അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നീലഗിരി ജില്ലയിലുള്ള കോടനാട് എസ്‌റ്റേറ്റിലെ ഓം ബഹദൂര്‍ എന്ന സെക്യൂരിറ്റി ഗാര്‍ഡാണ് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ജയലളിതയുടെ അവധിക്കാല വസതിയായിരുന്നു കോടനാട് എസ്‌റ്റേറ്റില്‍ ഞായറാഴ്ച രാത്രിയിലാണ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടത്. മറ്റൊരു കാവല്‍ക്കാരനായ കൃഷ്ണ ബഹദൂറിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


പത്തംഗ സംഘം എസ്റ്റേറ്റില്‍ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയെന്നാണ് രക്ഷപ്പെട്ട കൃഷ്ണ പൊലീസിന് മൊഴിനല്‍കിയത്. തിരിച്ചറിയാനാകാത്ത പത്ത് പേരാണ് എസ്റ്റേറ്റില്‍ കടന്ന് ആക്രമിച്ചതെന്നാണ് ഇയാള്‍ മൊഴിനല്‍കിയത്. മോഷണശ്രമമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഉറപ്പിച്ച് പറയാനാവില്ലെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യുകയും ചെയ്തു.

900 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന എസ്റ്റേറ്റിലെ 10ാം നമ്പര്‍ ഗേറ്റിലൂടെയാണ് അക്രമി സംഘം അകത്തുകടന്നത്. ജയലളിതയുടെ സ്വത്ത് വകകളുടെ അവകാശം സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനിടയിലുള്ള എസ്റ്റേറ്റിലെ അക്രമം ഗൗരവമായാണ് പൊലീസ് കാണുന്നത്.