ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സ്‌ട്രെപ്റ്റോകോക്കസ് എ ബാക്ടീരിയ ബാധിച്ച് ലണ്ടനിൽ ഏഴാമത്തെ കുട്ടിയും മരണപ്പെട്ടതോടെ മാതാപിതാക്കളും ഡോക്ടർമാരും കടുത്ത ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി കഴിഞ്ഞിരിക്കുകയാണ്. ലണ്ടനിലെ ഒരു സ്‌കൂളിൽ പഠിക്കുന്ന 12 വയസ്സുകാരൻ ഏറ്റവും പുതിയ ഇരയായതിനെ തുടർന്ന് ആരോഗ്യ മേധാവികൾ ജനറൽ പ്രാക്ടീഷണർമാർക്ക് അടിയന്തര നിർദ്ദേശം നൽകി കഴിഞ്ഞു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട്. സ്ട്രെപ്പ് എ യുടെ മിക്ക കേസുകളും തീവ്രതയില്ലാത്തവയാണെങ്കിലും, മാതാപിതാക്കൾ രോഗലക്ഷണങ്ങളെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് കാബിനറ്റ് മന്ത്രി നാദിം സഹാവി ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് അടിയന്തര ആരോഗ്യ സന്ദേശം നൽകിയിരിക്കുന്നത്. അതേസമയം, സ്ട്രെപ്പ് എ ബാധിച്ച് വെന്റിലേറ്ററിൽ ജീവനുവേണ്ടി മല്ലിടുന്ന ബോൾട്ടണിൽ നിന്നുള്ള നാല് വയസ്സുകാരി കാമില റോസ് ബേൺസ് ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ തുടരുകയാണ്. ക്ലാസ് റൂമുകളിൽ നിന്ന് രോഗം പടരുന്നതിനാൽ ആയിരക്കണക്കിന് മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത് തൽക്കാലം നിർത്തുവാൻ തീരുമാനിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിലെ സാഹചര്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ചെറിയ രോഗലക്ഷണങ്ങൾ പോലും മാതാപിതാക്കൾ ജാഗ്രതയോടെ ശ്രദ്ധിക്കണമെന്ന് നിർദ്ദേശമാണ് ആരോഗ്യ ഏജൻസി നൽകുന്നത്. സാധാരണയായി ഗ്രൂപ്പ് എ സ്ട്രെപ്പ് ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകൾ കടുത്ത തീവ്രത ഇല്ലാത്തതും, തൊണ്ടവേദന, ചർമ്മത്തിലെ അണുബാധ പോലുള്ള ലക്ഷണങ്ങളോട് കൂടിയതുമാണ്. എന്നാൽ ചിലരിൽ ഇത് ഗുരുതരമായ സ്കാർലെറ്റ് ഫീവർ എന്ന രോഗത്തിന് കാരണമാകുന്നുണ്ട്.

എന്നാൽ ഈ രോഗവും ഭൂരിഭാഗം സാഹചര്യങ്ങളിലും ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. എന്നാൽ വളരെ കുറച്ച് ആളുകളിൽ, ഗ്രൂപ്പ് എ സ്ട്രെപ്പ് അണുബാധ ശരീരത്ത് ആഴത്തിൽ ബാധിക്കും. ചിലപ്പോൾ ശ്വാസകോശത്തിലേക്കും രക്തസ്ട്രീമിലേക്കും ബാധിക്കുന്ന ഈ ബാക്ടീരിയ ഇൻവേസിവ് ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് എന്ന അസുഖത്തിന് കാരണമാകുന്നു. ഈ രോഗം ചികിത്സിച്ചു ഭേദമാക്കുവാൻ വളരെയധികം പ്രയാസമാണ്. കടുത്ത പനി, വിശപ്പില്ലായ്മ, ഡീഹൈഡ്രേഷൻ, സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, അമിതമായ ഉറക്കം തൂങ്ങുന്ന അവസ്ഥ എന്നിവയൊക്കെ ഇത്തരം അണുബാധയുടെ ലക്ഷണങ്ങളാണ്. അതിനാൽ തന്നെ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശവും ആരോഗ്യവകുപ്പ് നൽകി കഴിഞ്ഞു.