ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ജിപിമാരുടെ കുറവ് കാരണം ആയിരക്കണക്കിന് ആളുകൾക്ക് അപ്പോയിന്റ്മെന്റ് ലഭിക്കാൻ തടസമാകുന്നെന്ന് വെളിപ്പെടുത്തലുമായി എൻ എച്ച് എസ്. പ്രതിമാസ സ്റ്റാഫിംഗ് ഡാറ്റയിലാണ് വെളിപ്പെടുത്തൽ. 2015 നെ അപേക്ഷിച്ച് ഇപ്പോൾ ഏകദേശം 2,000 ഫാമിലി ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം രോഗികളുടെ എണ്ണം ദിനംതോറും കുതിച്ചുയരുകയാണ്.
ഒരു നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും രോഗികളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഡോക്ടർമാരില്ലാത്ത സാഹചര്യം വലിയ ആശങ്ക സൃഷ്ടിക്കുന്നെന്നാണ് വിദഗ്ധർ പറയുന്നത്. ഇപ്പോൾ ടോറി നേതൃത്വം ഇത് പരിഹരിക്കാമെന്ന് ഉറപ്പു നൽകി രംഗത്തു വന്നിരിക്കുകയാണ്. സീനിയർ ഫാമിലി ഡോക്ടർമാരുടെ സേവനം അടിയന്തിരമായി വർദ്ധിപ്പിക്കുമെന്നും അവർ വ്യക്തമാക്കുന്നുണ്ട്.
ചികിത്സയ്ക്കായി ആഴ്ചകൾ കാത്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗവൺമെന്റിന്റെ ഭാഗത്തു നിന്ന് വിഷയത്തിന്മേൽ ഗൗരവമായ സമീപനം ഉണ്ടാകുന്നില്ലെന്നാണ് റോയൽ കോളേജ് ഓഫ് ജിപിയുടെ ചെയർ പ്രൊഫസർ മാർട്ടിൻ മാർഷൽ പറയുന്നത്. 2019 ൽ മാനിഫെസ്റ്റോ പുറത്തിറക്കിയ ശേഷം സർക്കാർ ഈ കാര്യത്തിൽ മിണ്ടിയിട്ടില്ലെന്നും വിമർശനമായി ഉയരുന്നുണ്ട്.
Leave a Reply