വിഷരഹിതമായ പച്ചക്കറികള്‍ ഉപയോഗിക്കുന്നത് മലയാളികള്‍ ശീലമാക്കണമെന്ന് നിരന്തരം ഉപദേശിക്കുന്ന വ്യക്തിയാണ് നടന്‍ ശ്രീനിവാസന്‍. എന്നാല്‍ ഷുഗര്‍ ലെവലില്‍ ഉണ്ടായ വ്യത്യാസത്തെ തുടര്‍ന്ന് ആശുപത്രിയിലായ ശ്രീനിവാസനെതിരെ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. നാഴികയ്ക്ക് നാല്‍പ്പത് വട്ടം ജൈവവസ്തുക്കളെയും ആയുര്‍വേദത്തെയും പുകഴ്ത്തി പറയുന്ന വ്യക്തി സ്വകാര്യ ആശുപത്രിയില്‍ അലോപ്പതി ചികിത്സ സ്വീകരിച്ചതെന്തിനെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. മാനസികരോഗമായതിനാലാണ് അദ്ദേഹമിത് പറയുന്നതെന്നുപോലും ആളുകള്‍ പറഞ്ഞ് പരത്തുകയുണ്ടായി. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന രീതിയില്‍ വീണ്ടും പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിവാസന്‍. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ശ്രീനിവാസന്റെ വാക്കുകളിലേയ്ക്ക്…

പണ്ടത്തെ കാലമല്ല. ആളുകള്‍ പണമുണ്ടാക്കാന്‍ വേണ്ടി ഭക്ഷണപദാര്‍ത്ഥങ്ങളില്‍ വിഷം ചേര്‍ക്കുകയാണ്. അത് തിരിച്ചറിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തന്നെ പേടിയായി. കുറച്ചു നാളായി നെല്‍ കൃഷി ചെയ്യുന്നുണ്ട്. എനിക്ക് പാടമൊന്നുമില്ല. മറ്റുള്ളവര്‍ കൃഷി ചെയ്യാതിരിക്കുന്ന പാടങ്ങള്‍ എടുത്ത് കൃഷി ചെയ്യുകയാണ്. തവിടില്ലാത്ത അരി കഴിക്കാന്‍ പാടില്ല. പക്ഷെ, അലക്കി ഇസ്തിരിയിട്ട അരിയാണ് എല്ലാവരും കഴിക്കുന്നത്. വെളുപ്പിച്ച അരി കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് കുഷ്ഠരോഗം ഉണ്ടായതെന്നാണ് പറയുന്നത്. തവിടു കളയാത്ത അരിയില്‍ ധാരാളം ഫൈബര്‍ ഉണ്ട്. തവിടെണ്ണയും വളരെ നല്ലതാണ്.

ബ്രോയിലര്‍ കോഴി 25 മുതല്‍ 30 ദിവസം കൊണ്ടാണ് മൂന്നു കിലോ തൂക്കത്തിലേക്ക് വളരുന്നത്. സാധാരണഗതിയില്‍ അഞ്ചാറ് മാസം എടുക്കും കോഴി പൂര്‍ണ വളര്‍ച്ച എത്താന്‍. മന്ത് രോഗത്തിനുള്ള മരുന്ന് കോഴിക്കുഞ്ഞിന്റെ കണ്ണില്‍ ഒഴിക്കും. അതോടെ കോഴിയുടെ ഹൃദയം തകരാറിലാകും. പിന്നെ കഴിക്കുന്ന ഭക്ഷണം മുഴുവന്‍ ദേഹത്ത് നീരായി പ്രത്യക്ഷപ്പെടും. ഇതിന് പുറമെ ഹോര്‍മോണുകള്‍ കുത്തിവെയ്ക്കും. ആന്റിബയോട്ടിക്ക്‌സ് കൊടുക്കും. നമ്മള്‍ നല്ല ഷര്‍ട്ടും ചെരുപ്പുമൊക്കെ വാങ്ങും, പക്ഷെ, ആരോഗ്യവും ശരീരവും ഇല്ലെങ്കില്‍ ഇതൊന്നും ഉണ്ടായിട്ട് കാര്യമില്ലല്ലോ.

ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും എണ്ണ മാറ്റുന്നത് ഒരാഴ്ച്ച കഴിഞ്ഞിട്ടാണെന്ന് ഒരു ഷെഫ് എന്നോട് പറഞ്ഞു. ഒരുവട്ടം ഉപയോഗിച്ച എണ്ണ വീണ്ടും തിളപ്പിക്കുമ്പോള്‍ തന്നെ അത് വിഷമായി മാറും. ഏഴു ദിവസമൊക്കെ കഴിയുമ്പോള്‍ സോപ്പ് ഉണ്ടാക്കുന്ന ആളുകള്‍ ഈ എണ്ണ ശേഖരിക്കാന്‍ വരും. അല്ലെങ്കില്‍ അത് തന്നെ വീണ്ടും ഉപയോഗിക്കും. മാനസിക രോഗം കൊണ്ടല്ല ഇത് പറയുന്നത്. എന്തിനാണ് പണം കൊടുത്ത് വിഷം വാങ്ങി കഴിക്കുന്നത്. ഞാന്‍ 13 വര്‍ഷം മുന്‍പ് എറണാകുളത്ത് സ്ഥലം വാങ്ങിയത് തന്നെ കൃഷി ചെയ്യാനാണ്. പിന്നെ അവിടെ വീട് വെയ്ക്കുകയാണ് ചെയ്തത്.