കൊച്ചി: മന്ത്രി ഷിബു ബേബി ജോണിനും സരിത എസ്. നായര്‍ക്കും സോളാര്‍ കമ്മീഷന്റെ വിമര്‍ശനം. കമ്മീഷനെതിരായി നടത്തിയ പരാമര്‍ശങ്ങളിലാണ് മന്ത്രിക്കെതിരേ കമ്മീഷന്‍ വിമര്‍ശനമുന്നയിച്ചത്. പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഷിബു ബേബി ജോണ്‍ സത്യവാങമൂലം സമര്‍പ്പിച്ചിരുന്നു. ബോധപൂര്‍വം അവഹളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ മന്ത്രി സ്ഥാനത്തിരുന്ന് ഇത്തരം മോശം പരാമര്‍ശങ്ങള്‍ പാടില്ലെന്നും, സമൂഹത്തിന് ഇത് മോശം സന്ദേശം നല്‍കുമെന്നും കമ്മീഷന്‍ മറുപടി നല്‍കി. സത്യവാങ്മൂലത്തില്‍ പൂര്‍ണ സംതൃപ്തിയില്ലെന്നും എങ്കിലും ഖേദപ്രകടനം അംഗീകരിക്കുന്നതായും കമ്മീഷന്‍ പറഞ്ഞു
കമ്മീഷനു മുന്നില്‍ ഹാജരാകാതിരുന്നതിനാണ് സരിതയെ കമ്മീഷന്‍ വിമര്‍ശിച്ചത്. ഹാജരാകാതെ കോയമ്പത്തൂരില്‍ പോകണം എന്നു പറഞ്ഞാല്‍ നടക്കില്ലെന്നും, ഇതിനു പിന്നില്‍ വേറെ എന്തെങ്കിലും ഉണ്ടോയെന്ന് സംശയമുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ മൂലമാണ് സരിത ഹാജരാകാതിരുന്നത് എന്ന് സരിതയുടെ അഭിഭാഷകന്‍ അറിയിച്ചു.18-ാം തിയതി സരിത ഹാജരാകണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. സരിതയ്ക്ക് എതിരായ കമ്മീഷന്റെ വിമര്‍ശനത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ പിന്തുണച്ചു.

അതേ സമയം ഷിബു ബേബിജോണിനെതിരായ സോളാര്‍ കമ്മീഷന്റെ പരാമര്‍ശിനെതിരേ യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ രംഗത്തെത്തി. ജഡ്ജിമാര്‍ക്ക് പരിധിവിടാം, ജനപ്രതിനിധികള്‍ക്ക് പാടില്ലേ എന്ന് തങ്കച്ചന്‍ ചോദിച്ചു. ജഡ്ജിമാര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്നും തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കമ്മീഷന്‍ പലപ്പോഴും പരിധികള്‍ ലംഘിക്കുകയാണെന്നും തങ്കച്ചന്‍ ആരോപിച്ചു.