ലണ്ടന്‍: കോടതി ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി മിനിറ്റുകള്‍ക്കുള്ളില്‍ കാറോടിച്ച വിദ്യാര്‍ത്ഥിക്ക് ജയില്‍ ശിക്ഷ. 20കാരനായ സെയിഫ് ഷെയ്ക്കിനാണ് യു.കെ കോടതി 12 ആഴ്ച്ച തടവ് ശിക്ഷ വിധിച്ചത്. ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ കോടതി തന്നെ ഡ്രൈവ് ചെയ്യുന്നതില്‍ നിന്നും നിരോധിച്ച കാര്യം തനിക്ക് മനസിലായില്ലായിരുന്നുവെന്ന് ഇയാള്‍ വാദിച്ചു. പക്ഷേ പ്രതിയുടെ വാദം കോടതി മുഖവിലക്കെടുത്തില്ല. കോടതി ഇയാളെ ഡ്രൈവ് ചെയ്യുന്നതില്‍ നിന്ന് നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് കേട്ട ശേഷം കോടതി കെട്ടിടത്തിന് പുറത്ത് നിര്‍ത്തിയിരിക്കുന്ന തന്റെ വാഹനത്തില്‍ കയറി ഇയാള്‍ വീട്ടിലേക്ക് പോയി. ഷെയ്ക്ക് ഡ്രൈവ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ഫോട്ടോഗ്രാഫര്‍ ഇയാളുടെ ചിത്രം പകര്‍ത്തിയതോടെയാണ് വിഷയം കോടതി അറിയുന്നത്.

പിന്നീട് ഷെയ്ക്കിന്റെ വസതിയിലെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. വിധി മനസിലായില്ലെന്ന പ്രതിയുടെ വാദം തള്ളിയ കോടതി 12 ആഴ്ച്ചത്തേക്ക് ശിക്ഷ വിധിക്കുകയായിരുന്നു. ഗുരുതരമായ നിയമലംഘനമാണ് പ്രതി നടത്തിയതെന്ന് മാഞ്ചസ്റ്റര്‍ കോടതി നിരീക്ഷിച്ചു. റദ്ദാക്കപ്പെട്ട ലൈസന്‍സ് ഉപയോഗിച്ച വാഹനമോടിക്കുക, ഇന്‍ഷൂറന്‍സില്ലാതെ വാഹനമോടിക്കുക തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണ് പ്രതി നടത്തിയിരിക്കുന്നത്. അത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. കോടതി ഉത്തരവിനെക്കുറിച്ച് പ്രതിക്ക് വ്യക്തമായ ധാരണയുണ്ടായിട്ടും നിയമം ലംഘിക്കുകയാണ് ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.

ഷെയ്ക്ക് കോടതി ഉത്തരവിന് ശേഷം വാഹനമോടിക്കുന്ന ചിത്രങ്ങള്‍ കോടതിക്ക് മുന്നില്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. 14-ാമത്തെ വയസില്‍ പിതാവിനെ നഷ്ടപ്പെട്ട വ്യക്തിയാണ് ഷെയ്‌ക്കെന്നും കുടുംബത്തിന്റെ ബാധ്യത മുഴുവന്‍ തലയിലുള്ള വിദ്യാര്‍ത്ഥിയെന്ന പരിഗണന നല്‍കണമെന്നും പ്രതിഭാഗം വാദിച്ചു. ഷെയ്ക്കിന്റെ ഭാവിയെ ഗുരുതരമായി ശിക്ഷ ബാധിക്കുമെന്നും പ്രതിഭാഗം കോടതിയോട് പറഞ്ഞു. എന്നാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ്, ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് ബിരുദ വിദ്യാര്‍ത്ഥിയാണ് ഷെയ്ക്ക്.