ഓണാഘോഷപ്പെരുമഴ യു.കെയിലെങ്ങും പെയ്തൊഴിഞ്ഞപ്പോഴാണ് ഒരു കലാ-കായികമാമാങ്കത്തിന്റെ ഒരുക്കങ്ങൾ സമീക്ഷ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ യുകെയിൽ മുഴുവൻ നിലനിന്ന പ്രതികൂല കാലാവസ്ഥയെ കുറിച്ച് ഏറെ ആശങ്കകളും , ഉൽക്കണ്ഠയും ഉണ്ടായിരുന്നു എങ്കിലും എല്ലാ ആശങ്കകളേയും അസ്ഥാനത്താക്കിക്കൊണ്ട് എല്ലാ ഉൽക്കണ്ഠകളേയും കാറ്റിൽ പറത്തിക്കൊണ്ട് ചെംസ്ഫോർഡിന്റെ മണൽത്തരികളെപ്പോലും കോരിത്തരിപ്പിക്കുന്ന വിജയഭേരിയോടെയാണ് സമ്മർ ഫെസ്റ്റിന് ഒക്ടോബർ 22 ഞായറാഴ്ച്ച തിരശ്ശീല വീണത്.

ചെമ്സ്ഫോർഡ് മേയർ കൗൺസിലർ ലിൻഡ മസ്‌കോട്ട് സമീക്ഷ യുകെ സമ്മർഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി, നാഷ്ണൽ വൈസ് പ്രസിഡൻറ് ശ്രീ ഭാസ്കർ പുരയിൽ, ചെംസ്ഫോർഡ് യൂണിറ്റ് പ്രസിഡൻറ് ശ്രീ ആന്റണി ജോമോൻ ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പന്ത്രണ്ട് ടീമുകൾ പങ്കെടുത്ത വാശിയേറിയ വടംവലി മത്സരവും തിരുവാതിരകളി മത്സരവും ഹൃദ്യമായ കലാപരിപാടികളും ഒക്കെയായി ഓണഗ്രാമം കാണികൾക്ക് മറക്കാൻ കഴിയാത്ത ഒന്നായി മാറി .
യുകെയിലെ പ്രഗത്ഭൻമാർ മാറ്റുരച്ച വാശിയേറിയ വടംവലി മത്സരത്തിൽ ഹെയർഫോർഡ് അച്ചായൻസ് ഒന്നാം സ്ഥാനം കരസ്തമാക്കി. ടൺബ്രിഡ്ജ് വെൽസ് ടസ്കേഴ്സ് കെന്റ് കിംഗ്സ് രണ്ടാം സ്ഥാനം, വോർസെസ്റ്റർ തെമ്മാഡിസ് മൂന്നാം സ്ഥാനം, ടൺബ്രിഡ്ജ് വെൽസ് കെന്റ് റോയൽസ് നലാം സ്ഥാനം, എസ്എംസി സാലിസ്ബറി അഞ്ചാം സ്ഥാനം, എവർഷൈൻ കാന്റർബറി ആറാം സ്ഥാനം, സ്റ്റോക്ക് ലയൺസ് ഏഴാം സ്ഥാനം, തൊമ്മനും മക്കളും എട്ടാം സ്ഥാനം എന്നിവരാണ് മറ്റു വിജയികൾ.

മലയാളികളുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും ഈണവും താളവും ഒക്കെയായി അരങ്ങേറിയ വാശിയേറിയ തിരുവാതിര കളി മത്സരം ഒണഗ്രാമത്തിന്റെ മാറ്റു കൂട്ടി. മത്സരത്തിൽ തനിമ നോർത്താംപ്റ്റൺ ഒന്നാം സ്ഥാനവും, കെറ്ററിംഗ് ഗേൾസ് രണ്ടാം സ്ഥാനവും, ബി.എം.എ ബെഡ്ഫോർഡ് മൂന്നാം സ്ഥാനവും, തുമ്പപൂ വോർത്തിംഗ് നാലാംസ്ഥാനവും നേടി.


വാശിയേറിയ മത്സരങ്ങൾക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിന് സമീക്ഷയുകെ നാഷ്ണൽ പ്രസിഡൻറ് ശ്രീ ശ്രീകുമാർ ഉള്ളപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനത്തിലും സമ്മാനദാനത്തിലും നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. കുമാരി തൃഷ സുധി, ശ്രീ വിഷ്ണു ദാസ് എന്നിവരുടെ ഗാനാലാപനവും കുമാരി അക്സ രാജേഷിന്റെ ചടുലമായ നൃത്തച്ചുവടുകളും സദസ്സിന് ഏറെ ഹൃദ്യമായി.

സമ്മർ ഫെസ്റ്റിന്റെ വിജയത്തിനായി അരങ്ങിലും, അണിയറയിലും പ്രവർത്തിച്ച മുഴുവൻ സഹോദരങ്ങളെയും സമീക്ഷ യുകെ ഹൃദയത്തോട് ചേർത്ത് വെച്ച് നന്ദിയും കടപ്പാടും അറിയിക്കുന്നതായും, കലാ, സാംസ്കാരിക പ്രവർനത്തിന്റെ പുതിയ വഴികൾ തേടി സമീക്ഷയുകെ യാത്ര തുടരുമ്പോൾ തുടർന്നും യുകെയിലെ മുഴുവൻ മലയാളി സമൂഹത്തിന്റെ അകമൊഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.