മന്ത്രിമാരായ പി രാജീവിനെയും കെഎന്‍ ബാലഗോപാലിനെയും അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ. ഗവര്‍ണര്‍ വെറും വാട്‌സ്ആപ്പ് സംഘിയാണെന്നും ഇരിക്കുന്ന പദവിയുടെ അന്തസ് മനസിലാകാതെ കെട്ടുന്നത് വിദൂഷക വേഷമാണെന്ന് എസ്എഫ്‌ഐ പറഞ്ഞു.ആര്‍എസ്എസ് മേധാവിയെ കാണുമ്പോള്‍ തൊഴുതു മുട്ടിലിഴയുന്ന ഗവര്‍ണര്‍ ആടുന്ന നാടകം ആര്‍ക്ക് വേണ്ടിയാണെന്ന് മനസിലാക്കാനുള്ള മിനിമം ബുദ്ധി മലയാളികള്‍ക്കുണ്ട്. ആ കാവി പരിപ്പ് കേരളത്തില്‍ വേവാന്‍ ഈ വിദൂഷക വേഷം പോരാതെ വരുമെന്ന് പിഎം ആര്‍ഷോ പറഞ്ഞു.

പിഎം ആര്‍ഷോ പറഞ്ഞത്…

ഗവര്‍ണര്‍ വെറും വാട്‌സ് ആപ് സംഘി. ഇരിക്കുന്ന പദവിയുടെ അന്തസ് മനസിലാകാതെ കെട്ടുന്നത് വിദൂഷക വേഷം. ഗവര്‍ണര്‍ പദവിയുടെ അന്തസ്സിനും ഫെഡറല്‍ ജനാധിപത്യത്തിന്റെ അവകാശ ചരിത്രത്തിനും കളങ്കം വരുത്തുന്ന പ്രസ്താവനകള്‍ നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അപഹാസ്യനായി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. മനോനില തെറ്റിയ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ രാഷ്ട്രപതി തയ്യാറാകണം.

ഇന്ത്യന്‍ യൂണിയനിലെ സ്വയം ഭരണ പ്രദേശങ്ങളായ ഫെഡറല്‍ സ്റ്റേറ്റുകളില്‍ ഗവര്‍ണര്‍ എന്ന പദവിയുടെ പ്രധാന്യവും സാധുതകളും എത്രത്തോളം മാത്രമാണെന്ന് നമ്മള്‍ ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്തതാണ്. സംസ്ഥാന മന്ത്രി സഭയുടെ ഉപദേശങ്ങള്‍ അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കേണ്ട പരിമിതമായ അധികാര പരിധിയുള്ള ഒരു സ്ഥാനത്തിരിരുന്നു കൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വെല്ലു വിളിച്ച് കൊണ്ടിരിക്കുന്നത്.

സംസ്ഥാന നിയമ മന്ത്രി കൂടിയായ സഖാവ് പി. രാജീവിനെ നീചമായ പദ പ്രയോഗങ്ങളിലൂടെയാണ് ഗവര്‍ണര്‍ അധിക്ഷേച്ചിരിക്കുന്നത്. വസ്തുനിഷ്ഠവും ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയും മാത്രം കാര്യങ്ങളെ കുറിച്ച് പഠിച്ചു നിലപാടെടുക്കുന്നതില്‍ മുന്‍പന്തിയിയിലുള്ള സ:പി.രാജീവ് പാര്‍ലിമെന്റ് അംഗമായപ്പോള്‍ ഭരണപക്ഷ അംഗങ്ങളുടെ പോലും പ്രശംസ പിടിച്ച് പറ്റിയ ആളാണ്. അങ്ങനെയൊരു മന്ത്രിയെ കുറിച്ചാണ് അപഹാസ്യമായ നിലയില്‍ ഗവര്‍ണര്‍ സ്ഥാനത്തിന് ആക്ഷേപകരമായ തരത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ നീചമായ നിലയില്‍ അധിക്ഷേപം ചൊരിയുന്നത്.

കൂടാതെ ലോട്ടറിയും മദ്യവും മാത്രമാണ് കേരളത്തിന്റെ പ്രധാന വരുമാനം എന്ന നിലയില്‍ സംഘികളുടെ വാട്‌സ് ആപ് മെറ്റീരിയലിനെ തോല്‍പ്പിക്കുന്ന മണ്ടത്തരങ്ങളും അദ്ദേഹം എഴുന്നള്ളിച്ചിട്ടുണ്ട്. RBI റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ വെറും 4.9% മാത്രമാണ് എക്‌സൈസ് ഇനത്തില്‍ കേരളത്തിന് ലഭിക്കുന്നത്. തെക്കേ ഇന്ത്യയില്‍ ഏറ്റവും കുറവ് കേരളത്തില്‍ എന്ന് മാത്രമല്ല, രാജ്യത്ത് തന്നെ മദ്യത്തില്‍ നിന്ന് ഏറ്റവും കുറവ് വരുമാനം കണ്ടെത്തുന്ന സംസ്ഥാനമാണ് കേരളം. തെക്കേ ഇന്ത്യയില്‍ മദ്യം വിറ്റ് ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്നത് ഗവര്‍ണ്ണറുടെ ബിജെപി ഭരിക്കുന്ന കര്‍ണാടകയാണ് (23.9%). ഇനി ലോട്ടറിയുടെ കാര്യമെടുത്താല്‍ അത് സംസ്ഥാനത്തിന്റെ വാര്‍ഷിക വരുമാനത്തിന്റെ വെറും 0.30.5% മാത്രമാണ്. ലോട്ടറി വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന തുകയുടെ അമ്പത് ശതമാനവും നേരിട്ട് സമ്മാനമായി ജനങ്ങളിലേക്ക് തന്നെ തിരികെ ചെല്ലുകയാണ് ചെയ്യുന്നത്.

വാട്‌സ് അപ്പ് സംഘികള്‍ പടച്ചു വിടുന്ന വിവരക്കേടുകള്‍ക്കപ്പുറം വസ്തുനിഷ്ഠമായ ഒരു പഠനം പോലും നടത്താന്‍ അറിവില്ലാത്ത ആളാണ് പി.രാജീവിനെ പോലുള്ള മന്ത്രിമാരെ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.ആര്‍.എസ്.എസ് മേധാവിയെ കാണുമ്പോള്‍ നടു വളച്ച് തൊഴുതു മുട്ടിലിഴയുന്ന ഗവര്‍ണ്ണര്‍ ആടുന്ന നാടകം ആര്‍ക്ക് വേണ്ടിയാണെന്ന് മനസിലാക്കാനുള്ള മിനിമം ബുദ്ധി മലയാളികള്‍ക്കുണ്ട്. ആ കാവി പരിപ്പ് കേരളത്തില്‍ വേവാന്‍ ഈ വിദൂഷക വേഷം പോരാതെ വരും.