37 വര്‍ഷക്കാലത്തെ ഭരണത്തിനൊടുവില്‍ സിംബാബ്‍വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവെച്ചു. സിംബാബ്‍വെ സ്പീക്കറാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പാര്‍ലമെന്റ് വിളിച്ചുകൂട്ടി മുഗാബെയെ ഇംപീച്ച് ചെയ്യാനുളള നടപടികളിലേക്ക് നീങ്ങവെയാണ് അദ്ദേഹം നാടകീയമായി രാജിവെച്ചത്. തുടര്‍ന്ന് സ്പീക്കര്‍ സ്പീക്കര്‍ ജേക്കബ് മുടെണ്ട ഇംപീച്ച്മെന്റ് നടപടികള്‍ റദ്ദാക്കി. മുഗാബെയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ലമെന്റിന് പുറത്ത് ജനങ്ങള്‍ തടിച്ചുകൂടി ആഹ്ളാദപ്രകടനം നടത്തി.

പട്ടാള അട്ടിമറിക്ക് പിന്നാലെ മുഗാബെയെ ഭരണപാര്‍ട്ടിയായ സാനു പിഎഫ് (സിംബാബ്‍വെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍- പാട്രിയോട്ടിക് ഫ്രണ്ട്) നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ഔദ്യോഗികമായി ഇംപീച്ച് ചെയ്ത് പുറത്താക്കാനുളള നടപടിയിലേക്ക് നീങ്ങിയത്. ആരാണ് പുതിയ പ്രസിഡന്റ് എന്ന് വ്യക്തമല്ല. വൈസ് പ്രസിഡന്റ് ആയിരുന്ന എമേഴ്‌സന്‍ മന്‍ഗാഗ്വയെ തത്സ്ഥാനത്ത് നിയമിക്കുമെന്നാണ് വിവരം. മന്‍ഗാഗ്വേയെ നേരത്തേ മുഗാബെ ഡെപ്യൂട്ടി സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു.

93കാരനായ മുഗാബെ ഏകാധിപത്യ രീതിയിലാണ് ഭരണത്തില്‍ കടിച്ചുതൂങ്ങുന്നതെന്ന മുറവിളി ഉയര്‍ന്നതോടെയാണ് അദ്ദേഹത്തിന്റെ പതിറ്റാണ്ട് നീണ്ട ഭരണം ചോദ്യം ചെയ്യപ്പെട്ടത്.
മുഗാബെയ്ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പ്രതിഷേധവും നടന്നിരുന്നു. വിശ്വാസവഞ്ചന കുറ്റം ആരോപിച്ചാണ് 75 വയസുകാരനായ മന്‍ഗാഗ്വയെയെ മുഗാബെ പുറത്താക്കിയത് സ്ഥിതി വഷളാക്കുകയായിരുന്നു.

‘ചീങ്കണ്ണി’യെന്നു വിളിപ്പേരുള്ള മന്‍ഗാഗ്വയും മുഗാബെയുടെ ഭാര്യ ഗെയ്‌സും തമ്മില്‍ ഉടലെടുത്ത അഭിപ്രായ തര്‍ക്കത്തിനൊടുവിലാണ് സിംബാബ്വെയില്‍ നാടകീയമായ നീക്കങ്ങള്‍ നടന്നത്. ഗെയ്‌സിനെ സര്‍ക്കാര്‍ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള മുഗാബെയുടെ നീക്കത്തിനെതിരേ മന്‍ഗാഗ്വ രംഗത്തെത്തിയിരുന്നു. ഇതിനെ പ്രതിരോധിച്ച് രംഗത്തെത്തിയ ഗ്രെയ്സ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മന്‍ഗാഗ്വയെ പുറത്താക്കണമെന്ന് മുഗാബെയോട് ആവശ്യപ്പെട്ടിരുന്നു.