ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് കടുത്ത തിരിച്ചടി നേരിടുമെന്നാണ് പൊതുവേ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത്. ജീവിത ചിലവ് വർദ്ധനവും പണപ്പെരുപ്പവും ഇന്ധന വിലയിലെ വർദ്ധനവും ഉൾപ്പെടെയുള്ള ചിലവുകൾ പൊതുജനത്തിനെ പൊറുതി മുട്ടിക്കുകയാണ്.

എന്നാൽ പണപ്പെരുപ്പം കുറഞ്ഞിട്ടും എന്തുകൊണ്ടാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കാത്തത്. സാമ്പത്തിക നിരീക്ഷകർ ഉയർത്തുന്ന പ്രധാന ചോദ്യമാണ് ഇത്. പണപ്പെരുപ്പം കുറഞ്ഞതിന് പിന്നാലെ പലിശ നിരക്കുകൾ കുറയ്ക്കുമെന്നും അത് പൊതുജനങ്ങളുടെ ഇടയിൽ ഭരണപക്ഷത്തിന് അനുകൂലമായ ജനപിന്തുണ കൂട്ടുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്. എന്നാൽ പണപ്പെരുപ്പം കുറഞ്ഞിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാത്തത് പ്രധാനമന്ത്രി ഋഷി സുനകിന് കടുത്ത തിരിച്ചടിയായിരിക്കുകയാണ് .

അടുത്ത ക്രിസ്തുമസിനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവിലെ പലിശ നിരക്കായ 5.25 ശതമാനത്തിൽ നിന്ന് കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് പലിശ നിരക്ക് കുറയുന്നത് അടുത്ത പൊതു തിരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ പലിശ നിരക്ക് കുറയുന്നതിന്റെ ഫലം തിരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിന് ലഭിക്കാനുള്ള സാധ്യതയില്ല.