ന്യൂസ് ഡെസ്ക്, മലയാളം യുകെ
രോഗികളെയും ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും വീട്ടിൽ പരിചരിക്കുന്നവർക്ക് നൽകുന്ന അലവൻസ് ആനുകൂല്യവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. കഴിഞ്ഞ വർഷം മാത്രം പതിനായിരക്കണക്കിന് ആളുകൾക്ക് നിയമപ്രകാരം ലഭിക്കേണ്ടതിലധികം തുക ലഭിച്ചതായി കണ്ടെത്തിയതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 32,559 പേർക്ക് അധികമായി പണം ലഭിച്ചപ്പോൾ, 78 പേർക്ക് 20,000 പൗണ്ടിലേറെ വീതം തിരിച്ചടയ്ക്കേണ്ട സാഹചര്യമുണ്ടായി. കുടുംബാംഗങ്ങളെ പരിചരിക്കുന്നതിനൊപ്പം ഭാഗികമായി ജോലി ചെയ്യുന്നവരാണ് കൂടുതലായി ഈ പ്രശ്നത്തിൽപ്പെട്ടിരിക്കുന്നത്.

കാരേഴ്സ് അലവൻസ് ലഭിക്കുന്നവർക്ക് നിശ്ചിത വരുമാനപരിധിയുണ്ട്. അധികസമയം ജോലി ചെയ്യുകയോ ശമ്പളവർധന ലഭിക്കുകയോ ചെയ്താൽ അത് അധികൃതരെ അറിയിക്കണം. എന്നാൽ പല കേസുകളിലും ഈ വിവരങ്ങൾ സമയത്ത് രേഖപ്പെടുത്തപ്പെടാത്തതിനാൽ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാണ് അധികതുക ലഭിച്ചതായി കണ്ടെത്തുന്നത്. അപ്പോഴേക്കും തിരിച്ചടയ്ക്കേണ്ട തുക ആയിരക്കണക്കിന് പൗണ്ടുകളായി ഉയരും. തങ്ങൾ മനഃപൂർവം നിയമലംഘനം നടത്തിയതല്ലെന്നും, സർക്കാർ സംവിധാനത്തിലെ കാലതാമസമാണ് വലിയ കടബാധ്യതയ്ക്ക് കാരണമായതെന്നും നിരവധി പരിചരണക്കാർ പരാതിപ്പെടുന്നു.

ബ്രിട്ടനിൽ കുടുംബാംഗങ്ങളെ പരിചരിക്കുകയും അതോടൊപ്പം പാർട്ട് ടൈം ജോലികൾ ചെയ്യുകയും ചെയ്യുന്ന മലയാളികളുടെ എണ്ണവും ഗണ്യമാണ്. അതിനാൽ പുതിയ കണക്കുകൾ മലയാളി സമൂഹത്തിനിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. മുന്നറിയിപ്പ് സംവിധാനങ്ങളും പരിശോധനകളും ശക്തമാക്കിയതായി തൊഴിൽ – പെൻഷൻ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും, അപ്രതീക്ഷിതമായി വലിയ തുക തിരിച്ചടയ്ക്കേണ്ടി വരുന്ന സാഹചര്യം പല കുടുംബങ്ങളെയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി കാരേഴ്സ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ വ്യക്തതയുള്ളതും ഉപയോക്തൃസൗഹൃദവുമായ സംവിധാനം നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.











Leave a Reply