വാഷിംഗ്ടണ്‍: ലോകപോലീസാകാന്‍ ശ്രമിക്കേണ്ടെന്ന് അമേരിക്കയ്ക്ക് പ്രസിഡന്റ് ഒബാമയുടെ നിര്‍ദേശം. ഈ വര്‍ഷത്തെ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ സ്പീച്ചിലാണ് ഒബാമയുടെ ആഹ്വാനം. ലോകത്തെ ഏറ്റവും ശക്തമായ രാജ്യം തന്നെയാണ് അമേരിക്ക. അതുകൊണ്ടുതന്നെ ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. എന്നാല്‍ ലോകപോലീസാകാന്‍ ശ്രമിക്കേണ്ടതില്ലെന്നാണ് ഒബാമ നിര്‍ദേശിച്ചത്. അമേരിക്കയുടെ സാമ്പത്തിക ഭാവിയെ കുറിച്ച് ആശങ്കയില്ല. ലോകത്തെ ഏറ്റവും ശക്തവും ഈടുനില്‍ക്കുന്നതുമായ സമ്പദ് വ്യവസ്ഥയാണ് അമേരിക്കയുടേതെന്നും ഒബാമ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് യു.എസ് കോണ്‍ഗ്രസില്‍ ജനുവരിയില്‍ നടത്താറുള്ള നയപ്രഖ്യാപന പ്രസംഗമാണ് സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ സ്പീച്ച്. അടുത്ത വര്‍ഷം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളാണ് ഈ പ്രസംഗത്തിലെ പ്രതിപാദ്യ വിഷയം. അമേരിക്കയില്‍ ഈ വര്‍ഷമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ സ്ഥാനമൊഴിയുന്ന ഒബാമയുടം വിടവാങ്ങല്‍ പ്രസംഗമായി ഇത് മാറുകയായിരുന്നു. അടുത്ത വര്‍ഷത്തെ കാര്യങ്ങളെ കുറിച്ചല്ല തനിക്ക് പറയാനുള്ളത് അമേരിക്കയുടെ ഭാവിയെ കുറിച്ചാണെന്ന് പറഞ്ഞാണ് ഒബാമ പ്രസംഗം തുടങ്ങിയത്.

അമേരിക്കയുടെ സമ്പദ് വ്യവസ്ഥ നാശത്തിലാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് കെട്ടുകഥ മാത്രമാണ്. പൗരന്മാര്‍ക്കിടയില്‍ പരസ്പരവിശ്വാസമുണ്ടാകല്‍ ജനാധിപത്യത്തിന് അനിവാര്യമാണ്. അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന. ഐസിസിനെ വേട്ടയാടി വേരോടെ പിഴുതുകളയണം. ഐസിസ് ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ല. അമേരിക്കയുടെ സഖ്യകക്ഷികളെ നിരന്തരം അക്രമിക്കുന്ന ഐ.എസ് ഇന്റര്‍നെറ്റ് വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. ഐ.എസിനെതിരായ പോരാട്ടം മൂന്നാം ലോകമഹായുദ്ധമല്ല, അവരെ ഇല്ലാതാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്ത്വമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹം വിമര്‍ശിച്ചു. മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ ജനങ്ങളെ ലക്ഷ്യം വയ്ക്കുന്ന ഏതു രാഷ്ട്രീയത്തെയും തിരസ്‌കരിക്കണം. രാഷ്ട്രീയക്കാര്‍ മുസ്‌ലിംകളെ അവഹേളിക്കുന്നതും പള്ളികള്‍ നശിപ്പിക്കുന്നതും കുട്ടികളെ അധിക്ഷേപിക്കുന്നതും തെറ്റാണെന്നും അതൊരിക്കലും നമ്മെ സുരക്ഷിതരാക്കില്ലെന്നും ഒബാമ പറഞ്ഞു. ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാനുള്ള തന്റെ ശ്രമങ്ങള്‍ തുടരും.

കാര്യക്ഷമമായ ക്രിമിനല്‍ ജസ്റ്റീസ് പരിഷ്‌ക്കരണം നടപ്പാക്കുക, മയക്കുമരുന്നു ഉപയോഗം വര്‍ധിക്കുന്നതിനെ നേരിടുക, ഐഎസിനെതിരെ സൈന്യത്തെ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കുക, ക്യൂബയ്‌ക്കെതിരായ ഉപരോധം പിന്‍വലിക്കുക എന്നിവയാണ് ഈ വര്‍ഷത്തെ ലക്ഷ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. തോക്കു നിയന്ത്രണത്തിന് നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തോക്കു നിയന്ത്രണത്തിനായുള്ള നയം പ്രഖ്യാപിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഒബാമ വികാരാധീനനായിരുന്നു. അക്രമികളുടെ വെടിയേറ്റു മരിച്ച കുട്ടികളേക്കുറിച്ച് പറഞ്ഞപ്പോളായിരുന്നു ഒബാമ വിതുമ്പിയത്. എന്നാല്‍ പ്രസംഗത്തിനിടെ ഒബാമ കരയാനായി ഉള്ളി ഉപയോഗിച്ചുവെന്ന പരിഹാസവും ഇതിന്റെ പേരില്‍ ഉയര്‍ന്നിരുന്നു.