സ്റ്റീവനേജ്: സർഗ്ഗതാളം സ്റ്റീവനേജിന്റെ ബാനറിൽ ജോണി കല്ലടാന്തി നേതൃത്വം നൽകുന്ന ശിങ്കാരി മേളം,യു കെ യിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവഗായകർ ഒരുക്കുന്ന ഓ എൻ വി ഗാനാമൃതം, സജി ചാക്കോയുടെ നേതൃത്വത്തിൽ ‘ടീം ലണ്ടൻ’ അവതരിപ്പിക്കുന്ന ഓഎൻ വി മെഡ്ലി, പ്രഗത്ഭരായ കലാകാരുടെ സർഗ്ഗ പ്രതിഭ തെളിയിക്കുന്ന 60 ൽ പരം സംഗീത-നൃത്ത ഇനങ്ങൾ അടക്കം അതിസമ്പന്നമായ കലാ വസന്തം വെൽവിൻ സിവിക് സെന്ററിൽ ശനിയാഴ്ച അരങ്ങേറും. പ്രവേശനം തികച്ചും സൗജന്യമാണ്.

യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠ നേടുകയും, ആവേശപൂർവ്വം കാത്തിരിക്കുകയും ചെയ്യുന്ന സെവൻ ബീറ്റ്‌സ് സംഗീതോത്സവ കലാവേദിയിൽ വെച്ച് സ്കോട്ട്ലണ്ടനിൽ നിന്നുള്ള പ്രശസ്ത കലാകാരൻ ജിൻസൺ ഇരിട്ടി രചനയും, സംവിധാനവും നിർവ്വഹിച്ച ‘ബിഹൈൻഡ്’ സിനിമയുടെ ഫസ്റ്റ് ടീസർ റിലീസിങ് കർമ്മവും തദവസരത്തിൽ നടക്കും. പ്രശസ്ത പിന്നണി ഗായകൻ ജി വേണുഗോപാൽ ആദ്യമായി സംഗീത സംവിധാനം ചെയ്ത് ആലപിച്ച ഗാനമടക്കം, രശ്മി പ്രകാശും, ബീനാ റോയിയും രചനകൾ നിർവ്വഹിക്കുകയും, യുവ ഇംഗ്ളീഷ് സംഗീത സംവിധായകൻ ആൻഡ്രൂ ഹബ്ബാർഡ് സംഗീത സംവിധാനം ചെയ്യുകയും ചെയ്ത ഗാനങ്ങളും ചേർന്ന് സംഗീത സാന്ദ്രതമായ ‘ബിഹൈൻഡ്’ മൂവി ആകാംക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. ബെഡ്ഫോർഡിൽ നിന്നുള്ള പ്രശസ്ത യുവ ഗായിക ഡെന്ന ജോമോൻ മാമ്മൂട്ടിൽ ബിഹൈൻഡിനായി ഗാനം ആലപിക്കുമ്പോൾ, ഡെന്നയുടെ പിതാവും, സെവൻ ബീറ്റ്സിന്റെ അമരക്കാനുമായ ജോമോൻ മാമ്മൂട്ടിൽ അഭിനേതാവായും ചിത്രത്തിൽ മുഖം കാണിക്കുന്നുണ്ട്.

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി അർഹമായ പാവന സ്മരണയും, സംഗീതാദദരവും, സെവൻ ബീറ്റ്സിന്റെ വേദിയിൽ വെച്ച് ആരാധകവൃന്ദത്തോടൊപ്പം സമർപ്പിക്കും.

സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്ത-നൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന അരങ്ങിൽ, സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുള്ള സുവർണ്ണാവസരമാവും വേദി സമ്മാനിക്കുക. ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക.

സെവൻ ബീറ്റ്‌സ്-സർഗ്ഗം സ്റ്റീവനേജ് സംയുക്ത കലാനിശ, യു കെ യിലെ അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്ന് ഒരുക്കുമ്പോൾ, ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു കലോത്സവ വേദിയാവും വെൽവിനിൽ അരങ്ങേറുക. സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട്, യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവം അതിന്റെ സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737956977

വേദിയുടെ വിലാസം:
CIVIC CENTRE ,WELWYN , STEVENAGE, AL6 9ER