ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പ്രധാനമന്ത്രി കിയർ സ്റ്റാർമർക്കെതിരായ നീക്കങ്ങൾ ശക്തമാകുന്നതിനിടെ, നേതൃമാറ്റ ശ്രമം രാജ്യത്തെ “അരാജകത്വത്തിലേക്ക് തള്ളിവിടുമെന്ന്” ലേബർ എംപിമാർക്കും മന്ത്രിമാർക്കും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് നേതൃത്വ വെല്ലുവിളിക്കൊരുങ്ങുന്നുവെന്ന സൂചനകൾക്കിടെ, സർക്കാർ പ്രവർത്തനങ്ങൾ നിലച്ചുപോകാതിരിക്കാൻ ഐക്യം അനിവാര്യമെന്ന് സ്റ്റാർമർ ആവർത്തിച്ചു. വ്യാഴാഴ്ചയ്ക്കകം നേതൃമത്സരം തുടങ്ങാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാർലമെന്റിൽ നടന്ന കിങ്സ് സ്പീച്ച് ചർച്ചയിൽ ആരോഗ്യരംഗം, ഭവനനിർമാണം, കുടിയേറ്റം എന്നിവയിൽ “വിപ്ലവകരമായ പരിഷ്‌കരണങ്ങൾ” നടപ്പാക്കുമെന്ന വാഗ്ദാനവുമായി സ്റ്റാർമർ എംപിമാരെ ഒപ്പം നിർത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട് . എൻഎച്ച്എസ് പുനഃപരിഷ്കരണം,, ഡിജിറ്റൽ ഐഡി, ജ്യൂറി വിചാരണ നിയന്ത്രണം, ബ്രിട്ടീഷ് സ്റ്റീൽ ദേശീയവത്കരണം, യൂറോപ്യൻ യൂണിയനുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയ നിർദേശങ്ങളാണ് ജനവിശ്വാസം ആർജിക്കാൻ സർക്കാർ മുന്നോട്ടുവെച്ചത്. എന്നാൽ, ജനങ്ങൾ പ്രതീക്ഷിക്കുന്ന മാറ്റത്തിന്റെ തീവ്രത സ്റ്റാർമറുടെ നേതൃത്വത്തിൽ കാണുന്നില്ലെന്ന വിമർശനവുമായി നിരവധി ലേബർ എംപിമാർ തന്നെ രംഗത്തെത്തി.

അതേസമയം, കൺസർവേറ്റീവ് നേതാവ് കെമി ബാഡിനോക്ക് പാർലമെന്റിൽ സ്റ്റാർമറിനെയും സ്ട്രീറ്റിംഗിനെയും രൂക്ഷമായി പരിഹസിച്ചു. ലേബറിനുള്ളിലെ കലാപം സർക്കാരിനെ ദുർബലമാക്കുകയാണെന്നായിരുന്നു അവരുടെ ആരോപണം. മറുവശത്ത്, ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാമിന്റെ പേരും ഭാവി നേതൃത്വചർച്ചകളിൽ ഉയർന്നു വരുന്നുണ്ട്. എംപിമാരുടെ പിന്തുണ ഉറപ്പാക്കാൻ മന്ത്രിമാർ സജീവമായ നീക്കങ്ങൾ തുടരുന്നതിനിടെ, ലേബർ പാർട്ടിക്കുള്ളിലെ അധികാര പോര് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രധാന ചർച്ചയായി മാറിയിരിക്കുകയാണ്.