ഷിബു മാത്യൂ
‘കല്ലുകളും കഥ പറയും’. കന്യാകുമാരി മുതല്‍ ആദ്യ ഒളിംപിക്‌സ് നടന്ന ഗ്രീസിലെ ഏദന്‍സില്‍ നിന്നു വരെയുള്ള കല്ലുകളുടെ ശേഖരം. ഒരു സെന്റീ മീറ്റര്‍ മുതല്‍ ഒന്നര കിലോ വരെ വലിപ്പമുള്ള നാല്‍പ്പത്തിരണ്ട് കല്ലുകള്‍. അതും അവിശ്വസനീയമായ രൂപത്തില്‍. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പതിനാറ് വര്‍ഷത്തെ കല്ലുകളുടെ ശേഖരമാണ് യുകെയിലെ യോര്‍ക്ഷയറിലുള്ള വെയ്ക്ക്ഫീല്‍ഡില്‍ താമസിക്കുന്ന അഞ്ചു കൃഷ്ണന്റെ വീട്ടിലുള്ളത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച കല്ലുകളില്‍, അതാത് സ്ഥലത്തിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍ ചിത്രങ്ങളാക്കുകയാണ് അഞ്ചുവിപ്പോള്‍. വാട്ടര്‍ കളറില്‍ തീര്‍ത്ത ആദ്യ ചിത്രം ഒലിവ് ശിഖരങ്ങളാണ്. ലോകത്തിന് മുഴുവന്‍ പുത്തന്‍ ഉണര്‍വ്വ് നല്‍കിയ ആദ്യ ഒളിംപിക്‌സിന് വിജയികള്‍ക്കുള്ള കിരീടമായി നല്‍കിയ ഒലിവ് ശിഖരങ്ങള്‍. ലോകത്തിനെ ഒന്നായി കൊറോണ വൈറസ് കാര്‍ന്നുതിന്നാനൊരുങ്ങുന്ന ഇക്കാലത്ത്, ആതുരസേവന രംഗത്ത് ദിനരാത്രം പണിയെടുക്കുന്നവര്‍ ഒട്ടും തളരാരെ ഈ മഹാമാരിയെ നേരിടാനുള്ള മാനസീകമായ ഒരു ഊര്‍ജ്ജം നല്‍കാന്‍ ആദ്യ ഒളിംപിക്‌സിലെ കിരീടമായ ഒലിവ് ചില്ലകള്‍ നല്‍കുന്ന സന്ദേശത്തിനാകുമെന്ന് അഞ്ചു പറയുന്നു. അതു കൊണ്ടാണ് ആദ്യ ചിത്രം ഒലിവ് ചില്ലകളില്‍ തുടങ്ങിയത്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങള്‍ കല്ലുകളില്‍ വരച്ചു കഴിഞ്ഞു.

കല്ലുകള്‍ക്കും കഥയുണ്ട്. ഇപ്പോള്‍ കാണാന്‍ ഭംഗിയുള്ള കല്ലുകള്‍ക്ക് വികൃതമായ ഒരു രൂപമുണ്ടായിരുന്നു. മഴയില്‍ കുതിര്‍ന്നും കാറ്റിലുരുണ്ടും വെള്ളത്തിലൊഴുകിയും പ്രകൃതിയുടെ എല്ലാ ക്ഷോഭങ്ങളേയും ശക്തമായ നേരിട്ടപ്പോഴാണ് ആ കല്ലുകള്‍ ഭംഗിയുള്ള കല്ലുകളായി മാറിയത്. കേവലം ഒരു രാത്രിയിലെ സഹനമോ വെളുത്തപ്പോള്‍ ഉണ്ടായ സൗന്ദര്യമോ അല്ല ഇത്. ഇത് ഒരു വലിയ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ഇതിലും വലിയ വ്യാധിയെ ലോകം നേരിട്ടിട്ടുണ്ട് എന്നും ഓര്‍ക്കേണ്ടതുണ്ട്.

കല്ലുകളോടുള്ള താല്പര്യം ചെറുപ്പം മുതല്‌ക്കേ എനിക്കുണ്ടായിരുന്നു. ഒറ്റപ്പാലത്താണ് ഞങ്ങളുടെ വീട്. സാമ്പത്തികമായി ഒരു സാധാരണ കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛനും അമ്മയും ഒരു സഹോദരിയുമടങ്ങുന്ന കുടുംബത്തോടൊപ്പം അവധിക്കാലമാഘോഷിക്കാന്‍ സാധാരണ പോകുന്നത് അമ്പലങ്ങളിലായിരിക്കും. സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമായ കാലമായിരുന്നതുകൊണ്ട് പലപ്പോഴും ഞങ്ങള്‍ക്ക് ഒന്നും തന്നെ വാങ്ങി തരാന്‍ അച്ഛന് സാധിച്ചിരുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ കന്യാകുമാരിയിലുമെത്തി. അവിടുത്തെ കടല്‍ തീരത്തു നിന്നാണ് ആദ്യത്തെ കല്ലെടുത്തത്. കണാന്‍ ഭംഗിയുള്ള കല്ലിന് ശിവലിംഗത്തിന്റെ രൂപസാദൃശ്യവുമുണ്ടായിരുന്നു. യാത്രകളെ ഓര്‍ക്കാന്‍ ചിലവില്ലാത്ത സമ്മാനങ്ങളായി കല്ലുകള്‍ പതിയെ മാറിതുടങ്ങി. അച്ഛനാണ് ഈ ആശയം മുന്നോട്ട് വെച്ചതെങ്കിലും കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഭര്‍ത്താവും അതേ പാത പിന്തുടര്‍ന്നു. വിദേശയാത്രയ്ക്ക് പോകുമ്പോള്‍ ഞാന്‍ കല്ലുകള്‍ ശേഖരിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യമൊക്കെ ഒരു തമാശയായിട്ടാണ് അദ്ദേഹമതെടുത്തത്. ചിലവില്ലാതെ കിട്ടുന്ന സന്തോഷമല്ലേ.. ധാരാളം പെറുക്കിക്കോളൂ എന്നൊരു കമന്റും. പക്ഷേ, ഒരിക്കല്‍ ഒരു പണി കിട്ടി. മകന് രണ്ടര വയസ്സുള്ളപ്പോള്‍ ഞങ്ങള്‍ അയര്‍ലന്‍ണ്ടില്‍ ഹോളിഡെയ്ക്ക് പോയി. മടങ്ങവെ അവന്‍ അവിടെ നിന്നും ഒന്നര കിലോയോളം തൂക്കം വരുന്ന ഒരു കല്ലെടുത്തു. അത് കൂട്ടത്തില്‍ കൊണ്ടുവരാന്‍ വേണ്ടി വാശിയും ഒപ്പം കരച്ചിലും ആരംഭിച്ചു. ഡൊമസ്റ്റിക് ഫ്‌ലൈറ്റ് ആയതു കൊണ്ട് ലഗേജിന് പരിമിതികള്‍ ഉണ്ടായിരുന്നു. അവസാനം എഴുപത്തിയഞ്ച് പൗണ്ട് ഏയര്‍പോര്‍ട്ടില്‍ കെട്ടിവെച്ച് കല്ലുമായി പോരേണ്ടി വന്നു. ആ കല്ലും മഞ്ചുവിന്റെ ശേഖരത്തിലുണ്ട്. യുകെയില്‍ പലയിടത്തും ഞങ്ങള്‍ യാത്ര ചെയ്തു. നാട് വിട്ടു വരുമ്പോള്‍ എല്ലാം പുതുമയാണല്ലോ! ഓരൊ ടൗണിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. അവിടുത്തെ കല്ലുകള്‍ക്കും ആ രാജ്യത്തിന്റെ സംസ്‌കാരവുമായി ബന്ധമുണ്ടെന്ന് പരിചയത്തിന്റെ വെളിച്ചത്തില്‍ അഞ്ചു പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊറോണ കാലത്ത് വീടുകളില്‍ ആളുകള്‍ ഒതുങ്ങി കൂടുന്ന അവസരത്തിലാണ് ‘കല്ലുകളും കഥ പറയും’ എന്ന ഒരു വേറിട്ട ആശയവുമായി അഞ്ചു മുന്നോട്ടു വന്നത്. പല എപ്പിസോഡുകളായി കല്ലുകളില്‍ വരച്ച ചിത്രങ്ങള്‍ അതാതു സ്ഥലങ്ങളിലെ പ്രത്യേകതകള്‍ വിവരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്റെ അമ്മയുടെയും പ്രിയ കൂട്ടുകാരികളായ ഡെല്‍ഹിയിലുള്ള ഷീജയും, പാലക്കാട്ടുള്ള മിനിയും യുകെയിലുള്ള ഡോ. മഞ്ചുവും
ഡോ. നിഷയുടേയുമൊക്കെ പ്രജോദനം ഇതിന്റെ പിന്നിലുണ്ട്. ഹൃദ്യമായ സ്വീകരമാണ് ആദ്യ എപ്പിസോഡിന് ഇതിനോടൊപ്പം ലഭിച്ചത്.

വെയ്ക്ഫീല്‍ഡില്‍ സ്ഥിരതാമസയായ അഞ്ചു കൃഷ്ണന്‍ സ്‌കൂള്‍ അധ്യാപികയാണ്. ഭര്‍ത്താവ് ഡോ. കൃഷ്ണന്‍ മിലാര്‍കോട് NHS ല്‍ ജോലി ചെയ്യുന്നു. ഒരു മകനുണ്ട്. ആദിത്യ കൃഷ്ണന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. വരും ദിവസങ്ങളില്‍ കല്ലുകളും കഥ പറയും എന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ദൃശ്യമാകും. മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങള്‍.