ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മാലിക് കൊടുങ്കാറ്റ് മണിക്കൂറുകൾക്കുള്ളിൽ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 80 മൈൽ വേഗതയിൽ വരെ കാറ്റ് വീശും. ഇത് മൂലം വാരാന്ത്യത്തിൽ യുകെയുടെ വടക്കൻ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുന്ന മാലിക്, കിഴക്കോട്ട് നീങ്ങുമ്പോൾ വേഗത കുറയും. അതേസമയം ശൈത്യം കഠിനമായാൽ യൂറോപ്പിലാകെ കടുത്ത ഊർജ്ജക്ഷാമം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. താപനില ഇനിയും കുറഞ്ഞാൽ ഇന്ധനചെലവ് വർധിക്കും. ഇത് മൂലം ഇലക്ട്രിസിറ്റി ബ്ലാക്ക്ഔട്ടുകള്‍ ഉണ്ടാകുമെന്നും ഊർജ്ജ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി.

വടക്ക് പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഗ്യാസ് വിതരണം റഷ്യ വർധിപ്പിച്ചാൽ വില ഉയരും. എന്നാൽ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷം പ്രതിദിനം ശക്തമാകുന്നതിനാൽ യൂറോപ്പിലേക്കുള്ള പ്രകൃതിവാതകത്തിന്റെയും പെട്രോളിന്റെയും ഒഴുക്ക് നിയന്ത്രിക്കാൻ റഷ്യ തീരുമാനിച്ചേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ലോകമാകമാനം ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസിന്റെ ഉത് പാദനം വര്‍ദ്ധിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ ആഹ്വാനം ചെയ്തത്.

യുകെയുടെ വാതകത്തിന്റെ 3% മാത്രമാണ് റഷ്യയിൽ നിന്ന് വിതരണം ചെയ്യുന്നതെങ്കിലും, യൂറോപ്പിന് മൊത്തത്തിൽ ലഭിക്കുന്ന 35% വുമായി താരതമ്യം ചെയ്യുമ്പോൾ, കുടുംബങ്ങൾക്ക് അതിന്റെ ആഘാതം അനുഭവിക്കേണ്ടി വരും. ഫെബ്രുവരിയിൽ തണുപ്പ് റെക്കോർഡ് നിലയിലെത്തുമെന്ന് ലാഡ്‌ബ്രോക്ക്‌സ് ചൂണ്ടിക്കാട്ടി.