ന്യൂസ് ഡെസ്ക്, മലയാളം യുകെ
അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ ‘എംവി ഹോണ്ടിയസ്’ എന്ന ക്രൂയിസ് കപ്പലിൽ വൈറസ് ബാധയെ തുടർന്ന് ഉണ്ടായ ഗുരുതര ആരോഗ്യ പ്രതിസന്ധി കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും ഒരു ബ്രിട്ടീഷ് പൗരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ ആണ് ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് . ഡച്ച് ടൂർ കമ്പനി ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് ആണ് കപ്പൽ നടത്തുന്നത്. മരിച്ചവരിൽ ഡച്ച് ദമ്പതികളും ഒരു ജർമ്മൻ പൗരനും ഉൾപ്പെടുന്നു. എന്നാൽ ഇവരുടെ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 69 കാരനായ ബ്രിട്ടീഷ് യാത്രക്കാരനിൽ ഹാന്റാവൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും, ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്‌ബർഗിൽ ഐസിയുവിൽ ചികിത്സയിലാണ് എന്നും കമ്പനി അറിയിച്ചു.

ഹാന്റാവൈറസ് സാധാരണയായി എലികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണ്. ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ഈ വൈറസ് അപൂർവമായി മനുഷ്യർക്കിടയിലും പകരാം. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം മേയ് 4 വരെ ഏഴ് കേസുകളാണ് കണ്ടെത്തിയത്. ഇതിൽ രണ്ട് കേസുകൾ ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചവയും അഞ്ച് കേസുകൾ സംശയിക്കുന്നവയുമാണ്. കപ്പലിൽ രണ്ട് ജീവനക്കാരിലും ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരിൽ വൈറസ് സ്ഥിരീകരിച്ചിട്ടില്ല.

അർജന്റീനയിലെ ഉഷുവായയിൽ നിന്ന് പുറപ്പെട്ട കപ്പൽ ഇപ്പോൾ കേപ് വെർദെയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുകയാണ്. യാത്രക്കാരെ ഇറക്കുന്നതിനും രോഗികളെ മാറ്റുന്നതിനുമായി പ്രാദേശിക ആരോഗ്യ അധികൃതരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. യാത്രക്കാരെ ടെനെറിഫെയിലേക്കോ ലാസ് പാൽമാസിലേക്കോ മാറ്റാനുള്ള സാധ്യതയും പരിഗണനയിലാണ്. ആരോഗ്യ അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടൊപ്പം കപ്പലിൽ ഐസലേഷൻ, ശുചിത്വ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന അധികൃതർ പൊതുജനങ്ങൾക്ക് അപകടസാധ്യത കുറഞ്ഞതാണെന്നും ഭയക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി.











Leave a Reply