ദുബായ്: എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി സിനിമയെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി നിര്‍മാതാവ് ഡോ.ബി.ആര്‍.ഷെട്ടി പ്രഖ്യാപിച്ചു. അതേസമയം മഹാഭാരതം സിനിമയാക്കണമെന്ന മോഹം ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലും ഇതര ഭാഷകളില്‍ മഹാഭാരതം എന്ന പേരിലും സിനിമ എടുക്കുമെന്നായിരുന്നു സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തിരക്കഥ സംബന്ധിച്ച് എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ തര്‍ക്കം നടക്കുന്നതായി അറിഞ്ഞു. ഇതിനിടയില്‍ തന്നെ ആ കഥ മഹാഭാരതം എന്ന പേരില്‍ സിനിമയാക്കിയാല്‍ പ്രശ്നമുണ്ടായേക്കുമെന്ന് ചിലര്‍ അറിയിച്ചു. ഹിന്ദിയില്‍ പത്മാവത് എന്ന സിനിമയുടെ കാര്യം പറഞ്ഞായിരുന്നു അവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള തര്‍ക്കവും പത്മാവത് ഉണ്ടാക്കിയ വിവാദങ്ങളും കണക്കിലെടുത്താണ് ഈ പദ്ധതി ഉപേക്ഷിക്കുന്നതെന്ന് ഡോ.ഷെട്ടി അറിയിച്ചു. ഇക്കാര്യത്തെ കുറിച്ച് മാതാ അമൃതാനന്ദമയിയുമായും സദ്ഗുരുവുമായും സംസാരിച്ചിരുന്നു. അവരുടെ കൂടി ഉപദേശം തേടിയാണ് ഈ തീരുമാനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടാമൂഴം തന്നെ സംബന്ധിച്ചിടത്തോളം ഇനി അടഞ്ഞ അധ്യായമാണ്. പക്ഷേ, മഹാഭാരതം സിനിമയാക്കണമെന്ന പദ്ധതി ഉപേക്ഷിക്കുന്നില്ല. അതിനായുള്ള നല്ല തിരക്കഥ തേടുകയാണ്. അതിനായി നേരത്തെ വാഗ്ദാനം ചെയ്ത പണം ഇപ്പോഴും മഹാഭാരതത്തിനായി തന്നെ മാറ്റിവെച്ചിരിക്കുകയാണെന്നും ഷെട്ടി വിശദീകരിച്ചു.

എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കുന്ന കാര്യം ഒന്നര വര്‍ഷം മുമ്പ്  സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് പ്രഖ്യാപിച്ചത്. ഇതിനായി ആയിരം കോടി രൂപയോളം മുടക്കാന്‍ ബി.ആര്‍.ഷെട്ടിയും സന്നദ്ധനായിരുന്നു. ഇരുവരും അബുദാബിയില്‍ വെച്ച് പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനിടയില്‍ തിരക്കഥ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് എം.ടി കോഴിക്കോട് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. പറഞ്ഞ സമയത്തിനകത്ത് സിനിമാ നിര്‍മാണം തുടങ്ങാത്തതിന്റെ പേരിലായിരുന്നു എം.ടി തിരക്കഥ തിരിച്ചുചോദിച്ചത്.