കോവിഡ് നമ്മുടെ പല മുന്‍ദ്ധാരണകളെയും വിശ്വാസങ്ങളെയും മാറ്റിമറിക്കുന്ന കാഴ്ചയാണ് ലോകത്തിന്റെ വിവിധ കോണില്‍നിന്നും നമുക്ക് കാണാന്‍ കഴിഞ്ഞത്.മനുഷ്യന്‍ കോവിഡ് ഒരുക്കിയ ജീവിത സാഹചര്യത്തിനനുസരിച്ച് മാറിക്കഴിഞ്ഞു .എങ്കിലും ഇപ്പോഴും ആ മാറ്റം ഉള്‍കൊള്ളാത്തവരും കുറച്ചൊക്കെ നമുക്കിടയില്‍ ഉണ്ട്. കോട്ടയത്ത് അത്തരത്തില്‍ ഒരു കാഴ്ചയ്ക്കും കേരളം സാക്ഷ്യം വഹിച്ചു. കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ എത്തിച്ചപ്പോള്‍ അത് തടയുന്നതും നമ്മള്‍ കണ്ടതാണ്. പക്ഷെ, ചില മാറ്റങ്ങള്‍..അത് ചരിത്രമാകുകയാണ്.. ആ ചരിത്രത്തിനു തുടക്കം കുറിച്ചത് ആലപ്പുഴയിലെ സെന്റ് അഗസ്റ്റിന്‍സ് പള്ളിയാണ് .

സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയും അവിടെ ചിതയിലെരിഞ്ഞ ത്രേസ്യാമ്മയും ചരിത്രത്തിന്റെ ഭാഗമാകുകയാണ്… കോവിഡ് ബാധിച്ച് മരിച്ച മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14ാം വാര്‍ഡില്‍ കാനാശേരില്‍ ത്രേസ്യാമ്മയുടെ മൃതദേഹമാണ് മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍ 6 വൈദികരുടെ സാന്നിധ്യത്തില്‍ ദഹിപ്പിച്ചത്. ത്രേസ്യാമ്മയ്ക്ക് മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളി സെമിത്തേരിയില്‍ തന്നെ ദഹിപ്പിച്ച്, ഭസ്മം അടക്കം ചെയ്യാനുള്ള ആലപ്പുഴ രൂപതയുടെ തീരുമാനത്തെ തുടര്‍ന്ന് ആദ്യം ദഹിപ്പിച്ചത് ത്രേസ്യാമ്മയുടെ മൃതദേഹമാണ്. കഴിഞ്ഞയാഴ്ച മരിച്ച കാട്ടൂര്‍ സ്വദേശിനി മറിയാമ്മയുടെ സംസ്‌കാരവും ഇതിനു ശേഷം കാട്ടൂര്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ സമാനമായ ചടങ്ങുകളോടെ നടന്നു. കോവിഡ് ബാധിച്ച് മരിച്ച മറിയാമ്മയുടെ മൃതദേഹം ആരോഗ്യവകുപ്പിന് വിട്ടുകൊടുത്ത് ബന്ധുക്കള്‍ കത്തു നല്‍കിയത്, പള്ളിയില്‍ അടക്കം ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കു വഴി തെളിച്ചിരുന്നു. തുടര്‍ന്നാണ് രൂപതാ നേതൃത്വം ഇടപെട്ടത്.

മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെയും പള്ളി വികാരിയുടെയും സമ്മതവും ആരോഗ്യവകുപ്പ് നിരീക്ഷണവും ഉറപ്പാക്കി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇന്നലെ ത്രേസ്യാമ്മയുടെ മൃതദേഹം പഞ്ചായത്ത് അംഗം ഇ.വി.രാജുവിന് വിട്ടുകൊടുത്തത്. ഇവരുടെ ബന്ധുക്കളെല്ലാം ക്വാറന്റീനിലായതിനാല്‍ ആര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

ആംബുലന്‍സില്‍ പള്ളിയില്‍ എത്തിച്ച മൃതദേഹം സെമിത്തേരിക്കു നടുവില്‍ തയാറാക്കിയ ചിതയില്‍ വച്ചു. പള്ളി വികാരി ഫാ.ബര്‍ണാര്‍ഡ് പണിക്കവീട്ടില്‍, അസിസ്റ്റന്റ് വികാരി യേശുദാസ് അറയ്ക്കല്‍, ആലപ്പുഴ രൂപത ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ വൈദികര്‍ ഫാ.ക്രിസ്റ്റഫര്‍ എം.അര്‍ഥശേരില്‍, ഫാ.സാംസണ്‍ ആഞ്ഞിലിപറമ്പില്‍, ഫാ.ഫ്രാന്‍സീസ് കൊടിയനാട്, ഫാ.ജൂഡോ മൂപ്പശേരില്‍ എന്നിവര്‍ പ്രാര്‍ഥന ചൊല്ലി.

ആലപ്പുഴ രൂപത പ്രത്യേകം രൂപപ്പെടുത്തിയ പ്രാര്‍ഥനയാണ് നടത്തിയത്. കെഎല്‍സിഎ ആലപ്പുഴ രൂപത ജനറല്‍ സെക്രട്ടറി ഇ.വി.രാജു ചിതയ്ക്ക് തീ കൊളുത്തി. പിപിഇ കിറ്റ് ധരിച്ച് പഞ്ചായത്ത് അംഗവും ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്ത് പ്രസിഡന്റും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ്‌കുമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ജോസ് ഏബ്രഹാം, ആര്‍.എന്‍.പ്രശാന്ത്, എം.വിധീഷ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

താല്‍പര്യപ്പെടുന്ന കത്തോലിക്കാ സഭാംഗങ്ങള്‍ക്കു ശവദാഹം അനുവദിക്കാമെന്നു വ്യക്തമാക്കി 2016 ല്‍ വത്തിക്കാന്‍ പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. മൃതദേഹ സംസ്‌കാരമാണു സഭ പിന്തുടരുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും. എന്നാല്‍, മൃതദേഹം ദഹിപ്പിക്കുന്നതിനോടു വിരോധമില്ലെന്നും അതു വിശ്വാസത്തിന് എതിരല്ലെന്നും വിശ്വാസ തിരുസംഘം പ്രീഫെക്ട് കര്‍ദിനാള്‍ ജെറാഡ് മുള്ളറുടെ വിശദീകരണത്തില്‍ പറഞ്ഞു.

ശവദാഹം ആഗ്രഹിക്കുന്നവര്‍ക്കു സംസ്‌കാരശുശ്രൂഷകള്‍ നിഷേധിക്കരുതെന്നു കാനോനിക നിയമത്തില്‍ 1983ല്‍ സഭ വ്യക്തമാക്കിയിരുന്നു. 1990ല്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള കാനോനിക നിയമത്തിലും ഇതു വ്യക്തമാക്കി. മരിക്കുന്ന വ്യക്തി അന്തിമവിധിവേളയില്‍ പുനരുത്ഥാനം ചെയ്യുമെന്ന കത്തോലിക്കാ വിശ്വാസത്തിന് എതിരല്ല മൃതദേഹം ദഹിപ്പിക്കുന്നത്.

സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യുന്നതാണു നൂറ്റാണ്ടുകളായി കത്തോലിക്കാ സംസ്‌കാരരീതി. എന്നാല്‍, സാമ്പത്തികമോ സാമൂഹികമോ പ്രാദേശികമോ ആയ കാരണങ്ങളാല്‍ ശവദാഹം വേണമെന്നുണ്ടെങ്കില്‍ ക്രിസ്തീയ വിശ്വാസത്തിന് എതിരാവില്ല. സംസ്‌കാരശുശ്രൂഷകള്‍ക്കു ശേഷമാവണം ശവദാഹം. ശവദാഹത്തിനുശേഷം ചാരം സെമിത്തേരിയിലോ പള്ളിയിലോ ഇതിനുവേണ്ടി പ്രത്യേകം തയാറാക്കിയ സ്ഥലത്തോ സൂക്ഷിക്കണം.

കൊല്‍ക്കത്തയിലെ ചേരികളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനം വഴി ശ്രദ്ധേയനായ മലയാളി വൈദികന്‍ ഫാ. എ.സി. ജോസ് അയ്മനത്തിലിന്റെ മൃതദേഹം സലേഷ്യന്‍ സന്യാസ സഭ കഴിഞ്ഞയാഴ്ച അവിടെ ദഹിപ്പിക്കുകയായിരുന്നു. കോവിഡ് ബാധിച്ചാണ് ഫാ. ജോസ് (73) മരിച്ചത്.

മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കണമെന്ന് വത്തിക്കാനില്‍ നിന്നു പ്രത്യേക അനുവാദം വാങ്ങിയിരുന്ന കൊല്ലം രൂപതയിലെ വിശ്വാസി 2006ല്‍ മരിച്ചപ്പോള്‍ പൊതുശ്മശാനത്തില്‍ ദഹിപ്പിച്ച ശേഷം ഭസ്മം സെമിത്തേരിയില്‍ അടക്കം ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

2007 ഓഗസ്റ്റില്‍ അന്തരിച്ച സിജിഎച്ച് എര്‍ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഡൊമിനിക് ജോസഫിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. സിറോ മലബാര്‍ സഭയില്‍ മൃതദേഹം ദഹിപ്പിച്ച ആദ്യ സംഭവമായിരുന്നു അത്.

കോവിഡ് സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ മൃതശരീരം ദഹിപ്പിക്കാന്‍ അനുമതി നല്‍കാമെന്ന നിലപാടാണ് സിറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയുടേത്.

വിദേശത്തു മരിക്കുന്ന യാക്കോബായ സഭാ വിശ്വാസികളുടെ മൃതദേഹം അവിടെ ദഹിപ്പിച്ച ശേഷം ഭൗതികാവശിഷ്ടം നാട്ടില്‍ കൊണ്ടുവന്നു സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ യാക്കോബായ സഭ അനുമതി നല്‍കിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇത്തരമൊരു സാഹചര്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല.

മാര്‍ത്തോമ്മാ സഭയിലെ വൈദികരുടെ മൃതദേഹം ദഹിപ്പിക്കാന്‍ സഭയുടെ എപ്പിസ്‌കോപ്പല്‍ സിനഡ് 2016ല്‍ അനുവാദം നല്‍കിയിരുന്നു. വൈദികന്റെ അപേക്ഷ പ്രകാരം വൈദ്യുതി ശ്മശാനങ്ങളിലോ അല്ലാതെയോ മൃതദേഹം ദഹിപ്പിക്കുന്നതിന് മെത്രാപ്പൊലീത്തയ്‌ക്കോ ഭദ്രാസന എപ്പിസ്‌കോപ്പയ്‌ക്കോ അനുവാദം നല്‍കാമെന്ന് അന്നു പുറത്തിറക്കിയ കല്‍പനയില്‍ പറയുന്നു.

‘നിലവിലെ സാഹചര്യത്തില്‍ സാധാരണ മൃതസംസ്‌കാര കര്‍മം സെമിത്തേരികളില്‍ പ്രയാസമായതിനാല്‍ സര്‍ക്കാര്‍ നടപടികള്‍ക്കു ശേഷം അതത് ഇടവക സെമിത്തേരികളില്‍ മൃതദേഹം ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കും. ഇടവക കമ്മിറ്റി, വികാരി, ഇടവകയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തിലൂടെ മൊബൈല്‍ ക്രിമേഷന്‍ യൂണിറ്റുകളെ മുന്‍കൂട്ടി സംഘടിപ്പിച്ച് മുന്നൊരുക്കം നടത്തും.

കോവിഡ് ബാധിച്ചു മരിച്ച സഭാംഗങ്ങളെ സെമിത്തേരിയില്‍ ദഹിപ്പിക്കാനും ഭസ്മം അടക്കം ചെയ്യാനുമുള്ള ആലപ്പുഴ രൂപതയുടെ പ്രഖ്യാപനം ലോകം കേട്ട ഏറ്റവും മാനവികമായ പ്രഖ്യാപനമാണെന്നു മന്ത്രി ജി.സുധാകരന്‍ അഭിപ്രായപ്പെട്ടു . സ്വന്തം വീട്ടുകാരോ നാട്ടുകാരോ രോഗം മൂലം മരിക്കുമ്പോള്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ മനുഷ്യത്വരഹിതമായി തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലാണ് ആലപ്പുഴ ബിഷപ്പിന്റെ പ്രഖ്യാപനമെന്നും അദ്ദേഹത്തോട് നാട് കടപ്പെട്ടിരിക്കുന്നെന്നും മന്ത്രി പറഞ്ഞു.