തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഒഴിവുള്ള എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് ആക്കി മാറ്റുന്നതില്‍ തെറ്റില്ലെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍. ഇക്കാര്യത്തില്‍ നിയമപ്രശ്‌നം ഇല്ലെന്നും കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. ഒഴിവു വന്ന 111 എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് സീറ്റാക്കി സ്‌പോട്ട് അഡ്മിഷന്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ മാനേജ്‌മെന്റുകള്‍ രംഗത്തു വന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.

111 സീറ്റുകള്‍ ഒഴിവുണ്ടെന്ന വാദം ശരിയല്ലെന്നായിരുന്നു മാനേജ്‌മെന്റുകള്‍ പറഞ്ഞത്. സര്‍ക്കാര്‍ നടപടി ഒരു കോടിയിലേറെ നഷ്ടമുണ്ടാക്കുമെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധി ഡോ.ഫസല്‍ ഗഫൂര്‍ പറഞ്ഞു. സീറ്റുകള്‍ മാറ്റാന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. എന്നാല്‍ ചട്ടപ്രകാരമാണ് നടപടിയെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

20 ലക്ഷം രൂപ വരെ ഫീസ് ലഭിക്കുന്ന എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് ആക്കി മാറ്റുമ്പോള്‍ മാനേജ്‌മെന്റുകള്‍ക്ക് ലഭിക്കുന്ന ലാഭത്തില്‍ കുറവുണ്ടാകും. ഇതാണ് മാനേജ്‌മെന്റുകളെ ചൊടിപ്പിക്കുന്നത്. പ്രവേശനത്തില്‍ മെറിറ്റ് അട്ടിമറിച്ചെന്ന ആരോപണമാണ് മാനേജ്‌മെന്റുകള്‍ ഉയര്‍ത്തിയത്.