അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടനിൽ വൻ കോളിളക്കം സൃഷ്ടിച്ച 33 വയസ്സുകാരി സാറാ എവറാർഡ് കൊല്ലപ്പെട്ടതാണെന്ന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. കെന്റിലെ ആഷ്‌ഫോർഡിലെ വനഭൂമിയിൽ നിന്ന് മനുഷ്യശരീരത്തിൻെറ ഭാഗങ്ങൾ കണ്ടെത്തിയത് സാറാ എവറാർഡിന്റേതാണെന്ന് സ്ഥിതീകരിച്ചു. സാറാ എവറാർഡിനെ കാണാതായ സംഭവത്തിൽ മെട്രോപോളിറ്റൻ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റവാളിയെ സഹായിച്ചു എന്ന സംശയത്തിൻെറ പേരിൽ നേരത്തെ ഒരു സ്ത്രീയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സാറയുടെ തിരോധാനത്തിൻെറ പേരിൽ അറസ്റ്റിലായ മെറ്റ് പോലീസ് ഓഫീസർ വെയ്ൻ കൊസെൻസ് കെന്റിൽ പാർലമെൻററി ഡിപ്ലോമാറ്റിക് പ്രൊട്ടക്ഷൻ കമാൻഡിലെ ഉദ്യോഗസ്ഥനാണ്.

മാർച്ച് മൂന്നിന് ക്ലാഫാമിലെ ലീത്‌വൈറ്റ് റോഡിലുള്ള സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നും തൻറെ വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ സാറാ ഹെവാർഡിനെ കാണാതായ സംഭവം സ്ത്രീ സുരക്ഷയെക്കുറിച്ച് ബ്രിട്ടനിൽ വൻ ചർച്ചയ്ക്ക് വഴി മരുന്നിട്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ പല സ്ത്രീകളും തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചു. #saraheverard, #TooManyMen ഹാഷ് ടാഗുകളിൽ പങ്കുവെച്ച പല കഥകളും ബ്രിട്ടനിലെ തെരുവീഥികൾ സ്ത്രീകൾ എത്രമാത്രം സുരക്ഷിതരല്ല എന്നതിൻെറ നേർക്കാഴ്ചകളാണ്.

ഓരോ സ്ത്രീയ്ക്കും നമ്മുടെ തെരുവുകളിൽ സുരക്ഷിതത്വം അനുഭവിക്കാൻ ആകണം എന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. സ്ത്രീകളെയും പെൺകുട്ടികളെയും സംരക്ഷിക്കാൻ തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്ന് അവർ ഉറപ്പു നൽകി. ഈ അവസരത്തിൽ സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചതിന് സ്ത്രീകളെ അവർ പ്രശംസിക്കുകയും ചെയ്തു. സാറയുടെ കൊലപാതകത്തിനോട് ബന്ധപ്പെട്ട് അറസ്റ്റിലായത് ഒരു മെട്രോപൊളിറ്റൻ പോലീസ് ഓഫീസർ ആണെന്നത് സംഭവത്തിൻെറ ഗൗരവം പതിന്മടങ്ങ് വർദ്ധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. സംരക്ഷിക്കേണ്ട പോലീസ് തന്നെ കുറ്റവാളിയായതിൻെറ ഞെട്ടൽ ബ്രിട്ടനിലെങ്ങുമുണ്ട്.