ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ നിരോധനം വൈകിപ്പിച്ച് പ്രധാനമന്ത്രി ഋഷി സുനക്. 2050-ഓടെ നെറ്റ് സീറോ കൈവരിക്കാനുള്ള സർക്കാർ സമീപനത്തിൽ നിന്ന് വലിയ മാറ്റമാണ് ഈ തീരുമാനം. ഗ്യാസ് ബോയിലറുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ക്യാഷ് ഇൻസെന്റീവുകളുടെ 50% വർദ്ധനയ്‌ക്കൊപ്പം നിരവധി പ്രധാന ഹരിത നയങ്ങളിൽ ഇളവുകളും കാലതാമസവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത് പ്രതിപക്ഷത്തിൽ നിന്നും ചില വ്യവസായ മേധാവികളിൽ നിന്നും രൂക്ഷമായ വിമർശനത്തിന് കാരണമായി. മാറ്റങ്ങൾ പ്രായോഗികമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ബോറിസ് ജോൺസൺ പ്രധാനമന്ത്രി ആയിരുന്ന സമയത്തെ പ്രധാന നയങ്ങളിൽ സുനക് മാറ്റം കൊണ്ടുവന്നു.

ബുധനാഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ നിന്നുള്ള ഒരു പ്രസംഗത്തിൽ, ഹരിത നയങ്ങളിൽ അതിവേഗം നീങ്ങുന്നത് കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുനക് പറഞ്ഞു.

പ്രഖ്യാപിച്ച പ്രധാന മാറ്റങ്ങളിൽ ഇവ ഉൾപ്പെടുന്നു:

പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നതിനുള്ള നിരോധനത്തിൽ അഞ്ച് വർഷത്തെ കാലതാമസം. അതായത് എല്ലാ പുതിയ കാറുകൾക്കും “സീറോ എമിഷൻ” എന്ന നിബന്ധന 2035 വരെ പ്രാബല്യത്തിൽ വരില്ല.

ഗ്യാസ് ബോയിലറുകൾ മാറ്റിസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് ബോയിലർ അപ്‌ഗ്രേഡ് ഗ്രാന്റ് 50% ഉയർത്തി £7,500 ആക്കും.

2035-ൽ പുതിയ ഗ്യാസ് ബോയിലറുകൾ വിൽക്കുന്നതിനുള്ള നിരോധനം വരും.

അതേസമയം, പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നതിനുള്ള നിരോധനം നടപ്പാക്കിയില്ലെങ്കിൽ നെറ്റ് സീറോയിലെത്താനുള്ള യു കെയുടെ ലക്ഷ്യം നഷ്ടപ്പെടുമെന്ന് ഷാഡോ എൻവയോൺമെന്റ് സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു. അടുത്ത കുറച്ച് വർഷത്തിനുള്ളിൽ ഒമ്പത് പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്ന കൊറിയൻ കാർ നിർമ്മാതാക്കളായ കിയ, ഈ പ്രഖ്യാപനം നിരാശാജനകമാണെന്ന് പറഞ്ഞു.