ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഓക്സ്‌ഫോർഡ് ആസ്ട്രാസെനെക്ക കോവിഡ് പ്രതിരോധ വാക്‌സിന്റെ അപ്രതീക്ഷിത പാർശ്വഫലങ്ങൾ മൂലം എൻ എച്ച് എസ് ഡോക്ടർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. തെക്ക്-കിഴക്കൻ ലണ്ടനിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്ന ഡോ. സ്റ്റീഫൻ റൈറ്റാണ് (32) മരണപ്പെട്ടത്. 2021 ജനുവരിയിൽ വാക്സിൻെറ ആദ്യ ഡോസ് സ്വീകരിച്ച് 10 ദിവസത്തിന് ശേഷമാണ് മരണം സംഭവിച്ചത്.

ബുധനാഴ്ച ലണ്ടൻ ഇന്നർ സൗത്ത് കൊറോണേഴ്‌സ് കോടതിയിൽ നടന്ന കേസ് വിസ്താരത്തിൽ സീനിയർ കൊറോണർ ആൻഡ്രൂ ഹാരിസ് ഈ കേസിനെ ദാരുണവും വളരെ അസാധാരണവും എന്ന നിലയിൽ വിശേഷിപ്പിച്ചു. പാൻഡെമിക് സമയത്ത് വാക്സിൻ നൽകിയ ആദ്യകാല ആളുകളിൽ മുൻനിര ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ സംഭവത്തെ ഗൗരവത്തോടെ കാണാണമെന്നാണ് ആൻഡ്രൂ ഹാരിസ് പറയുന്നത്. സംഭവത്തിൽ ഡോ റൈറ്റ് ഉൾപ്പടെയുള്ള ഒരു ചെറിയ കൂട്ടം ആളുകൾ നേരത്തെ പ്രതികരണം നടത്തിയിരുന്നു. നിലവിൽ ആരോഗ്യവിഭാഗം മേധാവികൾ അന്വേഷണം നടത്തുന്നുണ്ട്.

ബ്രെയിൻസ്റ്റം ഇൻഫ്രാക്ഷൻ, തലച്ചോറിലെ രക്തസ്രാവം, വാക്സിൻ-ഇൻഡ്യൂസ്ഡ് ത്രോംബോസിസ് എന്നിവയുടെ പ്രഹരമാണ് ഡോക്ടറിന്റെ ജീവനെടുത്തത്. അസ്വസ്ഥതകൾ കാണിച്ചതിനെ തുടർന്ന് ഓർപിംഗ്ടണിലെ പ്രിൻസസ് റോയൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്കാണ് ആദ്യം കൊണ്ടുപോയത്. തുടർന്ന് അവസ്ഥ അതിവേഗം വഷളായതിനാൽ അദ്ദേഹത്തെ കിംഗ്സ് കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മതിയായ എല്ലാ ചികിത്സകളും ലഭ്യമാക്കാൻ ശ്രമം നടത്തിയെന്നും, എന്നാൽ വാക്‌സിന്റെ പാർശ്വഫലങ്ങൾ ആണെന്നും, വാക്‌സിൻ എടുത്ത് അന്ന് തന്നെ ഡോക്ടറിനു തലവേദനയും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു എന്നും ഹോസ്പിറ്റൽ മേധാവി കൂട്ടിചേർത്തു.