ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ഒരു വർഷത്തിനിടെ പാഴാക്കപ്പെടുന്ന മരുന്നുകളുടെ അളവ് 75 നീന്തൽക്കുളങ്ങൾ നിറയ്ക്കാൻ മതിയാകുന്നതാണെന്ന് നാഷണൽ ഫാർമസി അസോസിയേഷൻ (എൻപിഎ) റിപ്പോർട്ട് ചെയ്തു. 2024-25 കാലയളവിൽ ഏകദേശം 3,400 ടൺ ഭാഗികമായി ഉപയോഗിച്ച മരുന്നുകളാണ് ഉപേക്ഷിക്കപ്പെട്ടതെന്നും ഇത് ദേശീയ ആരോഗ്യ സേവനമായ എൻഎച്ച്എസിന് പ്രതിവർഷം കുറഞ്ഞത് 48 കോടി പൗണ്ടിന്റെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

രോഗികൾ ആവശ്യത്തിനുമപ്പുറം മരുന്നുകൾ ഓർഡർ ചെയ്യുന്നതും ആവർത്തിച്ചുള്ള കുറിപ്പടികളുടെ കൃത്യമായ അവലോകനം നടക്കാത്തതുമാണ് പാഴാക്കൽ വർധിക്കാൻ പ്രധാന കാരണങ്ങളെന്ന് എൻപിഎ ചൂണ്ടിക്കാട്ടി. ഫാർമസിയിൽ നിന്ന് പുറത്തുപോയ മരുന്നുകൾ തുറക്കാതിരുന്നതായാലും വീണ്ടും ഉപയോഗിക്കാൻ കഴിയാത്തതിനാൽ അവ നശിപ്പിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. അതിനാൽ യഥാർഥത്തിൽ ആവശ്യമായ മരുന്നുകൾ മാത്രം ആവശ്യപ്പെടണമെന്ന് സംഘടന പൊതുജനങ്ങളോട് അഭ്യർഥിച്ചു.

മരുന്ന് പാഴാക്കൽ സാമ്പത്തിക നഷ്ടം മാത്രമല്ല, പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ഉപയോഗിക്കാതെ ശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ പിന്നീട് വൈദ്യോപദേശമില്ലാതെ ഉപയോഗിക്കുന്നത് മരുന്നുകളോടുള്ള പ്രതിരോധശേഷി വർധിക്കാൻ കാരണമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി. മരുന്നുകളുടെ ഉപയോഗം നിരന്തരം വിലയിരുത്തുന്നതും ആവശ്യത്തിന് മാത്രം മരുന്ന് വാങ്ങുന്നതുമാണ് പ്രശ്നത്തിന് പരിഹാരമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.










Leave a Reply