ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഈ വർഷം പൊതുതിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യത്തിൽ ഉറച്ച് ജനങ്ങളിൽ ഏറെയും. ഈ അടുത്ത് നടത്തിയ അഭിപ്രായ സർവേയിലാണ് ഇക്കാര്യം പുറത്ത് വന്നത്. പത്ത് പേരിൽ നടത്തിയ സർവേയിൽ 6 പേരും തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം ഉന്നയിച്ചു. ആറാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് വേണമെന്നും സർവേ സൂചിപ്പിക്കുന്നു. സാമ്പത്തികമായും രാഷ്ട്രീയപരമായും രാജ്യം പലവിധ പ്രതിസന്ധികളെ അതിജീവിക്കുന്ന സമയത്താണ് ജനങ്ങൾ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.

2025 ജനുവരി വരെ ഋഷി സുനകിന് കാലാവധി ഉണ്ട്. അതിനുള്ളിൽ ഒരു വോട്ടെടുപ്പ് ഉണ്ടായാൽ എങ്ങനെ പ്രതിഫലിക്കും എന്നുള്ള ആശങ്കയിലാണ് ടോറി നേതൃത്വം. സാമ്പത്തിക രംഗം ഇതിനുള്ളിൽ പുരോഗതി കൈവരിച്ചാൽ അതൊരു മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. സർവേ പ്രകാരം, പലവിധ പരിമിതികൾ നിലനിൽക്കുന്ന 2022 ൽ കെയർ സ്റ്റാർമറുടെ ലേബർ പാർട്ടിയേക്കാൾ 20 പോയിന്റ് പിന്നിലാണ് കൺസർവേറ്റീവുകൾ. റെഡ്ഫീൽഡ് ആൻഡ് വിൽട്ടൺ സ്ട്രാറ്റജീസിന്റെ കണക്കുകൾ പ്രകാരം ഈ വർഷം തന്നെ പൊതുതിരഞ്ഞെടുപ്പ് ഉണ്ടാകണമെന്ന ആഗ്രഹമാണ് ജനങ്ങളിൽ ഏറെയും പങ്കുവയ്ക്കുന്നത്.

പോൾ ചെയ്തവരിൽ 61 ശതമാനം പേരും ഈ വർഷം തിരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായത്തെ പിന്തുണച്ചു. 52 ശതമാനം പേർ ഈസ്റ്ററിന് മുമ്പ് തിരഞ്ഞെടുപ്പ് വേണമെന്ന് അഭിപ്രായപ്പെട്ടു. ഇതിനിടയിൽ മുൻ പ്രധാനമന്ത്രി ലിസ് ട്രസ് വാർത്തകളിൽ ഇടംപിടിക്കുകയാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാൻ കൊണ്ടുവന്ന നികുതി വെട്ടിച്ചുരുക്കൽ പദ്ധതി വേണ്ടവിധത്തിൽ പാർട്ടി നേതൃത്വവും, ജനങ്ങളും ഏറ്റെടുത്തില്ലെന്ന് ദേശീയ പത്രത്തിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.