വിഴിഞ്ഞത്ത് സമരം കടുപ്പിക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. മറ്റന്നാള്‍ മുതല്‍ ഉപവാസ സമരം ആരംഭിക്കും. ഡോ എം സൂസപാക്യം, ഡോ തോമസ് ജെ നെറ്റോ എന്നിവര്‍ തുറമുഖ കവാടത്തില്‍ ഉപവാസമിരിക്കും. വലിയതുറ, കൊച്ചു തോപ്പ് ഇടവകകള്‍ ഇന്ന് പ്രതിഷേധത്തിന് നേതൃത്വം നല്കും.

എന്നാല്‍ സമരം സമാധാനപരമായി മതിയെന്നാണ് നിര്‍ദേശം. തുറമുഖ നിര്‍മാണം നിര്‍ത്തി വച്ച് പഠനമെന്നതുള്‍പ്പെടെ ഏഴ് ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സമരസമിതി വ്യക്തമാക്കി. തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണമെന്നാണാവശ്യം.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. പൊലീസിന് സംരക്ഷണം നല്‍കാനായില്ലെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

തുറമുഖ നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തി പ്രതിഷേധിക്കാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്നാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയത്. സമാധാനപരമായി മാത്രമേ പ്രതിഷേധിക്കാവു, പദ്ധതി തടസ്സപ്പെടുത്താനോ, പ്രദേശത്ത് അതിക്രമിച്ചു കയറുവാനോ പാടില്ലെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു.