ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ

ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനം ബിര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ നടന്നു. സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന ചടങ്ങുകളില്‍ മുഖ്യാഥിതി ആയിരുന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാരായ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, സന്യാസിനികള്‍, രൂപതയുടെ എട്ടു റീജിയനുകളില്‍ നിന്നുള്ള പന്ത്രണ്ടുമുതല്‍ പതിനാറു വരെ പ്രായമുള്ള കുട്ടികള്‍, മതാധ്യാപകര്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു.

പന്ത്രണ്ട് വയസ് മുതല്‍ കുട്ടികള്‍ തങ്ങളുടെ ദൈവവിളിയെക്കുറിച്ചു ഗൗരവമായി ചിന്തിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സുവിശേഷസന്ദേശത്തില്‍ പറഞ്ഞു. ഈശോയെ പന്ത്രണ്ടാം വയസില്‍ കാണാതായതുമായി ബന്ധപ്പെട്ട സുവിശേഷഭാഗത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയെ ദേവാലയത്തില്‍ വെച്ച് കാണാതാവുകയായിരുന്നില്ല മറിച്ചു ഈശോ ദേവാലയത്തില്‍ ദൈവപിതാവുമൊന്നിച്ച് ആയിരിക്കുവാന്‍ സ്വയം തീരുമാനിച്ചു തന്റെ വിളി തിരിച്ചറിയുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് ഈ രൂപതയിലെ കുട്ടികളായ നിങ്ങളെ കാണാനും ഈ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാനുമായാണ് പ്രാധാനമായും വന്നിരിക്കുന്നതെന്നും, കുട്ടികളായ നിങ്ങളിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഭാവിയെന്നും ആമുഖ സന്ദേശത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കുട്ടികളോടായി പറഞ്ഞു.

ബെര്‍മിംഗ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിറഞ്ഞു കുട്ടികളും മുതിര്‍ന്നവരും എത്തിയ സമ്മേളനത്തില്‍ വികാരി ജനറാള്‍ റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. ഉദ്ഘാടനനത്തിനു ശേഷം നടന്ന വി. കുര്‍ബാനയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ ശിക്ഷണത്തില്‍ പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിലുള്ള ഗായകസംഘം വി. കുര്‍ബാനയില്‍ ഗാനങ്ങള്‍ ആലപിച്ചത് മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി.

ബൈബിള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഉച്ചകഴിഞ്ഞു നടന്നു. ഓല സ്റ്റെയിന്റെ അനുഭവസാക്ഷ്യം, പൗരസ്ത്യ സുറിയാനി പണ്ഡിതരായ ഡേവിഡ് വെല്‍സ്, സെബാസ്റ്റ്യന്‍ ബ്രോക് എന്നിവര്‍ നയിച്ച ക്ളാസ്സുകളും നടത്തപ്പെട്ടു. സീറോ മലബാര്‍ സഭയുടെ ലഘുചരിത്രവും ഭരണക്രമവും ഉള്‍ക്കൊള്ളിച്ചുള്ള ഡോക്യുമെന്ററി അവതരിപ്പിക്കപ്പെട്ടു.

രൂപതയുടെ പഞ്ചവത്സര പദ്ധതിയിലെ അടുത്തവര്‍ഷമായ യുവജനവര്‍ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് അലഞ്ചേരി നിര്‍വഹിച്ചു. രൂപതയുടെ വാര്‍ഷിക ബുള്ളറ്റിനായ ‘ദനഹ’യുടെ പ്രകാശനവും മാര്‍ ആലഞ്ചേരി നിര്‍വ്വഹിച്ചു. ഉച്ചകഴിഞ്ഞു നാല് മുപ്പത്തോടുകൂടി സമ്മേളനം സമാപിച്ചു. രണ്ടാഴ്ചയോളം യുകെയില്‍ അജപാലനസന്ദര്‍ശനം നടത്തുന്ന മാര്‍ ആലഞ്ചേരി രൂപതയുടെ പുതിയ കാല്‍വയ്പ്പായ മിഷന്‍ സെന്ററുകളുടെ ഔദ്യോഗിക ഉദ്ഘാടനങ്ങളും വിവിധ സ്ഥലങ്ങളില്‍ നിര്‍വഹിക്കുന്നുണ്ട്.