ഗസിയാബാദ്‌: സ്‌നാപ്പ്‌ഡീല്‍ ജീവനക്കാരിയെ തട്ടിക്കൊണ്ടു പോയ സംഭവം നടപ്പാക്കാന്‍ പ്രതി ഇരയെ 150 തവണ പിന്തുടരുകയും രണ്ടു പുതിയ ഓട്ടോ വാങ്ങുകയും ചെയ്‌തതായി വെളിപ്പെടുത്തല്‍. ബുദ്ധികേന്ദ്രമായി പോലീസ്‌ പിടിച്ച 29 കാരന്‍ മൂന്ന്‌ കൊലപാതകകേസില്‍ പ്രതിയാണെന്നും അന്ധമായ പ്രണയമായിരുന്നു നാടകത്തിന്‌ പിന്നിലെന്നും പോലീസ്‌ പറഞ്ഞു.
29 കാരനായ ദേവേന്ദറാണ്‌ കേസില്‍ തിങ്കളാഴ്‌ച പിടിയിലായത്‌. ഫെബ്രുവരി 10 ന്‌ ഒരു ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകുകയും പിന്നീട്‌ രണ്ടു ദിവസം കഴിഞ്ഞ്‌ വിട്ടയയ്‌ക്കുകയും ചെയ്‌ത കേസില്‍ ഇര തന്നെ പ്രണയിക്കുന്നതായി വിശ്വസിച്ചിരുന്നതായി പോലീസ്‌ പറഞ്ഞു. വിവാഹിതനായ ഇയാള്‍ എല്ലാം ബോളിവുഡ്‌ ത്രീകോണ പ്രണയ സിനിമാ സ്‌റ്റൈലിലാണ്‌ പദ്ധതിയിട്ടതും നടപ്പാക്കിയതുമെന്നും തെളിയിക്കുന്ന വിവരങ്ങളാണ്‌ പുറത്തു വന്നുകൊണ്ടിരിക്കുന്നത്‌.
മോചനദ്രവ്യത്തിന്‌ വേണ്ടി കാമുകന്‍ പദ്ധതിയിട്ട തട്ടിക്കൊണ്ടു പോകല്‍ ശ്രമത്തില്‍ നിന്നും രക്ഷിക്കുകയാണ്‌ താന്‍ ചെയ്‌തതെന്ന്‌ ഇയാള്‍ ദീപ്‌തിയെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്‌തു. സമ്പൂര്‍ണ്ണ പ്‌ളാനും ദേവേന്ദറിന്റേതായിരുന്നെന്നും സംഘത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക്‌ പോലും ഒന്നും അറിയാമായിരുന്നില്ലെന്നും പോലീസ്‌ പറഞ്ഞു. മുമ്പ്‌ 32 കേസുകളുള്ള ദേവേന്ദറിന്‌ പക്ഷേ ചെയ്‌തതിലൊന്നും ഖേദമില്ല. പ്രദീപ്‌, ഫാഹിം, മോഹിത്‌, മജീദ്‌ എന്നിങ്ങനെ മറ്റു നാലു പേര്‍ക്കൊപ്പമാണ്‌ ഇയാള്‍ പിടിയിലായത്‌. പക്ഷേ ഇയാളുടെ മനസ്സിലിരിപ്പ്‌ നാലു പേര്‍ക്കും അറിയുമായിരുന്നില്ല. ദീപ്‌തി ഹവാലാപണം കൈകാര്യം ചെയ്യുന്നയാളാണെന്നും തട്ടിക്കൊണ്ടുപോയാല്‍ ഓരോരുത്തര്‍ക്കും ഒരു കോടി വീതം കിട്ടുമെന്നും ആയിരുന്നു അവരോട്‌ പറഞ്ഞിരുന്നത്‌. ഹവാലാ ഇടപാടില്‍ അനധികൃത പണമാണ്‌ കൈകാര്യം ചെയ്യുന്നതെന്നതിനാല്‍ പ്രശ്‌നമില്ലെന്നതിനാലാണ്‌ മറ്റു നാലുപേരും വീണത്‌.

തനിക്ക്‌ ഒട്ടനേകം കേസുകളുണ്ട്‌. എന്നിരുന്നാലും പ്രണയത്തിന്‌ കേസ്‌ പ്രശ്‌നമാണോ എന്ന്‌ ദേവേന്ദര്‍ പോലീസിനോട്‌ ചോദിച്ചു. രാജീവ്‌ ചൗക്ക്‌ മെട്രോ സ്‌റ്റേഷനില്‍ വെച്ച്‌ കഴിഞ്ഞ ജനുവരിയില്‍ ആദ്യം കണ്ടപ്പോള്‍ തന്നെ തനിക്ക്‌ വേണ്ടി ദൈവം സൃഷ്‌ടിച്ചവള്‍ എന്നാണ്‌ ദീപ്‌തിയെ കുറിച്ച്‌ ദേവേന്ദറിന്‌ തോന്നിയതത്രേ. അന്ന്‌ മുതല്‍ ദീപ്‌തിയെ പിന്തുടര്‍ന്നിരുന്ന ഇയാള്‍ അവര്‍ എവിടെയാണ്‌ ജോലി ചെയ്യുന്നതെന്നും താമസിക്കുന്നതെന്നും കണ്ടുപിടിച്ചു. പിന്നീട്‌ എവിടെ പോയാലും പിന്തുടരുക, എവിടെയെല്ലാം ചുറ്റിത്തിരിയുന്നു എന്തൊക്കെ ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം നിരീക്ഷിച്ചു. മാള്‍, റസ്‌റ്റോറന്റ്‌ തുടങ്ങി എല്ലായ്‌പ്പോഴും നിഴല്‍പോലെ പിന്നാലെ കൂടി. മെട്രോയിലോ ഓട്ടോയിലോ എവിടെയും ഇയാളുടെ കണ്ണുകളെത്തി.

ഒരു വര്‍ഷത്തിലധികം സമയത്ത്‌ 150 ലധികം തവണ പിന്തുടര്‍ന്നു. കഴിഞ്ഞ നവംബറില്‍ തയ്യാറാക്കിയ പദ്ധതിയായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ഇതിനായി ദേവേന്ദര്‍ പുതിയ രണ്ട്‌ ഓട്ടോ വാങ്ങുകയും വൈശാലി മെട്രോയില്‍ ഓടാനും തുടങ്ങിയിരുന്നു. ഇവിടെ നിന്നും ദീപ്‌തി സ്‌ഥിരമായി ഓട്ടോ വിളിച്ച്‌ ഗസിയാബാദിലെ പഴയ ബസ്‌ സ്‌റ്റാന്‍ഡിലേക്ക്‌ പോകാറുള്ളതായിരുന്നു ലക്ഷ്യം. ഇവിടെ നിന്നും പിതാവിനൊപ്പമാണ്‌ ദീപ്‌തി കവി നഗറിലെ വീട്ടിലേക്ക്‌ പോകുന്നത്‌. മുമ്പ്‌ രണ്ടു തവണ ദീപ്‌തി തന്റെ ഓട്ടോയില്‍ കയറിയിട്ടുണ്ടെന്നും ദേവേന്ദര്‍ പറഞ്ഞു.

ഫെബ്രുവരി 10 രാത്രിയില്‍ ദേവേന്ദറും കൂട്ടുകാരും ദീപ്‌തി കയറുന്ന ഓട്ടോ പഞ്ചറാണെന്ന്‌ പറഞ്ഞ്‌ നിര്‍ത്താനും മറ്റൊരു ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോകണമെന്നുമായിരുന്നു പദ്ധതിയിട്ടത്‌. എല്ലാം പദ്ധതി അനുസരിച്ച്‌ നടന്നു. മോഹന്‍നഗര്‍ ഫ്‌ളൈ ഓവറില്‍ ഓട്ടോ നിര്‍ത്തുകയും അടുത്ത ഓട്ടോ പിന്തുടര്‍ന്ന്‌ എത്തുകയും ചെയ്‌തു. എന്നാല്‍ ഇവിടെ നിന്നും രണ്ടാമത്തെ ഓട്ടോയില്‍ ദീപ്‌തിക്കൊപ്പം വഴിയില്‍ നിന്നും മറ്റൊരു സ്‌ത്രീ കൂടി കയറി. കുറച്ചു ദൂരം ചെന്ന ശേഷം കൂട്ടത്തിലുണ്ടായിരുന്ന സ്‌ത്രീയെ കത്തികാട്ടി ഇറക്കിവിട്ട ശേഷം രാജ്‌നഗറിലെ മോര്‍ത്തിയിലേക്ക്‌ ഓടിച്ചുപോയി. അവിടെ നിന്നും കാറില്‍ ഭാഗ്‌പത്തിലേക്കും. പിന്നീട്‌ യമുനാനദി നീന്തിക്കടന്ന്‌ 16 കിലോമീറ്റര്‍ നടന്ന്‌ സോനിപത്തിലെ കാമിയില്‍ എത്തിച്ചേര്‍ന്നു.

അവിടെ ഒരു കരിമ്പിന്‍തോട്ടത്തില്‍ ഒരു ദിവസംമുഴുവന്‍ ദീപ്‌തിയെ പാര്‍പ്പിച്ചു. ഈ സമയത്ത്‌ ഭക്ഷണവും വെള്ളവും നല്‍കി നന്നായി നോക്കി. പിന്നീട്‌ മുര്‍ത്തലിലെ സുഹൃത്തിന്റെ വീട്ടിലേക്ക്‌ കൊണ്ടുപോയി. പിറ്റേന്ന്‌ ഇതെല്ലാം തങ്ങള്‍ ചെയ്‌തത്‌ കാമുകന്റെ തട്ടിക്കൊണ്ടു പോകല്‍ പദ്ധതിയില്‍ നിന്നാണെന്നു പറഞ്ഞു. ദീപ്‌തി തന്നെ വിശ്വസിച്ചതായി കരുതിയ ദേവേന്ദര്‍ വിട്ടയച്ചതിന്റെ പിറ്റേന്ന്‌ തന്നെ വിവാഹതാല്‍പ്പര്യം വെളിപ്പെടുത്തി. നേപ്പാളിലേക്ക്‌ പോകാമെന്നും തന്റെ ക്രിമിനല്‍ പശ്‌ചാത്തലം എല്ലാം അവസാനിപ്പിച്ച്‌ ദീപ്‌തിയുമായി പുതിയ ജീവിതം തുടങ്ങാമെന്നായിരുന്നു വിശ്വസിച്ചത്‌.