ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക്, പിന്നീട് പ്രധാനമന്ത്രി സ്ഥാനത്തേക്കുമുള്ള മത്സരത്തിൽ ഇന്ത്യൻ വംശജനായ റിഷി സുനകിനു പിന്നാലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ ആരോഗ്യ സെക്രട്ടറിമാരായ സാജിദ് ജാവേദും, ജെറെമി ഹണ്ടും. ഇവരെ കൂടാതെ തന്നെ നിരവധി പേർ ഈ സ്ഥാനത്തേക്ക് കടന്നുവരുവാനുള്ള തങ്ങളുടെ നീക്കം അറിയിച്ചിട്ടുണ്ട്. ഇതിൽ ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ്, അറ്റോർണി ജനറൽ സുല്ല ബ്രേവർമാൻ, ചാൻസലർ നാദീം സഹാവി, മുൻ എക്വാളിറ്റിസ് മിനിസ്റ്റർ കെമി ബടെന്നോച്ച്, ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ടോം ടുഗൻധത്ത് എന്നിവർ ഉൾപ്പെടുന്നുണ്ട്. ടാക്സുകൾ കുറയ്ക്കുമെന്ന വാഗ്ദാനമാണ് ഭൂരിഭാഗം സ്ഥാനാർത്ഥികളും മുന്നോട്ട് വയ്ക്കുന്നത്.
കോർപ്പറേഷൻ ടാക്സുകൾ 15 ശതമാനം കുറയ്ക്കുമെന്ന് ജെറെമി ഹണ്ട് വാഗ്ദാനം ചെയ്തിരിക്കുകയാണ്. യുകെ ഫോറിൻ സെക്രട്ടറി ലിസ് ട്രെസും മത്സരരംഗത്തേക്ക് കടന്നു വരാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. നിലവിലുള്ള ജീവിത ചെലവുകളുടെ വർദ്ധന പിടിച്ചു നിർത്തുകയാണ് മറ്റൊരു ലക്ഷ്യമെന്ന് ജാവേദ് വ്യക്തമാക്കി. ഞായറാഴ്ച ടെലഗ്രാഫ് പത്രത്തിലൂടെയാണ് ഇരുവരും തങ്ങളുടെ സ്ഥാനാർത്ഥിത്വം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വംശജനായ ചാൻസലർ റിഷി സുനക് തന്റെ സ്ഥാനാർത്ഥിത്വം വെളിപ്പെടുത്തിയത്. നിലവിലുള്ള സ്ഥാനാർത്ഥികളിൽ ഏറ്റവും ഉയർന്ന സാധ്യത റിഷി സുനകിന് തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകനായ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ചരിത്ര സംഭവമാകും. ഒരു സോഷ്യൽ മീഡിയയിലൂടെ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച റിഷി സുനക് രാജ്യത്ത് നഷ്ടപ്പെട്ടുപോയ വിശ്വാസം പുനഃസ്ഥാപിക്കുവാനും സമ്പദ് വ്യവസ്ഥയെ പുനർ നിർമ്മിക്കുവാനും രാജ്യത്തെ വീണ്ടും ഐക്യതയോടെ നിലനിർത്തുവാനുമാണ് ഇത്തരം ഒരു തീരുമാനം താൻ കൈക്കൊണ്ടതെന്ന് വ്യക്തമാക്കി. നേതൃത്വ തെരഞ്ഞെടുപ്പിന്റെ സമയക്രമം അടുത്തയാഴ്ച അറിയാൻ ആകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സെപ്റ്റംബറിൽ പുതിയ പ്രധാനമന്ത്രി ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ.