-ഗ്രിഡ് ഓയിൽ ബോയിലറുകളുടെ നിരോധനം 2026ൽ നിന്ന് 2035ലേക്ക് വൈകിപ്പിക്കും, വിമാനയാത്രയെ കുറയ്ക്കാൻ പുതിയ നികുതികളോ ജനങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിനുള്ള സർക്കാർ നയങ്ങളോ ഉണ്ടാവില്ല തുടങ്ങിയ പദ്ധതി മാറ്റങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.

വീടുകളിൽ “ഏഴ് ബിന്നുകൾ” സ്ഥാപിക്കുന്ന ഒരു പുനരുപയോഗ തന്ത്രം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആറ് പ്രത്യേക റീസൈക്ലിംഗ് ബിന്നുകളും പൊതു മാലിന്യങ്ങൾക്കായി ഒന്നും. അതേസമയം, സുനക് തീരുമാങ്ങൾക്ക് എതിരാണ് ലേബർ പാർട്ടി. ഇതൊരു സമ്പൂർണ്ണ പ്രഹസനമാണെന്നും പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് ഇടറിവീഴുന്ന ഒരു യാഥാസ്ഥിതിക സർക്കാരിനൊപ്പം രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ലേബർ വക്താവ് പ്രതികരിച്ചു. അവലോകനത്തിനായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എട്ട് നയങ്ങളിലും മന്ത്രിമാർ അടിയന്തിരമായി വ്യക്തത നൽകേണ്ടതുണ്ട്.