പടിഞ്ഞാറൻ ലണ്ടനിൽ ടൂറിസ്റ്റ് യുവതിയുടെ പേഴ്സ് മോഷ്ടിച്ചത് സ്ത്രീ മോഷ്ടാക്കളെന്നു ക്യാമറ ദൃശ്യങ്ങൾ. ലണ്ടനിൽ വഴിയാത്രക്കാരായ നീന സ്പെൻസറും, കൂട്ടുകാരി ടോയ്‌യും കേംബ്രിഡ്ജ് സർക്കസിൽ നിന്നും പാലസ് തീയറ്ററി ലേക്കുള്ള യാത്രയിൽ കൂട്ടുകാരെ കാണിക്കുന്നതിനായി സെൽഫി സ്റ്റിക്ക് ഉപയോഗിച്ച് വീഡിയോ എടുക്കുകയാരുന്നു. റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ പെട്ടെന്നാണ് ടോയ് തന്റെ ബാഗിൽ പേഴ്സ് മോഷണം പോയതിനെ പറ്റി അറിയുന്നത്. 400 പൗണ്ട് പണവും, ക്രെഡിറ്റ് കാർഡുകളും മറ്റും പേഴ്സിൽ ഉണ്ടായിരുന്നു.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ലണ്ടൻ നഗരത്തിൽ വർധിച്ചുവരുന്ന മോഷണങ്ങളിൽ ഏറ്റവും അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് ഇത്. തായ്‌ലൻഡിൽ നിന്നുള്ള ടൂറിസ്റ്റുകളാണ് ഇരുവരും. ഇവർ തങ്ങൾ എടുത്ത വീഡിയോ ദൃശ്യം പരിശോധിച്ചപ്പോൾ ഒരു സ്ത്രീ ബാഗിൽ നിന്നും പേഴ്സ് മോഷ്ടിക്കുന്നതായി കണ്ടു. മൂന്നംഗ മോഷണ സംഘത്തിലെ ഒരാളായിരുന്നു അവർ. രണ്ടുപേർ മാറിനിന്ന് ഇതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുന്ന ദൃശ്യങ്ങളും ഉണ്ടായിരുന്നു.ഒരാൾ മോഷണത്തിനായി ബാഗിലേക്ക് കൈ ഇട്ടപ്പോൾ,അടുത്തയാൾ ഷോപ്പിംഗ് ബാഗ് ഉപയോഗിച്ച് കൈ മറച്ചു. മോഷ്ടിച്ച പേഴ്സ് മൂന്നാമതൊരാൾ വാങ്ങിച്ചു മറച്ചുപിടിച്ചു.പിന്നീട് മൂവരും പെട്ടെന്ന് ആ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.


ടൂറിസ്റ്റുകൾ പോലീസിൽ റിപ്പോർട്ട് ചെയ്തെങ്കിലും പേഴ്സ് ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. പോലീസിനു വേണ്ടതായ സഹായങ്ങൾ എല്ലാം ചെയ്യുമെന്നു ടൂറിസ്റ്റുകൾ അറിയിച്ചു.പേഴ്സ് തിരികെ ലഭിക്കുമെന്നു പ്രതീക്ഷ ഇല്ലെന്നും എന്നാൽ നഗരത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പോലീസിനെ സഹായിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അവർ അറിയിച്ചു. തായ്‌ലൻഡ് കാരിയായ സ്പെൻസർ ബ്രിട്ടീഷുകാരനായ ഭർത്താവിനൊപ്പം വർഷങ്ങളായി ബ്രിട്ടനിൽ താമസിക്കുകയാണ്. അവരെ സന്ദർശിക്കുന്നതിനായാണ് ടോയ് എത്തിയത്. ലണ്ടനിൽ മോഷണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.