റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് നിലവിലുണ്ടായിരുന്ന നിരോധനം എടുത്തുകളഞ്ഞു. ഭരണാധികാരിയായ സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദ് ഇതിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. സൗദി വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം ടെലിവിഷനിലൂടെ അറിയിച്ചു. ഉത്തരവ് നടപ്പാക്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് പഠിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. 30 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കും. 2018 ജൂണ്‍ മുതല്‍ ഉത്തരവ് നടപ്പാക്കുമെന്നാണ് വിവരം.

പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത് മുതല്‍ ട്രാഫിക് നിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ വരെയുള്ള കാര്യങ്ങളാണ് ഇനി നടപ്പാക്കേണ്ടത്. അതിനുള്ള നിര്‍ദേശങ്ങളും ഉത്തരവില്‍ ഉണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ശരിയ നിയമം അനുസരിച്ചാണ് സൗദിയില്‍ ഭരണം നടക്കുന്നത്. പുതിയ നിയമങ്ങളും അതിനനുസൃതമായാണ് തയ്യാറാക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. രാജ്യത്തെ മതനേതൃത്വവും പണ്ഡിതരും ഈ ഉത്തരവിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള വിലക്ക് സംബന്ധിച്ച് സൗദി മതനേതൃത്വം ഒട്ടേറെ വിശദീകരണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൗദി സംസ്‌കാരമനുസരിച്ച് സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു ഒരു മത്പണ്ഡിതന്‍ വിശദീകരിച്ചത്. സ്ത്രീകള്‍ വാഹനമോടിക്കുന്നത് സൗദി സമൂഹത്തെ പാപത്തിലേക്ക് നയിക്കുമെന്നുവരെ ചിലര്‍ പറഞ്ഞിരുന്നു. 1990 മുതല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന സംഘടനകള്‍ ഡ്രൈവിംഗിനായുള്ള അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വരികയായിരുന്നു.