സണ്ണി ജോസഫ് രാഗമാലിക

യു.കെയിലെ ക്‌നാനയ സമുദായം ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതും ഈ വര്‍ഷം അധികാരത്തിലേറിയ സെന്‍ട്രല്‍ കമ്മറ്റിയുടെ വ്യാപിത ലക്ഷ്യങ്ങളിലൊന്നുമായി ക്‌നാനയ സമുദായ ചരിത്ര പഠനത്തിന് പ്രാരംഭം കുറിച്ചു. നവംബര്‍ 3-ാം തിയതി വൈകുന്നേരം മൂന്ന് മണിക്കായിരിക്കും യു.കെ.കെ.സി.എ പ്രസിഡന്റ് ശ്രീ. തോമസ് ജോസഫ് തിരിതിളിച്ച് ഉദാഘാടനം നിര്‍വ്വഹിക്കുന്നത്. തദവസരത്തില്‍ ബര്‍മിംഗ്ഹാം ക്‌നാനായ മിഷനിലേക്ക് പുതുതായി വന്ന റവ. ഫാ. ഷന്‍ജു കൊച്ചു പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. യു.കെയിലുടനീളമുള്ള യു.കെ.കെ.സി.എയുടെ യൂണിറ്റുകളില്‍ നിന്നും സന്നദ്ധരായി മുന്നോട്ടുവന്നിട്ടുള്ള 20 ഓളം പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ളവര്‍ക്ക് സമഗ്രമായ ഒരു പരിശീലനം തദസവരത്തില്‍ നടത്തപ്പെടുന്നതായിരിക്കും.

കോട്ടയം അതിരൂപതയുടെ ആധികാരിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഈ ഡിജിറ്റല്‍ എജ്യുക്കേഷണല്‍ പ്രോഗ്രാമിന് രൂപം കൊടുക്കുക. ‘Each them Young’ എന്ന രീതിയില്‍ വരും തലമുറയ്ക്ക് ക്‌നാനായ ചരിത്രം പകര്‍ന്നു നല്‍കുകയ വഴി അവരെ സഭയോടും സമുദായത്തോടും ചേര്‍ത്തു നിര്‍ത്തുന്നതിനാണ് ഈ പ്രോഗ്രാം വഴി ലക്ഷ്യവെക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ നാഷണല്‍ കൗണ്‍സിലിന്റെ തീരുമാനപ്രകാരം ശ്രീ. ജിമ്മി ചെറിയാനും ശ്രീ. ബോബന്‍ ഇലവുങ്കലുമായിരിക്കും ഇതിന്റെ കോഡിനേഷന്‍ നിര്‍വ്വഹിക്കുക. സെന്‍ട്രല്‍ കമ്മറ്റിയില്‍ നിന്നും ജോയിന്റ് സെക്രട്ടറി ശ്രീ. സണ്ണി ജോസഫിന്റെ നേതൃത്വത്തിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഇതോടെ ഈ ടീം എല്ലാ യൂണിറ്റുകളിലും മുന്‍ഗണനാക്രമത്തില്‍ ക്ലാസുകളെടുക്കാന്‍ സുസജ്ജമായി മാറും.