മലയാള സിനിമയെ കുറിച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആര്‍’ ചിത്രം ജനുവരിയില്‍ റിലീസിന് തയാറെടുക്കുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് സംവിധായകന്‍ സംസാരിച്ചത്.

കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ടെന്നാണ് രാജമൗലി പറയുന്നത്. ലോക്ഡൗണ്‍ കാലത്ത് മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് രൗജമൗലി മറുപടി നല്‍കിയത്.

മലയാള സിനിമ ഇപ്പോഴല്ല ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകള്‍ മലയാള സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് കണ്ടത് ഈ ലോക്ഡൗണ്‍ സമയത്ത് ആണെന്ന് മാത്രം.

മലയാളം സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനും സംവിധായകന്‍ മറുപടി പറഞ്ഞു. തന്റെ സിനിമയ്ക്ക് കഥാപാത്രങ്ങളാണ് പ്രാധാന്യം. കഥയും കഥാപാത്രവും ആവശ്യപ്പെടുന്നത് അനുസരിച്ചാണ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നത്.

അല്ലാതെ ശരി, ഇതൊരു മലയാള നടനെ വച്ച് ചെയ്യാം, തമിഴ് നടനെ വച്ച് ചെയ്യാം എന്ന് ആലോചിച്ചല്ല. തീര്‍ച്ചയായും മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും വച്ച് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലുള്ള കഥയും കഥാപാത്രവും വന്നാല്‍ അങ്ങനെ ഒരു സിനിമ ഉണ്ടാവുമെന്ന് രാജമൗലി വ്യക്തമാക്കി.