ഫാ. ബിജു കുന്നക്കാട്ട്

ചെല്‍ട്ടന്‍ഹാം: ദൈവാനുഭവത്തിന്റെ അഭിഷേക മഴയില്‍ മുങ്ങിനിവര്‍ന്നു ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയണിലെ അഭിഷേകാഗ്‌നി ഏകദിന കണ്‍വെന്‍ഷന്‍ സ്വര്‍ഗീയമായി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും വിഖ്യാത വചന പ്രഘോഷകന്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും നേതൃത്വം നല്‍കിയ കണ്‍വെന്‍ഷന്‍ ആയിരങ്ങള്‍ക്ക് ആത്മീയ ഉണര്‍വ് സമ്മാനിച്ചു. റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിലായിരുന്നു കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ നടന്നത്.

ഓരോ ഞായറാഴ്ച ആചാരണവും നമ്മെ നിത്യജീവനിലേക്കു അടുപ്പിക്കുന്നുവെന്നു ദിവ്യബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കിയ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഓരോ വി. കുര്‍ബാനയിലും വി. ഗ്രന്ഥം ഗ്രഹിക്കുവാന്‍ തക്കവണ്ണം കര്‍ത്താവ് മനസ്സ് തുറക്കുവാന്‍ ഓരോരുത്തരും പ്രാര്‍ത്ഥിക്കണം. ഈശോയുടെ സ്വരം കേള്‍ക്കുകയും അതിനനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവര്‍ക്കാണ് നിത്യജീവന്‍ ലഭിക്കുന്നത്. പരി. അമ്മയെപ്പോലെ ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന് പറയുന്നവരാണ് സ്വര്‍ഗീയ ജറുസലേമില്‍ പ്രവേശിക്കുന്നതെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.

തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തില്‍ പ്രത്യാശ വെയ്ക്കുകയും ചെയ്യുന്നവരെയാണ് കര്‍ത്താവ് കടാക്ഷിക്കുന്നതെന്നു മുഖ്യവചന പ്രഭാഷണം നടത്തിയ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. കുടുംബം വളരെയേറെ ബന്ധങ്ങളുടെ സ്ഥലമാണ്. ആ ബന്ധങ്ങളെ സ്‌നേഹത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും പരിപോഷിപ്പിക്കുകയും ചെയ്യണമെന്ന് ഫാ. വട്ടായില്‍ ഓര്‍മ്മിപ്പിച്ചു.

അഭിഷേകാഗ്‌നി ഏകദിന കണ്‍വെന്‍ഷന്‍ നവംബര്‍ 3 നു മാഞ്ചസ്റ്റര്‍ ബൗളേഴ്സ് എക്‌സിബിഷന്‍ സെന്ററിലും നവംബര്‍ 4 നു ലണ്ടന്‍ ക്രൈസ്റ്റ് ചര്‍ച് അവന്യൂവിലുള്ള ഹാരോ ലെഷര്‍ സെന്ററിലും വച്ചാണ് നടത്തപ്പെടുന്നത്. മാഞ്ചസ്റ്ററില്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയിലും ലണ്ടനില്‍ റവ. ഫാ. ജോസ് അന്ത്യംകുളവും ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ വിശ്വാസികളെയും ഈ അനുഗ്രഹ ദിവസങ്ങളിലേക്ക് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.