ന്യൂസ് ഡെസ്ക് മലയാളം യുകെ

മോസ്കോ : റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുക്രൈനിൽ നിന്നുള്ള കടുത്ത പ്രതിരോധത്തിനും പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിനും ഇടയിൽ റഷ്യ അവരുടെ പുതിയ ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) സർമാറ്റ് ബുധനാഴ്ച പരീക്ഷിച്ചു. ഭൂമിയിലെവിടെയും ഏതു ലക്ഷ്യത്തെയും ആക്രമിക്കാൻ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് റഷ്യയുടെ ആർഎസ്–28 സാർമാറ്റ്. സാത്താൻ-II എന്നാണ് നറ്റോ ഈ മിസൈലിനെ വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയായ പ്ലെസെറ്റ്സ്കിൽ നിന്നാണു മിസൈൽ വിജയകരമായി പരീക്ഷിച്ചത്. സാർമാറ്റ് മിസൈൽ അടുത്ത വർഷത്തോടെ റഷ്യൻ സായുധ സേനകളുടെ ഭാഗമായി മാറുമെന്നാണു വിലയിരുത്തൽ. ഇതിന്റെ ഭാഗമായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു.

രാജ്യത്തിന്റെ ശത്രുക്കളെ ചിന്തിപ്പിക്കുന്ന ആയുധമാണ് ഇതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യയുടെ എതിർ ചേരിയിലുള്ള യുഎസ്, യുകെ, നാറ്റോ ശക്തികളെ ഉന്നമിട്ടാണ് പുടിന്റെ ഈ അഭിപ്രായപ്രകടനം. ഹിരോഷിമയെ ഇല്ലാതാക്കിയ ബോംബിനേക്കാൾ 3,000 മടങ്ങ് പ്രഹരശേഷി ഉണ്ടെന്നും ബ്രിട്ടന്റെ ഇരട്ടി വലിപ്പമുള്ള പ്രദേശം നശിപ്പിക്കാൻ കഴിയുമെന്നും മെട്രോ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തു.

18,000 കിലോമീറ്റർ ആക്രമണ റേഞ്ചുള്ള സാർമാറ്റ് മിസൈലിന് 10 ആണവ പോർമുനകൾ വഹിക്കാൻ സാധിക്കും. 10 ടണ്ണോളമാണ് ഇതിന്റെ മൊത്തം വാഹകശേഷി. റഷ്യയുടെ അടുത്ത തലമുറ മിസൈലുകളെ “അജയ്യം” എന്നാണ് പുടിന്‍ വിളിക്കുന്നത്, അതിൽ കിൻസാൽ, അവാൻഗാർഡ് ഹൈപ്പർസോണിക് മിസൈലുകളും ഉൾപ്പെടുന്നു. ഇതിനൊപ്പമാണ് സാത്താന്‍ 2 എന്ന് വിശേഷിപ്പിക്കപ്പെടുന്ന സർമാറ്റ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ ചേരുന്നത്.